ടൈറ്റന്‍ ദുരന്തമായി മാറി; പേടകത്തിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചതായി നിഗമനം
ബോസ്റ്റൺ: ഒരുനൂറ്റാണ്ടുമുമ്പ് കടലിൽ മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാൻ അഞ്ചുപേരുമായി പോയ 'ടൈറ്റൻ' ജലപേടകത്തിന്റെ യാത്ര ദുരന്തമായി അവസാനിച്ചതായി സ്ഥിരീകരണം. പേടകത്തിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചതായി കണക്കാക്കുന്നതായി യുഎസ് കോസ്റ്റ്ഗാർഡ് അറിയിച്ചു. ഒരു സ്ഫോടനത്തിന് സമാനമായ ദുരന്തമാണ് സംഭവിച്ചതെന്ന നിഗമനത്തിലാണ് അധികൃതർ.
ബ്രിട്ടീഷ് കോടീശ്വരൻ ഹാമിഷ് ഹാർഡിങ്, ബ്രിട്ടീഷ്-പാകിസ്താനി ബിസിനസുകാരൻ ഷെഹ്സാദ ദാവൂദ്, മകൻ സുലേമാൻ എന്നിവരും ടൈറ്റൻ ജലപേടകത്തിന്റെ ഉടമകളായ ഓഷൻഗേറ്റ് എക്സ്പെഡീഷൻസിന്റെ സി.ഇ.ഒ. സ്റ്റോക്ടൻ റഷ്, മുങ്ങൽവിദഗ്ധൻ പോൾ ഹെന്റി നാർജിയോലെ എന്നിവരാണ് പേടകത്തിലുണ്ടായിരുന്നവർ.
മുങ്ങി കിടക്കുന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങളുടെ സമീപത്ത് നിന്ന് കണ്ടെത്തിയ യന്ത്രഭാഗങ്ങൾ കാണാതായ ടൈറ്റനിന്റേതാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പേടകം പൊട്ടിത്തെറിച്ചതാണെന്ന് യുഎസ് കോസ്റ്റ്ഗാർഡ് അറിയിച്ചത്. ടൈറ്റനിന്റെ പിൻഭാഗത്തുള്ള കോണാകൃതിയിലുള്ള ഭാഗമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് കൂടുതൽ അവശിഷ്ടങ്ങൾ കണ്ടെത്തി. മൃതദേഹങ്ങൾ കണ്ടെടുക്കാനാകുമോ എന്നത് പറയാൻ കഴിയില്ലെന്ന് കോസ്റ്റ്ഗാർഡ് റിയർ അഡ്മിറൽ അറിയിച്ചു.
കനേഡിയൻ റിമോർട്ട് നിയന്ത്രിത പേടകം (ROV) ആണ് യന്ത്രഭാഗങ്ങൾ കണ്ടെത്തിയത്. ഇവ പരിശോധിച്ചതിൽ നിന്നാണ് ഒരു പൊട്ടിത്തെറി നടന്നതായുള്ള അനുമാനത്തിൽ വിദഗദ്ധർ എത്തിയത്.
ടൈറ്റൻ അവശിഷ്ടങ്ങൾ കണ്ടെത്തിയ ROV പരിശോധന നടത്തുന്നത് തുടരുമെന്നും കോസ്റ്റ്ഗാർഡ് അറിയിച്ചു