യുവാവിന്റെ ഫോൺ സംഭാഷണം കാരണം വിമാനം വൈകിയത് രണ്ടു മണിക്കൂർ; എയര്‍പോര്‍ട്ടില്‍ അരങ്ങേറിയ നാടകീയ സംഭവങ്ങൾ ഇങ്ങനെ
ന്യൂഡൽഹി: യുവാവിന്റെ ഫോൺ സംഭാഷണം കാരണം വിമാനം വൈകിയത് രണ്ടു മണിക്കൂർ. വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്നതിനിടെ ഒരു യുവാവ് ബോംബെന്ന വാക്ക് പറഞ്ഞതിനെത്തുടര്‍ന്ന് ആണ് ന്യൂ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നാടകീയ സംഭവവികാസങ്ങൾ അരങ്ങേറിയത്. ദുബൈയിലേക് ആയിരുന്നു യുവാവിന്റെ യാത്ര. ഇയാൾ ഫോണില്‍ ബോംബെന്ന് പറയുന്നത് തൊട്ടടുത്തിരുന്ന ഒരു സ്ത്രീ കേട്ടതാണ് നിരവധി യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയത്.
വിമാനം കാത്തിരുന്ന ഒരു യുവാവ് വിമാനത്താവളത്തില്‍ വച്ച് നാട്ടിലുള്ള തന്റെ അമ്മയെ ഫോണ്‍ ചെയ്തതോടെയാണ് നാടകീയ സംഭവങ്ങള്‍ ആരംഭിക്കുന്നത്. നാട്ടില്‍ നിന്ന് കൊണ്ടുവന്ന തേങ്ങയുടെ കാര്യം അമ്മയോട് പറയുകയായിരുന്നു യുവാവ്. തന്നുവിട്ട തേങ്ങ സിഐഎസ്എഫ് ബോംബായിട്ടാണ് കണ്ടതെന്ന് തോന്നുന്നുവെന്നും തന്നെക്കൊണ്ട് അത് ഉടന്‍ മാറ്റിച്ചുവെന്നും യുവാവ് ഫോണിലൂടെ അമ്മയോട് പറഞ്ഞു.
യുവാവിന്റെ അടുത്തിരുന്ന മറ്റൊരു യാത്രക്കാരി ഈ ഫോണ്‍ സംഭാഷണത്തിന്റെ കുറച്ച് ഭാഗങ്ങള്‍ കേള്‍ക്കുകയും ബോംബ് എന്ന വാക്കുകേട്ട് ഭയചകിതയാകുകയും ചെയ്തു. ഉടന്‍ തന്നെ ഇവര്‍ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. യുവാവിനെ വിശദമായി പരിശോധിക്കുകയും ലഗേജുകളെല്ലാം കൃത്യമായി പരിശോധിക്കുകയും ചെയ്തു. നീണ്ട നേരത്തെ പരിശ്രമത്തിനൊടുവില്‍ വിമാനത്തില്‍ കയറ്റാന്‍ ഒരു ബോംബും യുവാവിന്റെ കയ്യിലില്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പിച്ചു. ഇതോടെ ദുബായിലേക്ക് പോകുന്നതിനായി യുവാവ് യാത്ര ചെയ്യാനിരുന്ന ഡല്‍ഹി- മുംബൈ കണക്ഷന്‍ വിമാനം രണ്ട് മണിക്കൂറോളം താമസിച്ചു.