കാലം കഴിഞ്ഞിട്ടല്ല, നല്ല കാലത്തു തന്നെ വേണ്ടതു തോന്നണം. ഓരോ അനുഭവവും ഓരോ പാഠമാണ്. പഠിക്കാനുള്ളത് വേണ്ട സമയത്തു തന്നെ ഉള്‍കൊള്ളണം. അത് നിങ്ങളുടെ ജീവിതത്തിന് ശരിയായ ദിശാബോധം നല്‍കും. ബുദ്ധി അല്ലെങ്കില്‍ വിവേകം യാദൃശ്ചികമായി സംഭവിക്കുന്ന ഒന്നല്ല, ബോധപൂര്‍വ്വം വളര്‍ത്തിയെടുക്കുക തന്നെ വേണം. ശരിയായ കാഴ്‌ചപ്പാടുണ്ടാകണം. എങ്കിലേ ഏതു കാര്യത്തിലും വേണ്ട വിധത്തില്‍ ശ്രദ്ധ ചെലുത്താനാവൂ.
ഒരു പ്രായമൊക്കെ ആയി കഴിയുമ്പോൾ ആണ് അനുഭവങ്ങളില്‍ നിന്നും നമ്മള്‍ പല പാഠങ്ങളും പഠിക്കുക. ഒരു കാലത്ത് വളരെ നല്ലത് എന്ന്‍ കരുതിയിരുന്ന പലതും അത്ര ഗുണമുള്ളതല്ല എന്ന്‍ കാലക്രമത്തില്‍ നമുക്ക് ബോദ്ധ്യമാവുന്നു.
ഈ സത്യം ബോദ്ധ്യപ്പെടാന്‍ കുറെയധികം അനുഭവങ്ങളുടെ പിന്‍ബലം വേണം. നഷ്‌ടങ്ങളും കോട്ടങ്ങളും കൂടാതെ ഈ സത്യം ബോധിക്കുന്നവര്‍ എത്രയോ ചുരുക്കം! പലരും ഈ പാഠം പഠിക്കുന്നത് ഏറെ വൈകിയ വേളയിലാണ്. അപ്പോഴേക്കും ജീവിതത്തില്‍ അതിന്റെ പ്രസക്തിയും മിക്കവാറും നഷ്‌ടപ്പെട്ടിരിക്കും. അതുകൊണ്ട് ധാരാളം അനുഭവങ്ങളില്‍ കൂടി കടന്നുപോകൂ, നല്ലതും നന്നല്ലാത്തതും ആയവ. എന്നിട്ടെല്ലാം ഒരു പാഠമായിക്കാണാന്‍ ശ്രമിക്കൂ. എത്രയും വേഗത്തില്‍, 'വിഷമെന്നു കരുതുന്നത് അമൃതമാണ്; അമൃതമെന്നു ധരിച്ചത് വിഷവും' എന്ന സത്യം മനസ്സിലാക്കാന്‍ ശ്രമിക്കൂ. അങ്ങനെ ജീവിതം കൂടുതല്‍ തെളിവാര്‍ന്നതായിത്തീരട്ടെ.
മനസ്സും ശരീരവും ചേര്‍ന്നുള്ള ഒരൊത്തുകളി കാരണം, പലപ്പോഴും “ഇതാണ് ശരി” എന്നു നമുക്ക് ആ സമയത്തു തോന്നും. പിന്നീട് തിരിഞ്ഞു നോക്കുമ്പോള്‍ മനസ്സിലാവും ആ ധാരണ അത്ര ശരിയായിരുന്നില്ല എന്ന്‍.
വളരെ പ്രധാന്യമുള്ളത് എന്ന്‍ വിചാരിച്ചിരുന്ന പലതും പിന്നീട് അത്ര സാരമായിട്ടുള്ളതല്ല എന്ന്‍ നമുക്ക് തോന്നാറില്ലേ ? പതിനാറുവയസ്സിലെ കാഴ്‌ചപ്പാടായിരിക്കില്ല മുപ്പത്തിരണ്ടു വയസ്സാകുമ്പോള്‍. ആ വയസ്സില്‍ ആ പാഠം ഉള്‍ക്കൊള്ളാനായില്ല എങ്കില്‍ പിന്നീടാ ബുദ്ധിയുണരുന്നത് ഒരുപക്ഷെ അറുപതോ എഴുപതോ വയസ്സാകുമ്പോഴായിരിക്കും. അതിനിടയില്‍ വര്‍ഷങ്ങളെത്ര പാഴായിപ്പോയി എന്നൊന്നാലോചിച്ചു നോക്കൂ!
