വിട പറച്ചിൽ
ലൌകിക സുഖങ്ങള്‍ എല്ലാം വെടിഞ്ഞു നീ പോകുന്നു,
ഇനി അവിടം ഒരു ശൂന്യത മാത്രം നിലനില്‍ക്കും.. വിദൂരതയില്‍.
ബന്ധു മിത്രാദികൾക്കൊക്കെ നീ നല്‍കിടും,
നിന്റെ വേർപാടിന്റെ കണ്ണുനീര്‍ മുത്തുകള്‍.
ഓരോ മരണവും നമ്മുടെ ജീവിതത്തെ തന്നെയാണ് ഓര്‍മ്മപ്പെടുത്തുന്നത്. ഈ ലോകത്തിൽ മനുഷ്യന്‍റെ എല്ലാ അഹംഭാവത്തെയും ചിതറിപ്പിക്കുന്ന മരുന്നാണ് മരണം. നമ്മുടെ കൂടെ നടന്നവരും നമ്മുടെ കൂടു വിട്ടു നടന്നവരും നമ്മുടെ മരണത്തിൽ നമ്മെ കാണാൻ ഒന്നിച്ചു വരുന്ന വേദിയാണ് മരണം.
എല്ലാവരും അറിയുന്ന, ആർക്കും ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത യാഥാർഥ്യമാണ് മരണം. കാര്‍മേഘത്തിന്‍റെ കാളിമ പോലുമില്ലാതെ മഴ പെയ്തിറങ്ങുന്നത് പോലെ മരണം നമ്മെ സ്വന്തമാക്കുന്നു. മരണത്തിലേക്കുള്ള യാത്രയാണ് ജീവിതമെന്നു ചിലർ പറയുന്നു.ജീവിതത്തിന്‍റെ കാത്തിരിപ്പുകളുടെയൊക്കെ അന്ത്യമാണ് മരണമെന്ന് മറ്റു ചിലർ പറയുന്നു. യഥാർത്ഥത്തിൽ മരണം എന്താണ്?
ജീവിതത്തിൽ എത്രയെത്ര മരണവീടുകൾ നാം കയറി ഇറങ്ങിയിരിക്കുന്നു. ചില മരണങ്ങള്‍ നമ്മെ വല്ലാതെ വേദനിപ്പിക്കുന്നു. ചില മരണ വീടുകൾ നമ്മുടെ മരണത്തെയും ഓർമ്മിപ്പിക്കുന്നു. മരണം ജീവിതം നൽകുന്ന അവസാനത്തെ സമ്മാനമാണ്. നാം മരണത്തെ സ്വന്തമാക്കിയെന്നു കരുതി നമ്മുടെ ശത്രുക്കൾ പോലും അസൂയപ്പെടുത്താത്ത നിധിയാണ് മരണം. മറുപടിയില്ലാത്ത ചോദ്യമാണ് മരണം.പരാജയപെടുത്താനാവാത്ത ശത്രുവാണു മരണം. മനുഷ്യന്‍റെ എല്ലാ അഹംഭാവത്തെയും ചിതറിപ്പിക്കുന്ന മരുന്നാണ് മരണം.
മക്കളുടെ ജീവിതത്തെ പ്രകാശമാക്കാൻ പ്രയത്നിച്ച ശേഷം വിട പറയുന്ന പിതാവും മാതാവും, ഒപ്പം കളിച്ചും ഒരുമിച്ചു അപ്പം കഴിച്ചും ജീവിതത്തിന്‍റെ ഭാഗമായി മാറിയ പ്രിയപ്പെട്ട സഹോദരങ്ങളുടെ വേർപാടും , സൗഹൃദത്തിന്‍റെ ഹരിതം നൽകി ഇടവഴികളിൽ നമ്മെ വരൾച്ചയുടെ ഓർമ്മ നൽകി കടന്നു പോകുന്ന കൂട്ടുകാരും അകാലത്തിൽ പൊലിഞ്ഞു പോകൂന്ന നമ്മുടെ പ്രിയപ്പെട്ട എല്ലാവരും നമുക്ക് മുറിവുണങ്ങാത്ത വേദന തന്നെയാണ്.
ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ ഓരോരുത്തരെയും വ്യത്യസ്ഥമായി സൃഷ്ട്ടിച്ചു. ആ വ്യത്യസ്ഥതയെയാണ് നാം അനന്യത എന്ന് വിളിക്കുന്നത്. ഈ അനന്യത ഭൂമിയിൽ ജീവിക്കുന്ന ഓരോ വ്യക്തിയിലും വ്യത്യസ്ഥതകൾ സൃഷ്ടിക്കുന്നു. ഭൂമിയിൽ ചിലർ സമ്പന്നരും മറ്റു ചിലർ ദരിദ്രരായി ജീവിക്കുന്നു. ചിലർ ആരോഗ്യവാന്മാരായി ജീവിക്കുമ്പോൾ മറ്റു ചിലർ അംഗവൈകല്യമുള്ളവരായി ജീവിക്കുന്നു. എന്നാൽ മരണം എന്ന സത്യത്തിൽ എല്ലാവരും ഒരേ പോലെയായിത്തീരുന്നു.അനന്യതകളില്ലാതെ ഒന്നായി ചേരുന്നു. എല്ലാവരും മരണത്തെ അഭിമുഖികരിക്കുന്നു.
മനുഷ്യൻ ജിജ്ഞാസയുള്ളവനാണ്.എല്ലാറ്റിനെയും അനുഭവിച്ചറിയാനുള്ള വാസന അവനിലുണ്ട്. എല്ലാം തൊട്ടറിഞ്ഞു പരിശോധിച്ച്, അതിൽ നിന്നും ലഭിക്കുന്ന അറിവിൽ നിന്നും അവൻ അനുഭവങ്ങൾ സ്വന്തമാക്കുന്നു. എന്നാൽ മരണത്തെ മാത്രം മനുഷ്യന് തൊട്ടറിഞ്ഞ് അറിവ് നേടിയതിനു ശേഷം അനുഭവിക്കാൻ കഴിയുന്നില്ല. മനുഷ്യന്‍റെ എല്ലാ കണ്ടുപിടുത്തങ്ങളുടെയും ശാസ്ത്രങ്ങളുടെയും മുന്നിൽ മരണം സമസ്യയായി നില്‍ക്കുന്നു.എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തുന്ന മനുഷ്യന്‍റെ മുന്നിൽ മനുഷ്യന്‍റെ അറിവ് കൊണ്ടോ അനുഭവം കൊണ്ടോ ശാസ്ത്രം കൊണ്ടോ സാങ്കേതികത കൊണ്ടോ ഉത്തരം കണ്ടെത്താൻ കഴിയുന്നില്ല. ആരുടേയും മരണത്തെ നല്ലതെന്നോ മോശമായതെന്നോ അപഗ്രഥിക്കാൻ നമുക്ക് കഴിയുകയില്ല. ഇന്ന് നാം ജീവനോടെ ചവിട്ടി നിൽകൂന്ന ഭൂമിയിൽ നാളെ നാം നിശ്ചലരായി കിടന്നുറങ്ങും. ഈ ജീവിതത്തെ കുറച്ചു കൂടി നന്മയാക്കി കൊണ്ടും ഈ ഭൂമിയിൽ ജീവിതം അഭിനയിച്ച് തീർക്കുന്നവർ ഭാഗ്യവാന്മാർ.
'മരണം' ഏവര്‍ക്കും നിസ്വാർഥമായി നല്‍കുന്നൊരു ഉപഹാരമുണ്ട്. അതെ, തങ്ങളുടെ പ്രിയപ്പെട്ടവരെ കുറിച്ചുള്ള 'മരിക്കാത്ത ഓര്‍മ്മകള്‍'. നാം അറിയാതെ തന്നെ നമ്മുടെ ചിത്തത്തില്‍ ഒരിക്കലും കരിയാത്ത വ്രണങ്ങളായി ഈ ഓര്‍മ്മകള്‍ നമുക്ക് ജീവിതകാലം മുഴുവൻ സന്തതസഹചാരികള്‍ ആകുന്നു. ബലം ആകുന്നു