സംസ്ഥാനത്ത് ഡെങ്കിപ്പനി ജൂലൈയിൽ വർദ്ധിക്കും, ജാഗ്രത വേണം; മന്ത്രി വീണാ ജോർജ്
സംസ്ഥാനത്ത് ഡെങ്കിപ്പനിയ്‌ക്കെതിരെ ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി വ്യാപനം ജൂലൈയോടെ ശക്തമാകാൻ സാദ്ധ്യത. രോഗികളുടെ എണ്ണത്തിൽ വർദ്ധനവിനും സാധ്യത. 2017ന് സമാനമായ രീതിയിലാണ് ഇപ്പോൾ കേസുകൾ വർധിക്കുന്നതെന്നും അതിനാൽ ആശുപത്രികൾ കൂടുതൽ സജ്ജമാക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
എല്ലാ ജില്ലകളും പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ നിർദേശം നൽകി. പരിശോധനകൾ വർദ്ധിപ്പിക്കേണ്ടതാണ്. മരണം പരമാവധി കുറയ്‌ക്കാനായി വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് ശക്തമായ പ്രവർത്തനങ്ങൾ നടത്തണം. മരുന്നുകളും ടെസ്‌റ്റ് കിറ്റുകളും സുരക്ഷാ സാമഗ്രികളും ഉറപ്പ് വരുത്തണം. ഫീൽഡ് തല പ്രവർത്തനങ്ങൾ ശക്തമാണെന്ന് ഉറപ്പാക്കണം. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മോണിറ്ററിംഗ് സെൽ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ ഏറ്റവും കൂടുതൽ പേർ ചികിൽസ തേടിയത് മലപ്പുറം ജില്ലയിലാണ് . 2095 പേർ.കോഴിക്കോട് – 1529 ഉം എറണാകുളത്ത് 1217 ഉംതിരുവനന്തപുരത്ത് – 1156 ഉം പേർ ചികിൽസ തേടി. ആകെ 12876 പേരാണ് പനിബാധിച്ച് ആശുപത്രികളിലെത്തിയത്. 20 ദിവസത്തിനിടെ ഒന്നേ മുക്കാൽ ലക്ഷം പേർക്ക് പനി ബാധിച്ചു.
പനിയും സാംക്രമിക രോഗങ്ങളും ബാധിച്ച് മൂന്നാഴ്ചയ്ക്കുളളിൽ മരിച്ചവരുടെ എണ്ണം 32 ആയി ഉയർന്നു. ഇന്നലെ 33 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു . 298 പേർ രോഗലക്ഷണങ്ങളോടെ ചികിത്സയ്‌ക്കെത്തി. 7 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചപ്പോൾ 10 പേർക്ക് രോഗം സംശയിക്കുന്നുണ്ട്.