ചില ചൊല്ലുകള്‍ ഓര്‍മ്മ വരുന്നു. “പല്ലുകളെല്ലാം കൊഴിഞ്ഞതിനു ശേഷം അണ്ടിപ്പരിപ്പ് കൊറിക്കാന്‍ കിട്ടിയിട്ടെന്തു കാര്യം ?
മുടി മുഴുവന്‍ കൊഴിഞ്ഞു പോയ ഒരാള്‍ക്ക് സമ്മാനമായി ഒരു ചീര്‍പ്പു കൊടുക്കുന്നതു കൊണ്ട് എന്തു പ്രയോജനം ?”
ഇതു പോലെയാണ്, ജീവിതം പകുതിയിലധികം പിന്നിട്ടതിനു ശേഷം ബുദ്ധി ഉറച്ചിട്ടെന്തു വിശേഷം? പോയ കാലം തിരികെ കിട്ടില്ലല്ലോ!
കാലം കഴിഞ്ഞിട്ടല്ല, നല്ല കാലത്തുതന്നെ വേണ്ടതു തോന്നണം. ഓരോ അനുഭവവും ഓരോ പാഠമാണ്. പഠിക്കാനുള്ളത് വേണ്ട സമയത്തു തന്നെ ഉള്‍കൊള്ളണം.യൌവ്വനവും ആരോഗ്യവും നിലനില്‍ക്കേ, ജീവിതം മുഴുവന്‍ മുന്നിലുണ്ടായിരിക്കേ, അപ്പോഴാണ് ജീവിതത്തിലേക്ക് ബുദ്ധിയുടെ പ്രവാഹം കുതിച്ചെത്തേണ്ടത്.കാലം കഴിഞ്ഞിട്ടല്ല, നല്ല കാലത്തുതന്നെ വേണ്ടതു തോന്നണം. ഓരോ അനുഭവവും ഓരോ പാഠമാണ്. പഠിക്കാനുള്ളത് വേണ്ട സമയത്തു തന്നെ ഉള്‍കൊള്ളണം. അത് നിങ്ങളുടെ ജീവിതത്തിന് ശരിയായ ദിശാബോധം നല്‍കും. ബുദ്ധി അല്ലെങ്കില്‍ വിവേകം യാദൃശ്ചികമായി സംഭവിക്കുന്ന ഒന്നല്ല, ബോധപൂര്‍വ്വം വളര്‍ത്തിയെടുക്കുക തന്നെ വേണം. ശരിയായ കാഴ്‌ചപ്പാടുണ്ടാകണം. എങ്കിലേ ഏതു കാര്യത്തിലും വേണ്ട വിധത്തില്‍ ശ്രദ്ധ ചെലുത്താനാവൂ.
പലപ്പോഴും നമ്മളൊരു കപട സ്വര്‍ഗത്തിലാണ്. അതിനുള്ള കാരണം കാര്യങ്ങള്‍ നേരാംവണ്ണം ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ്. ശരിയായ ആലോചന കൂടാതെ എന്തിലെങ്കിലും മുറുകെ കയറിപ്പിടിക്കുന്നു. നിങ്ങളെ പിന്‍താങ്ങാന്‍ പത്തുപേര്‍ കൂടെ കൂടുകയും ചെയ്യും.
എല്ലാവരും അതേ മാനസികനിലവാരമുള്ളവര്‍. വിവേകപൂര്‍വ്വമല്ലാത്ത പ്രവൃത്തികള്‍ വ്യര്‍ത്ഥമായിത്തീരുകയും ചെയ്യുന്നു, പക്ഷെ വലിയൊരു “ശരി” ചെയ്യുന്നു എന്ന വിശ്വാസത്തോടെയാണ് അതിനു മുന്‍കൈയെടുത്തവരെല്ലാം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
അങ്ങനെയുള്ള അനുഭവങ്ങള്‍ നിങ്ങളുടെ ജീവിതത്തിലുണ്ടാവാതിരിക്കട്ടെ. “വൈകി ഉദിച്ച ബുദ്ധി” എന്ന പ്രയോഗം നിങ്ങളെ നോക്കി ആര്‍ക്കും പറയാന്‍ ഇടവരാതിരിക്കട്ടെ, അഥവാ അങ്ങനെ സംഭവിച്ചാലും സമാധാനിക്കാം വൈകിയിട്ടാണെങ്കിലും ബുദ്ധി തെളിഞ്ഞല്ലോ!
