വേനല്‍ കനക്കുന്നു; മുന്‍കരുതലുകളും മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ ചൂട് കനക്കുന്നതിനനുസരിച്ച് നിര്‍ജ്ജലീകരണത്തിനും അനാരോഗ്യത്തിനും സാധ്യതയുള്ളതിനാല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
ദാഹം തോന്നുന്നില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. ചിക്കന്‍പോക്സ്, വയറിളക്ക രോഗങ്ങള്‍ എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണം. സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാല്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കെട്ടിടങ്ങള്‍ക്ക് പുറത്ത് ജോലി ചെയ്യുന്നവര്‍ സമയക്രമം കര്‍ശനമായി പാലിക്കണം. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
തിളപ്പിച്ചാറിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. യാത്രയില്‍ വെള്ളം കരുതുന്നുണ്ടെന്ന് ഉറപ്പാക്കുക. കടകളില്‍ നിന്നും വഴിയോരങ്ങളില്‍ നിന്നും ജ്യൂസ് കുടിക്കുന്നവര്‍ വെള്ളം നല്ലതാണെന്നും ഐസ് ശുദ്ധജലത്തില്‍ നിന്നാണ് നിര്‍മ്മിച്ചതെന്നും ഉറപ്പാക്കണം. അല്ലാത്തപക്ഷം മറ്റു പല രോഗങ്ങളും ഉണ്ടാകും. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്. കുടയോ തൊപ്പിയോ ഉപയോഗിക്കുക. പ്രായമായവര്‍, കൊച്ചുകുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രികളും ജാഗ്രത പാലിക്കണം.
പനി നിരീക്ഷണം ശക്തമാക്കാനും ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കടുത്ത പനി, തൊണ്ടവേദന, ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ളവരുടെ സാമ്ബിളുകള്‍ ഇന്‍ഫ്ലുവന്‍സ പരിശോധനയ്ക്ക് അയയ്ക്കാന്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പനിയുണ്ടെങ്കില്‍ നേരത്തെ തന്നെ ചികിത്സ തേടണം. ആരോഗ്യ ജാഗ്രതാ കലണ്ടര്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദ്ദേശിച്ചു.