മനുഷ്യർ ഒരു പാട് തെറ്റുകൾ അറിഞ്ഞും അറിയാതെയും ചെയ്യുന്നുണ്ട്.പലതും മൂടിവയ്ക്കാറുമുണ്ട്. ചെയത തെറ്റുകൾ എത്രത്തോളം മൂടിവയ്ക്കുവാൻ ശ്രമിക്കുന്നുവോ, അത്രത്തോളം അവ നിങ്ങളെ കുത്തിനോവിച്ചുകൊണ്ടേയിരിക്കും.
ചെയ്ത തെറ്റുകൾ വള്ളി പുള്ളി വിടാതെ സ്വയം ഏറ്റുപറഞ്ഞ്, പിന്നീടൊരിക്കലും അവ ആവർത്തിക്കില്ലെന്ന് ശപഥം ചെയ്ത്, പശ്ചാത്തപിക്കുന്നത് മാത്രമാണ് അല്പമെങ്കിലും സമാധാനം ലഭിക്കുവാനുള്ള ഏക മാർഗം.
ജീവിതവിജയം നേടാൻ, സ്വന്തം മനസ്സിന്റെ അനുഗ്രഹവും അനുവാദവുമാണ് പരമപ്രധാനം, മനസ്സിൻ്റെ ഈ അപൂർവതയെ, ആത്മവിസ്മൃതിയെ നമുക്ക് സ്വായത്തമാക്കാൻ കഴിയണം, എങ്കിലേ ജീവിതവിജയം നേടാൻ കഴിയൂ.
വിവേകത്തിന്റെ ഉൾക്കണ്ണ് പൂർണമായി അടഞ്ഞുപോകരുത്. അടഞ്ഞാൽ, സ്നേഹത്തിന്റെ തെളിച്ചവും പരിശുദ്ധിയും നഷ്ടമാകും.
നിസ്വാർത്ഥസ്നേഹവും സേവനവും ഇന്നത്തെ ലോകത്തിന് കൂടിയേ തീരൂ, നാം ആർജ്ജിക്കേണ്ടത് അതാണ്.നിരന്തരം ആനന്ദവും ശാന്തിയും സന്തോഷവും ലഭിക്കാൻ അതാണ് മാർഗ്ഗം.
ഇനി യാത്ര മുന്നോട്ടുപോകില്ല എന്ന് തോന്നത്തക്കവിധം പ്രതിസന്ധികൾ മുന്നിൽ നിരന്നുനിന്നേക്കാം... എന്നുകരുതി യാത്ര അവസാനിപ്പിക്കരുത്... ക്ഷമയോടെ കാത്തുനിൽക്കാം.... ഒന്നുകൂടി ശ്രമിക്കാം..അല്ലെങ്കിൽ വഴിമാറി സഞ്ചരിക്കാം... എന്നിരുന്നാലും യാത്ര അവസാനിപ്പിക്കരുത്.
കഴിവും യോഗ്യതയുമുണ്ടായിട്ടും അവഗണിക്കപ്പെട്ടുപോകുന്ന ചിലരുണ്ട്... അവിടെയൊക്കെ നിരാശയല്ല വേണ്ടത്.. ഓരോ മാറ്റിനിർത്തലുകളും ഉള്ളിൽ കനലായി മാറണം... ആ കനൽ ഊതി ജ്വലിപ്പിക്കണം...മാറ്റി നിർത്തിയവരുടെ മുന്നിലൂടെ ശിരസ്സുയർത്തി വിജയത്തിന്റെ ആഘോഷത്തിൽ മുന്നേറുന്ന നാളെകൾ അകലെയല്ല.