മുഖത്തിന്റെ ഒരു വശം കോടുകയും ബലക്ഷയം വരുത്തുകയും ചെയ്യുന്ന ‘ബെൽസ് പാൾസി’യെ കുറിച്ച് കൂടുതലറിയാം
ബെൽസ് പാൾസി എന്ന രോഗം ബാധിച്ചതിനെക്കുറിച്ച് അടുത്തിടെ സിനിമാ-സീരിയൽ താരം മനോജ് കുമാർ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ നടനും അവതാരകനുമായ മിഥുൻ രമേശും ഇതേ രോഗം ബാധിച്ചിരിക്കുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് മിഥുൻ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
പലരെ സംബന്ധിച്ചും അത്ര പരിചിതമല്ലാത്തൊര പേരാണ് ബെൽസ് പാൾസി എന്നത്. എന്താണ് ബെൽസ് പാൾസി എന്ന രോഗാവസ്ഥ, എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
പ്രത്യേക കാരണങ്ങളൊന്നും കൂടാതെ തന്നെ ചിലപ്പോൾ ഈ അവസ്ഥയിലേക്ക് എത്തിച്ചേരാം. തലച്ചോറിൽ നിന്നും പുറപ്പെടുന്ന ഏഴാം നമ്പർ ക്രേനിയൻ ഞരമ്പുമായി ബന്ധപ്പെട്ടാണ് പൊതുവെ ബൾസ് പാൾസി കാണപ്പെടുന്നത് എന്നും പഠനങ്ങൾ പറയുന്നുണ്ട്. വളരെ ഇടുങ്ങിയതും വളവുകളും തിരിവുകളും നിറഞ്ഞതുമായ പാതയിലൂടെയാണ് ഈ ഞരമ്പ് കടന്നു പോവുന്നത്. ഈ പാതയിലെ ഞെരുക്കമാണ് ബെൽസ് പാൾസി പോലുള്ള അവസ്ഥകളിലേക്ക് നയിക്കുന്നത്. അണുബാധയോ നീർക്കെട്ടോ വന്ന് ഈ ഭാഗത്തെ ഞരമ്പിന്റെ പ്രവര്‍ത്തനം കുറയുന്നതാണ് പ്രധാന കാരണം.
എന്താണ് ബെൽസ് പാൾസി?
മുഖത്തിന്റെ ഒരുവശത്തെ മസിലുകൾക്ക് പെട്ടെന്ന് തളർച്ച സംഭവിക്കുന്ന അവസ്ഥയാണിത്. മിക്ക രോഗികളിലും ആഴ്ച്ചകൾക്കുള്ളിൽ ലക്ഷണങ്ങൾ ഭേദമായി രോഗം സുഖപ്പെടാറാണ് പതിവ്. ചിലരിൽ മുഖത്തിന്റെ ഒരുവശം താഴേക്ക് തൂങ്ങിയതുപോലെ കോടിപ്പോവുകയും ചെയ്യാം. ബാധിക്കപ്പെട്ട വശത്തെ കണ്ണ് അടയ്ക്കാനോ ചിരിക്കാനോ കഴിയുകയുമില്ല.
അക്യൂട്ട് പെരിഫെറൽ ഫേഷ്യൽ പാൾസി എന്നും ഈ രോഗം അറിയപ്പെടുന്നു. ഏതു പ്രായത്തിലും ലക്ഷണങ്ങൾ കാണാം. രോഗത്തിന് പിന്നിലെ യഥാർഥ കാരണം വ്യക്തമല്ല. മുഖത്തിന്റെ ഒരുവശത്തെ മസിലുകളെ നിയന്ത്രിക്കുന്ന നാഡിയുടെ വീക്കമാകാം കാരണമെന്നും വിദഗ്ധർ കരുതുന്നു. ചില വൈറൽ ഇൻഫെക്ഷനുകൾക്കു ശേഷവും ഈ അവസ്ഥ കാണപ്പെടാറുണ്ടെന്ന് വിദഗ്ധർ പറയുന്നുണ്ട്.
ആഴ്ച്ചകൾക്കുള്ളിൽ ലക്ഷണങ്ങൾ ഭേദപ്പെടാറാണ് പതിവ്. മിക്കയാളുകളിലും ആറു മാസത്തിനുള്ളിൽ രോഗമുക്തി നേടാം. ഒന്നിലധികം പ്രാവശ്യം രോഗം വരാനുള്ള സാധ്യതയും കുറവാണ്.
ലക്ഷണങ്ങൾ:
മുഖത്തിന്റെ ഒരുവശം തളർന്നുപോവുക
കണ്ണ് അടയ്ക്കുക, ചിരിക്കുക പോലെ മുഖം കൊണ്ടുള്ള പ്രവൃത്തികൾ ചെയ്യാൻ കഴിയാതിരിക്കുക
വായയുടെ ഒരുവശത്തുകൂടി തുപ്പൽ ഒലിക്കുക
രോഗം ബാധിച്ച വശത്തെ താടിക്ക് ചുറ്റുമോ ചെവിക്കു പിന്നിലോ വേദന അനുഭവപ്പെടുക
തലവേദന
രുചി അനുഭവപ്പെടാതിരിക്കുക
കണ്ണുനീരിന്റെയും തുപ്പലിന്റെയും അളവിലുള്ള വ്യത്യാസം
ഏതു ലക്ഷണങ്ങൾ അനുഭവപ്പെട്ടാലും ഡോക്ടറുടെ വിദഗ്ധ ഉപദേശം തേടേണ്ടതാണ്. സ്ട്രോക്കും ബെൽസ് പാൾസിയും തമ്മിൽ ബന്ധമില്ലെങ്കിലും രണ്ടിന്റെയും ലക്ഷണങ്ങൾ സമാനമായതിനാൽ സ്ട്രോക് തിരിച്ചറിയപ്പെടാതെ പോകാനും സാധ്യതയുണ്ട്.