ജീവിതത്തിൽ എന്തൊക്കെ നാം നേടിയെടുത്താലും ശരി അത് നമ്മൾ നഷ്ടപ്പെടുത്തിയ സമാധാനത്തോളം വരില്ല. രാത്രിയിൽ ഉറങ്ങാൻ കഴിയാത്ത വിധം ചിന്തകൾ മനസ്സിനെ അലട്ടുന്നുണ്ടെ ങ്കിൽ നിങ്ങളുടെ സമാധാനം അവ കവർന്നെടുത്തിരിക്കുന്നു
എന്നറിയുക . ശാന്തമായി ഉറങ്ങാനാവുക എന്നതിൽ കവിഞ്ഞൊരു സൗഭാഗ്യം ജീവിതത്തിൽ വേറെയില്ല.
യഥാർത്ഥ സമ്പന്നൻ കൈ നിറയെ പണമുള്ളവനല്ല.,
മനസ് നിറയെ സമാധാനം ഉള്ളവനാണ്.ചെറിയ ഭവനമാണെങ്കിലും ഉള്ളിൽ സമാധാനം നിറഞ്ഞു നിൽപ്പുണ്ടെങ്കിൽ അതിന് കൊട്ടാരത്തെക്കാൾ വലുപ്പമുണ്ടാവും.സമ്പൽസമൃദ്ധമായ ഒരു ജീവിതത്തേക്കാൾ ശാന്തിയും സമാധാനവും നിറഞ്ഞ ജീവിതമാണ്
നമുക്ക് അഭികാമ്യം.
പരസ്പരം നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനമാണ് സമാധാനം.
സമാധാനം എന്നാൽ സംഘർഷം ഇല്ലായ്മയല്ല. മറിച്ച് സംഘർഷത്തെ സമാധാനപരമായി കൈകാര്യം ചെയ്യുന്നതാണ്.
ആശ്വാസവാക്കുകൾ കൊണ്ട്
പരിഹാരം കണ്ടെത്താത്ത
സങ്കടങ്ങൾ ഉണ്ടാകാം.
അവിടെ കരഞ്ഞു തീർത്തു തന്നെ നമ്മൾ സമാധാനം കണ്ടെത്തണം.
മനുഷ്യൻ താൽക്കാലികസുഖങ്ങൾക്ക് പിന്നാലെ പായുമ്പോൾ സമാധാനം അവനിൽ നിന്നകലേക്ക് ഓടിമറയുന്നു.
നമ്മളെ മനസ്സിലാക്കാത്ത മനുഷ്യരുടെ നേരെ കണ്ണുകൾ അടക്കുക.കണ്ണു തുറന്ന് നോക്കേണ്ടത് നമ്മുടെ കുറവുകളെ അംഗീകരിച്ച് നമ്മളെ സ്നേഹിക്കുന്നവരുടെ നേരെയാണ് . നമ്മൾ ആഗ്രഹിക്കുന്ന
മന:സമാധാനം
അവിടെ നിന്ന് ലഭിക്കും.
മനസ്സമാധാനം ഒരിക്കലും നമ്മളെ തേടി വരില്ല. അത് നമ്മുടെ കൈകളിൽ തന്നെയുണ്ട്. അതറിയണമെങ്കിൽ നമ്മളൊന്ന് വീണ്ടു വിചാരം നടത്തിയാൽ മതി. നമ്മൾ നമ്മളിൽ തന്നെ
കണ്ടെത്തുന്നതും കണ്ടെത്തിക്കഴിഞ്ഞാൽ മറ്റൊരാൾക്ക് നിർലോഭം പകർന്ന് കൊടുക്കാൻ കഴിയുന്നതുമായ അമൂല്യ നിധിയാണ് "സമാധാനം".
ജീവിതത്തിൽ മന:സമാധാനം ഉണ്ടാകണമെങ്കിൽ ക്ഷമിക്കാനുള്ള സന്നദ്ധത ഉണ്ടാകണം. മറ്റുള്ളവരോടുള്ള പകയും വിദ്വേഷവും മാറ്റി വച്ച് സ്നേഹത്തോടെ പെരുമാറണം. എങ്കിലേ നല്ലൊരു വ്യക്തിത്വത്തിന് ഉടമയായി വളരാൻ നമുക്ക് കഴിയൂ ..
✍🏻: അശോകൻ.സി.ജി.