ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ യുവതിക്ക് വീട്ടില്‍ സുഖപ്രസവം
കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ യുവതിക്ക് വീട്ടില്‍ സുഖപ്രസവം. മലപ്പുറം പൊന്‍മള മാണൂര്‍ സ്വദേശിനിയായ 25 കാരിയാണ് വീട്ടില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്.
യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു. കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം മലപ്പുറം താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിനു കൈമാറി. ഉടന്‍ ആംബുലന്‍സ് പൈലറ്റ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ അഖില്‍ നാഥ് എന്നിവര്‍ സ്ഥലത്തെത്തി.
എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ നടത്തിയ പരിശോധനയില്‍ പ്രസവം എടുക്കാതെ ആംബുലന്‍സിലേക്ക് മാറ്റുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസിലാക്കി വീട്ടില്‍ തന്നെ ഇതിനു വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി.
തുടർന്ന് ഇവരുടെ പരിചരണത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി. ഉടന്‍ അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി ഇരുവര്‍ക്കും വേണ്ട പ്രഥമ ശുശ്രൂഷ നല്‍കി ആംബുലന്‍സിലേക്ക് മാറ്റി. വൈകാതെ ആംബുലന്‍സിൽ ഇരുവരെയും വീട്ടുകാരുടെ നിര്‍ദേശാനുസരണം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍.