ഒരാൾ വ്യക്തിത്വമുള്ള സ്വതന്ത്ര വ്യക്തിയാകുന്നത് കോപത്തിനു മുകളിൽ നിയന്ത്രണം സാദ്ധ്യമാകുമ്പോൾ മാത്രമാണ്. അവിടെയാണ് മനനശീലമുള്ള മനുഷ്യൻ ജനിക്കുന്നത്. നാം പൗരബോധമുള്ള വ്യക്തിയാകുന്നത്. അവരവർക്കു മേൽ സമരം ചെയ്യാനുള്ള ആർജ്ജവം അതിനാവശ്യമാണ്. മറ്റുള്ളവരെ തോല്പിക്കുന്നിടത്തല്ല, അവരവരിലെ അനിയന്ത്രിതമായ വൈകാരികക്ഷോഭങ്ങൾക്കു മേൽ വിജയം വരിക്കുന്നിടത്താണ് നാം സ്വതന്ത്രരാകുന്നത്. ക്ഷമ ഒരു സഹനം തന്നെയാണ്. സ്വയം തെളിയാനുള്ള സമരമാണത്. കോപത്തെ വരുതിയിലാക്കാനുള്ള ഒരേയൊരു വഴി.
കോപം എന്നത് പരിധി വിടുന്ന ഒരു വികാരമാണ്. ആളുകൾ കോപാകുലരാകുന്നത്, കോപം ശക്തിയുടെ ലക്ഷണമാണ് , പ്രവൃത്തി ചെയ്യുവാൻ പ്രേരിപ്പിക്കും എന്ന് തുടങ്ങിയുള്ള തെറ്റായ ധാരണകൾ അനേകം ആളുകൾക്ക് ഉള്ളതുകൊണ്ടാണ്. തന്‍റെ ജീവിതം ബോധപൂർവം നയിക്കുവാൻ കഴിവില്ല എങ്കിൽ കോപം അതിനു പകരമായി വരുന്ന വിഷലിപ്‌തമായ ഒരു അനുഭവമായിരിക്കും.
കോപത്തെ ആരും മറികടക്കുവാൻ ശ്രമിക്കേണ്ടതില്ല; എന്തെന്നാൽ അത് സ്വയം സൃഷിടിക്കാതെ ഒരിക്കലും സംഭവിക്കുകയില്ല. കോപം ഒരാൾക്ക് സംഭവിക്കുന്ന ഒരു കാര്യമല്ല; ഒരാൾ ദേഷ്യം പിടിക്കുകയാണ് ചെയ്യുന്നത്. തന്‍റെ മനസ്സിന്‍റെയും വികാരങ്ങളുടെയും പ്രവൃത്തികളെ ബോധപൂർവം നിയന്ത്രിക്കുകയാണെങ്കിൽ, കോപം എന്ന അനുഭവം ഉണ്ടാകുകയില്ല. അപ്പോൾ അതിനെ മറികടക്കേണ്ട ആവശ്യവുമില്ല.
മാനസികമായി നോക്കിയാൽ കോപം എന്നത് സ്ഥിരബുദ്ധിയുടെ നഷ്ടമാണ്. കുടുംബത്തിന്‍റെയും, സമൂഹത്തിന്‍റെയും കാര്യത്തിൽ കോപത്തിന്‍റെ ആഘാതം നമുക്ക് അറിവുള്ളതാണ്. കുറച്ചു നീണ്ട കാലയളവിൽ ഒരാൾ കോപത്തിന് വശംവദനാണെങ്കിൽ അയാളുടെ ശരീരത്തിലെ രാസഘടന താളം തെറ്റുകയും, ശാരീരികമായ അസ്വസ്ഥതകളും, അസുഖങ്ങളും പിടിപെടുകയും ചെയ്യും.
