ദിവസം എത്ര പ്രാവശ്യം മുഖം കഴുകണം ? ഇതാ ചില വിവരങ്ങള്‍
തുടർച്ചയായുള്ള മുഖം കഴുകൽ ചർമ്മത്തിന്റെ സൗന്ദര്യത്തിനും ആരോഗ്യത്തിനും നല്ലതാണോ? മുഖത്തെ അഴുക്ക് നീക്കം ചെയ്യാൻ ഇത് സഹായിക്കുമെന്നാണ് പലരും കഴുകുന്നത്. ഇടക്കിടക്ക് മുഖം കഴുകുന്നത് നല്ലതോ ചീത്തയോ എന്ന് പരിശോധിക്കാം.
മുഖം ഇപ്പോഴും ഭംഗിയായും വൃത്തിയായും സൂക്ഷിക്കാൻ നാം കൂടുതൽ ശ്രദ്ധ ചെലുത്താറുണ്ട്. മുഖകാന്തി വർധിപ്പിക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറാണ് നമ്മിൽ പലരും. ശരിയല്ലേ? വിപണിയിലുള്ള പല ക്രീമുകളും ലോഷനുകളും ഒക്കെ കണക്കില്ലാതെ വാങ്ങിക്കൂട്ടുകയും ചെയ്യും. അതെ സമയം തന്നെ പ്രകൃതിയിലേക്ക് തിരിയാനായി പ്രകൃതിദത്തമായ സൗന്ദര്യ കൂട്ടുകളും സമയം കിട്ടുമ്പോഴൊക്കെ പരീക്ഷിക്കുകയും ചെയ്യും.
സോപ്പോ ഫേസ് വാഷോ ഉപയോഗിച്ച് ചിലര്‍ ഇടയ്ക്കിടെ മുഖം കഴുകുന്നത് പതിവാണ് . ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണോ എന്ന സംശയവും ഉണ്ട്.ഒരു ദിവസം എത്ര തവണ വരെ മുഖം കഴുകാമെന്നത് നോക്കാം .
മുഖം വൃത്തിയായി സൂക്ഷിക്കുന്നതിന്റെ ഭാഗമായി ഇടക്കിടക്ക് മുഖം കഴുകാറില്ലേ നാം? വെയിലായാലും മഴയായാലും ചൂടിയാലും തണുപ്പായാലും ചിലർ മുഖം കഴുകൽ തുടർന്നുകൊണ്ടേയിരിക്കും. ഒന്നല്ല, രണ്ടല്ല, മൂന്നല്ല, നിരവധി തവണ. മുഖത്ത് പറ്റിപ്പിടിച്ചിരിക്കുന്ന പൊടിയും മറ്റ് അഴുക്കുകളും നീക്കം ചെയ്യാനാണ് പലരും ഇങ്ങനെ ചെയ്യുന്നത്. ദിവസത്തിൽ പല തവണ മുഖം കഴുകുമ്പോൾ മുഖത്ത് അടിഞ്ഞു കൂടിയ മാലിന്യങ്ങളെല്ലാം നീങ്ങി മുഖചർമ്മം കൂടുതൽ ഭംഗിയോടും തിളക്കത്തോടും കൂടെ ഇരിക്കുമെന്ന ധാരണയാണ് പലരെയും ഇടക്കിടക്ക് മുഖം കഴുകാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ ഇങ്ങനെ പല തവണകളായി മുഖം കഴുകുന്നത് നല്ലതാണോ?
ഇങ്ങനെ ദിവസത്തിൽ പല തവണ മുഖം കഴുകുന്ന ശീലം ഉണ്ടെങ്കിൽ അത് എത്രയും വേഗം ഉപേക്ഷിക്കുന്നതാണ് നല്ലതെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഈ സ്വഭാവം ഗുണത്തേക്കാളേറെ ദോഷമായിരിക്കും നിങ്ങൾക്ക് സമ്മാനിക്കുക.
ഇങ്ങനെ ഇടക്കിടക്ക് മുഖം കഴുകുന്നത് താൽക്കാലികമായി മുഖചർമ്മത്തിന് ഉണർവ്വും ഉന്മേഷവും നൽകുമെങ്കിലും ചർമ്മത്തിന്റെ ആരോഗ്യത്തെയും സൗന്ദര്യത്തെയും ഇത് പ്രതികൂലമായി ബാധിച്ചേക്കാം. മുഖചർമ്മത്തിലെ സ്വാഭാവിക ഈർപ്പം നഷ്ടപ്പെട്ട് ചർമ്മം കൂടുതൽ വരണ്ടതാകാനും തുടർച്ചയായുള്ള മുഖം കഴുകൽ കാരണമാകും.
ചിലർ മുഖം കഴുകുമ്പോൾ അമിതമായി ഉരച്ച് കഴുകുന്നതും കാണാറുണ്ട്. മുഖത്തെ അഴുക്ക് എളുപ്പം നീക്കം ചെയ്യാം എന്ന മിഥ്യാ ധാരണയാണ് ഇത്തരത്തിൽ മുഖം കഴുകാൻ ചിലരെയെങ്കിലും പ്രേരിപ്പിക്കുന്നത്. മുഖചർമ്മം കൂടുതൽ മൃദുലമാണ്. ഇങ്ങനെ ഉരച്ച് കഴുകുന്നത് മൂലം ചർമ്മം കൂടുതൽ അപകടകരമായ അവസ്ഥയിലേയ്ക്ക് നീങ്ങും. ചർമ്മത്തിന്റെ പുറം പാളിക്ക് കേട് സംഭവിക്കാനും ഇങ്ങനെയുള്ള ശക്തമായ ഉരച്ചുകഴുകൽ കാരണമാകും.
അപ്പോൾ ദിവസത്തിൽ എത്ര തവണ മുഖം കഴുകാം?
ദിവസേന രണ്ടു തവണ മാത്രം മുഖം കഴുകിയാൽ മതിയെന്നാണ് ഈ വിഷയത്തിൽ പഠനം നടത്തുന്ന വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അതായത് രാവിലെയും രാത്രിയും മാത്രം മുഖം കഴുകിയാൽ മതിയത്രേ... രാവിലെ ഉറക്കം ഉണർന്ന ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം. ഇത് ചർമ്മത്തിന് കൂടുതൽ ഉന്മേഷം നൽകും. ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളെ നീക്കം ചെയ്യാനും ഇത് സഹായിക്കും. വൈകുന്നേരമോ അല്ലെങ്കിൽ രാത്രി ഉറങ്ങുന്നതിനു മുമ്പോ മുഖം കഴുകുന്നത് അന്നത്തെ ദിവസം മുഴുവൻ ചർമ്മത്തിൽ അടിഞ്ഞ് കൂടിയ മാലിന്യങ്ങളെ നീക്കം ചെയ്യാൻ സഹായിക്കും. മാത്രമല്ല, മേക്കപ്പ് ചെയ്യുന്ന ശീലമുള്ള പെൺകുട്ടികൾ ഒരു കാരണവശാലും രാത്രി മുഖം കഴുകുന്നത് ഒഴിവാക്കരുത്. കാരണം മേക്കപ്പോടെ ഉറങ്ങാൻ പോകുമ്പോൾ ചർമ്മ സൗന്ദര്യം പൂർണ്ണമായും നശിക്കാൻ വഴിയൊരുക്കുകയാണ് നിങ്ങൾ ചെയ്യുന്നത്. മേക്കപ്പ് നിലനിൽക്കുന്നത് മൂലം ചർമ്മത്തിലെ കോശങ്ങൾക്ക് ശ്വസിക്കാനുള്ള അവസരം ഇല്ലാതാകുന്നു. അതുകൊണ്ടാണ് ദിവസവും ഉറങ്ങുന്നതിനു മുമ്പ് മുഖത്തെ മേക്കപ്പ് കഴുകി വൃത്തിയാക്കണമെന്ന് പറയുന്നത്.
രണ്ടു നേരം മാത്രം മുഖം കഴുകിയാൽ മതിയോ എന്ന ചോദ്യം പലർക്കും ഉണ്ടായേക്കാം. ചില സാഹചര്യങ്ങളിൽ രണ്ടിൽ കൂടുതൽ തവണ മുഖം കഴുകാം. ചില സാഹചര്യങ്ങളിൽ മാത്രം. ശാരീരികമായി ഏറെ അധ്വാനം ആവശ്യമായി വരുന്ന സന്ദർഭങ്ങളിലും കൂടുതൽ വിയർക്കുന്ന ജോലി ചെയ്യുന്ന അവസരങ്ങളിലും ഇടക്ക് മുഖം കഴുകാം. രാവിലെയും വൈകുന്നേരവും പിന്നെ വിയർപ്പൊഴുക്കി ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളിലുമൊഴികെ വേറെ മുഖം കഴുകേണ്ട ആവശ്യമില്ലെന്നാണ് സൗന്ദര്യം കൈകാര്യം ചെയ്യുന്ന വിദഗ്ധർ പറയുന്നത്.
രാത്രി കിടക്കുന്നതിന് മുന്‍പ് മുഖം കഴുകി കിടക്കാം. എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ രാവിലെയും രാത്രിയും മുഖം വൃത്തിയായി കഴുകണം. സമ്മിശ്ര ചര്‍മ്മമമുള്ളവര്‍ക്കും രാവിലെയും രാത്രിയും മുഖം കഴുകാം.
നന്നായി മേയ്ക്കപ്പ് ഉപയോഗിക്കുന്നവരാണെങ്കില്‍ രാവിലെയും രാത്രിയും മുഖം കഴുകിയിരിക്കണം. ദിവസം രണ്ട് തവണയില്‍ കൂടുതല്‍ മുഖം കഴുകേണ്ടതില്ലെന്നാണ് വിദഗ്ധരുടെ ഉപദേശം.
വേണമെന്നുണ്ടെങ്കില്‍ തണുത്ത വെള്ളം മുഖത്തൊഴിച്ച് തുണികൊണ്ട് നന്നായി ഒപ്പാം. രണ്ടിലധികം തവണ ഒരു കാരണവശാലും മുഖത്ത് സോപ്പ് ഉപയോഗിക്കരുത്.
ഇത് ചര്‍മ്മത്തിലെ സ്വാഭാവികമായ ഈര്‍പ്പം നഷ്ടമാകാനും വിവിധ ചര്‍മ്മ പ്രശ്നങ്ങളുണ്ടാകാനും കാരണമാകുമെന്നും വിദഗ്ധര്‍ പറയുന്നു