ഭൂമിവില കുറച്ചുകാണിച്ച രണ്ടരലക്ഷം പേർക്ക് നോട്ടീസ്; മാർച്ച് 31-ന് മുൻപ് പണം അടച്ചില്ലെങ്കിൽ ജപ്തി
ന്യായവിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് ഭൂമിയിടപാട് നടത്തിയ രണ്ടരലക്ഷം പേർക്ക് നോട്ടീസ്. ജില്ലാ രജിസ്ട്രാർമാർ നിശ്ചയിച്ച പിഴത്തുക മാർച്ച് 31-ന് മുൻപ് അടച്ചില്ലെങ്കിൽ ജപ്തി ഉൾപ്പെടെയുള്ള കടുത്തനടപടികൾ ഇവർ നേരിടേണ്ടിവരും. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി നേരിടാൻ വരുമാനം കണ്ടെത്താൻ കൂടിയാണ് ഈ നീക്കം.സംസ്ഥാനത്തെ 315 സബ് രജിസ്ട്രാർ ഓഫീസുകളുടെ പരിധിയിൽ 1986 മുതലുള്ള ഇടപാടുകളാണ് പരിശോധിച്ചത്. നികുതിവകുപ്പ് സെക്രട്ടറിയുടെ നിർദേശപ്രകാരം രജിസ്‌ട്രേഷൻ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇത്രയും പേർ ന്യായവില കുറച്ചുകാണിച്ചതായി കണ്ടെത്തിയത്.
ഓരോ ജില്ലയിലും നിശ്ചിത എണ്ണം ക്രമക്കേട് കണ്ടെത്തണമെന്ന ലക്ഷ്യവും ജില്ലാ രജിസ്ട്രാർമാർക്ക് നൽകിയിരുന്നു. ഇടപാടു നടന്ന വസ്തുവിന്റെ തൊട്ടടുത്ത ഭൂമിയുടെ വിലകൂടി പരിഗണിച്ചാണ് ന്യായവില കൃത്യമായി ഒടുക്കിയിട്ടുണ്ടോയെന്ന് അന്തിമമാക്കിയത്
ന്യായവിലയുടെ എട്ട് ശതമാനം മുദ്രപ്പത്രവിലയും രണ്ട് ശതമാനം ഫീസും ഉൾപ്പെടെ 10 ശതമാനമാണ് ഭൂമി വിൽപ്പന നടത്തുമ്പോൾ സർക്കാരിന് നൽകേണ്ടത്. ജില്ലാ രജിസ്ട്രാർ പരിശോധനയ്ക്കുശേഷം നിശ്ചയിച്ച തുക 31-ന് മുമ്പ് അടയ്ക്കുന്നവർക്ക് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. അധികം നൽകേണ്ട മുദ്രപ്പത്രവിലയുടെ 30 ശതമാനം മാത്രം ഒടുക്കിയാൽ മതി. രണ്ടുശതമാനം ഫീസ് പൂർണമായും ഒഴിവാക്കും. 31 കഴിഞ്ഞാൽ ഈ ഇളവുകൾ ഉണ്ടാകില്ല. മുഴുവൻ തുകയും ഒടുക്കണം.
പത്തുലക്ഷത്തിന്റെ ഭൂമി ഇടപാടാണ് നടക്കുന്നതെങ്കിൽ എട്ടുശതമാനം മുദ്രപ്പത്രവിലയും രണ്ടു ശതമാനം ഫീസും ചേർത്ത് ഒരുലക്ഷം രൂപയാണ് സർക്കാരിന് നൽകേണ്ടത്. ഇതേഭൂമിയുടെ ന്യായവില 20 ലക്ഷമാണെന്നു കണ്ടെത്തിയാൽ അധികം നൽകേണ്ട ഒരുലക്ഷത്തിന്റെ 30 ശതമാനംമാത്രം ഇപ്പോൾ ഒടുക്കിയാൽ മതിയാകും. 2018-നു ശേഷമുള്ള കേസുകളിൽ ഇളവില്ല.