നമ്മിൽ പലരും ക്ഷിപ്രകോപികൾ ആണ്. നമുക്ക് ഇഷ്ടമില്ലാത്ത എന്തെങ്കിലും പ്രവർത്തി കണ്ടാൽ പെട്ടെന്ന് ദേഷ്യം വരികയും അപ്പോൾ തന്നെ അതിന് കാരണക്കാരായ ആളുകൾക്ക് എതിരെ വാക്കുകൾ കൊണ്ടും പ്രവർത്തി കൊണ്ടും പ്രതികരിക്കാൻ ഇഷ്ടപ്പെടുന്നവരുമാണ് ഇത്തരക്കാർ.
ഇത്തരത്തിൽ ദേഷ്യത്തോടുള്ള പ്രതികരണം ഏറ്റു വാങ്ങേണ്ടി വരിക പലപ്പോഴും സ്വന്തം കുടുംബത്തിൽ ഉള്ളവരൊ അല്ലെങ്കിൽ സ്വന്തം സൗഹൃദത്തിൽ തന്നെ ഉള്ളവരോ ഒക്കെ ആകും. ചെറിയ നിസാരമായ കാരണങ്ങൾ കൊണ്ട് ഉണ്ടാകുന്ന ഇത്തരം പ്രതികരണങ്ങൾ പല സൗഹൃദങ്ങളെയും നഷ്ടപ്പെടുത്തുകയും കുടുംബത്തിൽ ഉള്ളവരെ പോലും അന്യവൽക്കരിക്കപ്പെടുകയും ചെയ്യാറുണ്ട്...
ഇവക്ക് എതിരെ (പെട്ടെന്നുണ്ടാകുന്ന ദേഷ്യവും പ്രതികരണവും ) സ്വയം നമുക്ക് എന്ത് ചെയ്യാൻ സാധിക്കും.? സ്വയം ബോധ്യം ഉള്ളവനാകാൻ ശ്രമിക്കുക എന്നത് മാത്രമാണ് ഒരു പോംവഴി . നിങ്ങൾക്ക് നിങ്ങളുടെ ദേഷ്യത്തെ കുറിച്ചു ബോധമുള്ളവനാകാൻ കഴിയുമെങ്കിൽ, ആ ഒരു ബോധം തന്നെ അതിനെ മാറ്റുകയും, മുഴുവൻ പ്രക്രിയയെയും നിങ്ങൾക്ക് മനസ്സിലാക്കുവാൻ കഴിയുമെങ്കിൽ, മനസ്സിലാക്കുന്നതായ ആ പ്രക്രിയയിലൂടെ തന്നെ അത് ഒരു അബദ്ധമായി തീരുകയും ചെയ്യും.
വെറുപ്പുള്ളവനും ദേഷ്യമുള്ളവനുമായി തീരുന്നതിന്റെ ഒരടിസ്ഥാനഘടകം അതിനെക്കുറിച്ചുള്ള അജ്ഞതയാണ്. അതിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. അതേപ്പറ്റിയുള്ള ജാഗ്രതയില്ലായ്മയാണ്.
എന്നാൽ നിങ്ങൾ ജാഗരൂഗനാണെങ്കിൽ നിങ്ങൾക്ക് ദേഷ്യപ്പെടുവാൻ കഴിയില്ല. ദേഷ്യമായിത്തീരുന്ന ആ ഊർജത്തെ മുഴുവൻ ആ ജാഗ്രത വലിച്ചെടുക്കും .
നാം എത്ര നിസ്സാരരാണെന്ന്, അസ്വതന്ത്രരാണെന്ന്, നിസ്സഹായരാണെന്ന് നമ്മെ നിരന്തരം അനുഭവിപ്പിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് കോപം. പെട്ടെന്നുണ്ടാകുന്ന ആ കൈവിട്ടു പോകലിൽ തകരുന്നത് നമ്മുടെ കോപത്തിന് വിധേയമാകുന്നവർ മാത്രമല്ല. നമ്മൾ കൂടിയാണ്.ശരീരം മുഴുവൻ വിഷം നിറയുന്നതു പോലെ. വലിഞ്ഞു മുറുകി കലുഷമാകുന്ന നാഡീഞരമ്പുകൾ. വികൃതമാകുന്ന മുഖം. തനിക്ക് തന്നോടു തന്നെ വെറുപ്പ് തോന്നുന്ന അനുഭവം. എല്ലാ കൊടുങ്കാറ്റുമടങ്ങി ശാന്തമാകുമ്പോൾ നിയന്ത്രണം വിട്ടു പോയ മനസ്സിനെ പ്രതിയുള്ള പശ്ചാതാപം. ന്യായീകരണം. ഉറക്കമില്ലായ്മ...