അനുഭവങ്ങള്‍ സമ്പാദിക്കണം എന്ന്‍ സാധാരണയായി പറയാറുണ്ട്. അങ്ങനെ സമ്പാദിക്കാന്‍ പറ്റുന്ന ഒന്നാണോ അനുഭവം? തുറന്ന മനസ്സുണ്ടെങ്കില്‍ അനുഭവങ്ങളും താനേ ഉണ്ടായിക്കൊള്ളും. ഒന്നിലും ഇടപെടാതെ, അവനവനെ കാത്തു സൂക്ഷിക്കുന്ന പ്രകൃതമാണ് നിങ്ങളുടേതെങ്കില്‍, അനുഭവങ്ങളും അകന്നു മാറിനില്‍ക്കുകയേയുള്ളു.ജീവിതത്തെ അതെങ്ങനെയോ, അതേപടി സ്വീകരിക്കാനുള്ള മനോഭാവം ഉണ്ടായിരിക്കണം. ജീവിതത്തില്‍ നിന്ന്‍ ആര്‍ക്കെങ്കിലും ഒളിച്ചോടിപ്പോകാനാവുമൊ? ആ വിചാരം തന്നെ അബദ്ധമല്ലേ? നിങ്ങള്‍ ഒരു ജീവിയാണ്. അതു കൊണ്ടുതന്നെ നിങ്ങള്‍ക്കു ജീവിക്കാതിരിക്കാനാവില്ല.
ഓരോ ജീവിയുടേയും ആഗ്രഹം ജീവിക്കണമെന്നുള്ളതാണ്. ഓരോ ജീവിക്കും അതിന്റെ കാലാവധി തീരുംവരെ ജീവിക്കേണ്ട ആവശ്യമുണ്ട്. ജീവിതം അതിന്റെ പൂര്‍ണതയില്‍ അനുഭവിക്കണം, എന്നിട്ടു വേണം അതിനപ്പുറത്തേക്കു കടക്കാന്‍. അല്ലാതെ വേറെ മാര്‍ഗമില്ല. ഒന്നുകില്‍ ജീവിതത്തിന്റെ നൂലാമാലകളില്‍ നിങ്ങള്‍ കുരുങ്ങിക്കിടക്കും, അല്ലെങ്കില്‍ ജീവിതത്തില്‍ ലയിച്ചുചേരാനാകാതെ ഒറ്റപ്പെട്ടുനില്‍ക്കും. രണ്ടു വിധേനയായാലും, അതു നിങ്ങളെ സ്വാതന്ത്ര്യത്തിലേക്കു നയിക്കുകയില്ല.
ജീവിതത്തെ അറിഞ്ഞനുഭവിക്കുമ്പോഴേ അതില്‍ നിന്നും മുക്തി നേടാനാവുകയുള്ളു. അറുപതാം വയസ്സില്‍ നിങ്ങള്‍ക്കുണ്ടാവുന്ന വിവേകം പതിനാറു വയസ്സില്‍ത്തന്നെ നേടാനായാല്‍, ജീവിതത്തിലെ അനുഭവങ്ങളില്‍നിന്നും വിലയേറിയ പാഠങ്ങള്‍ നിങ്ങള്‍ ഉള്‍കൊണ്ടു എന്നാണതിനര്‍ത്ഥം, നിങ്ങള്‍ എത്തേണ്ട സ്ഥലത്തെത്തിച്ചേര്‍ന്നിരിക്കും. ഒന്നുകില്‍ ജീവിതത്തിന്റെ നൂലാമാലകളില്‍ നിങ്ങള്‍ കുരുങ്ങിക്കിടക്കും, അല്ലെങ്കില്‍ ജീവിതത്തില്‍ ലയിച്ചുചേരാനാകാതെ ഒറ്റപ്പെട്ടുനില്‍ക്കും. രണ്ടു വിധേനയായാലും, അതു നിങ്ങളെ സ്വാതന്ത്ര്യത്തിലേക്കു നയിക്കുകയില്ല.
നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ മാറി മാറി വന്നുകൊണ്ടിരിക്കും. അതൊന്നും സാരമാക്കേണ്ടതില്ല.നിങ്ങളുടെ കണ്ണുകള്‍ അതിനൊക്കെ അപ്പുറത്തേക്കു നീളട്ടെ. അതാണ് സ്വാതന്ത്ര്യത്തിലേക്കുള്ള വഴി.