ഒരാൾക്ക് വന്ന ദുരന്തം അതേ അർഥത്തിലും ആഴത്തിലും ചുറ്റുമുള്ളവർക്കെല്ലാം സംഭവിച്ചാൽ ആ കാരണം കൊണ്ട് തന്നെ എല്ലാവരുടെയും ദുഃഖം ലഘൂകരിക്കപ്പെടും, പക്ഷെ, പങ്കുവയ്ക്കാൻ ആളുണ്ടല്ലോ എന്ന ഗുണപരമായ ചിന്തയല്ല അത്; തനിക്കു വന്ന ആപത്ത് മറ്റുള്ളവർക്കും വന്നല്ലോ എന്ന അനാരോഗ്യകരമായ ചിന്തയിൽ നിന്നു ലഭിക്കുന്ന ആശ്വാസമാണത് എന്നോർക്കുക.
എന്തേ എനിക്കുമാത്രമിങ്ങനെ, മറ്റുള്ളവരെല്ലാം ശുഭകരമായി ജീവിക്കുന്നു, അവർക്കെന്താണ് ഇങ്ങനെയൊന്നും സംഭവിക്കാത്തത്* ഇങ്ങനെയുള്ള വിനാശകരമായ വിചാരങ്ങളാണ് ചെറിയ പരുക്കേറ്റവരെപ്പോലും നിർജീവരാക്കുന്നത്.
നോക്കൂ; എല്ലാ ജീവിതങ്ങളും മൺവീടുകളാണ്. ഒന്നിനും ആജീവനാന്ത ഗാരന്റിയില്ല. ഒഴുക്കിലകപ്പെടാനോ ഉണങ്ങി വിണ്ടുകീറാനോ സാധ്യതയുണ്ട്. അതുകൊണ്ട് അന്യന്റെ പിഴവുകളെ അൽപം ആദരവോടെ കണ്ട് മുന്നോട്ട് പോകാൻ ശ്രമിക്കുക.
നന്മകൾ ചെയ്യുന്നവരുടെയും തിന്മകൾ ചെയ്യുന്നവരുടെയും പ്രതിബിംബങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെങ്കിലും തിന്മകൾ ചെയ്യുന്നവരെ നാം അവരുടെ മരണത്തോടെ മറക്കും. നന്മകൾ ചെയ്യുന്നവരുടെ സാന്നിധ്യം അവർ വിട പറഞ്ഞ് നാളുകൾ കഴിഞ്ഞാലും സമൂഹത്തിൽ അലയടിച്ച് കൊണ്ടിരിക്കും.
ചുറ്റുമുള്ളവയിൽ എല്ലാം തങ്ങളുടെ ചെയ്തികൾ പ്രതിഫലിക്കും എന്ന തിരിച്ചറിവ് നമ്മുടെ പ്രവർത്തികളെ വിശുദ്ധമാക്കും .