പ്രശാന്തമായ അന്തരീക്ഷത്തെ അപ്പാടെ കലുഷമാക്കാൻ നമ്മുടെ ആ ഒരൊറ്റ പൊട്ടിത്തെറി മതി. കൂടെയുള്ളവരെല്ലാം ശിഥിലമാകും. കുഞ്ഞുങ്ങൾ പേടിച്ച് തളരും. ചുറ്റും വിഷം ചീറ്റുന്നതു പോലെയാണ് കോപം പ്രവർത്തിക്കുക. നാം അത്രമാത്രം സ്നേഹിക്കുന്ന എത്ര മനുഷ്യരെയാണ് ആ വിഷം വിഷമിപ്പിച്ചിട്ടുള്ളത്. വിഷമിപ്പിക്കുന്നത്.
എന്താണ് ഒരു വഴി ?
എളുപ്പവഴികൾ ഇല്ലേയില്ല. നിയന്ത്രണം മാത്രമാണ് വഴി. കോപം ഇരച്ചു കയറി വരുമ്പോൾ അതിൻ്റെ തുടക്കത്തിൽ തന്നെ ഇടപെടാൻ കഴിഞ്ഞാൽ രക്ഷപ്പെട്ടു. ആ തീ പടർന്നു പിടിക്കുന്നതിനു മുമ്പേ ശ്രദ്ധയോടെ നിയന്ത്രിക്കുക. അടങ്ങൂ, അടങ്ങൂ എന്ന് അടക്കം പറയുക.
അതിന് കഴിയില്ലെങ്കിൽ ഉടൻ ആ സ്ഥലത്തു നിന്ന് മാറുക. എങ്ങോട്ടെങ്കിലും ഇറങ്ങി നടക്കുക. ഉള്ളിലെ തീ അടങ്ങുന്നതു വരെ പുറത്തു കഴിയുക. എല്ലാം ഒന്ന് സൗമ്യമാകുമ്പോൾ തിരിച്ചു വരിക. അതൊരു വലിയ സാമൂഹ്യ പ്രവർത്തനമാണ്. സ്വയംസേവനവുമാണ്.
ഒരാൾ വ്യക്തിത്വമുള്ള സ്വതന്ത്ര വ്യക്തിയാകുന്നത് കോപത്തിനു മുകളിൽ നിയന്ത്രണം സാദ്ധ്യമാകുമ്പോൾ മാത്രമാണ്. അവിടെയാണ് മനനശീലമുള്ള മനുഷ്യൻ ജനിക്കുന്നത്. നാം പൗരബോധമുള്ള വ്യക്തിയാകുന്നത്. അവരവർക്കു മേൽ സമരം ചെയ്യാനുള്ള ആർജ്ജവം അതിനാവശ്യമാണ്. മറ്റുള്ളവരെ തോല്പിക്കുന്നിടത്തല്ല, അവരവരിലെ അനിയന്ത്രിതമായ വൈകാരികക്ഷോഭങ്ങൾക്കു മേൽ വിജയം വരിക്കുന്നിടത്താണ് നാം സ്വതന്ത്രരാകുന്നത്. ക്ഷമ ഒരു സഹനം തന്നെയാണ്. സ്വയം തെളിയാനുള്ള സമരമാണത്. കോപത്തെ വരുതിയിലാക്കാനുള്ള ഒരേയൊരു വഴി.
ഈ വിലപ്പെട്ട അറിവ് മറ്റുള്ളവർക്കും Share ചെയ്യൂ...