ക്യാൻസറും ഹൃദയാഘാതവുമല്ല; ഇന്ത്യയിൽ ഓരോ വർഷവും അരലക്ഷത്തോളം പേർ മരിക്കുന്നത് മറ്റൊരു കാരണത്താൽ
ആരോഗ്യം: ഹൃദയാഘാതവും ക്യാൻസറും. ഇന്നത്തെ കാലഘട്ടത്തിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന രോഗാവസ്ഥയാണ്. ഈ അടുത്ത കാലത്തായി 30 പോലും തികയാത്ത യുവാക്കൾ ഹൃദയഘാതം വന്ന് മരണപ്പെടുന്ന വാർത്തകളാണ് പുറത്തുവരുന്നത്. വർഷം തോറും ഇന്ത്യയിൽ ക്യാൻസർ രോഗികളുടെ എണ്ണവും ഗണ്യമായി വർദ്ധിക്കുന്നു. ഒരുപക്ഷേ, ജീവിത ശൈലിയിൽ കൃത്യമായ മാറ്റം വരുത്തിയാൽ ഈ ഒരു രോഗാവസ്ഥയിൽ നിന്ന് ഒരു പരിധി വരെ മോചനം നേടിയേക്കാം.
എന്നാൽ ഇന്ത്യയിൽ എല്ലാ വർഷവും അരലക്ഷത്തോളം പേർ മരിക്കാനിടയാകുന്നത് മറ്റൊരു കാരണത്താലാണ്. 2000 മുതൽ 2019 വരെ 12 ലക്ഷത്തോളം മനുഷ്യർ വിഷപ്പാമ്പുകളുടെ കടിയേറ്റ് മരിച്ചെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ ഓരോ വർഷവുമുള്ള ശരാശരി മരണ സംഖ്യ 58,000 ഓളം വരും. ഇന്ത്യയിൽ ഓരോ വർഷവും പാമ്പ് കടിയേറ്റുള്ള മരണം വർദ്ധിക്കുകയാണെന്നാണ് ആരോഗ്യ വിദഗ്ദ്ധരും ശാസ്ത്രഞ്ജരും അഭിപ്രായപ്പെടുന്നത്. പാമ്പ് കടിയേൽക്കുന്നവർ രാജ്യത്ത് ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുകയാണന്ന അഭിപ്രായവും ഇവർ പങ്കുവയ്ക്കുന്നുണ്ട്.
കഴിഞ്ഞ വർഷം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പാമ്പ് കടിയേറ്റ് മരണപ്പെട്ടവരുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പഠനത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് വെളിപ്പെടുത്തിയത്. 13 സംസ്ഥാനങ്ങളെ അഞ്ച് സോണുകളാക്കിയാണ് പഠനം നടത്തിയത്.
പത്തിൽ ഒമ്പത് പേർക്കും പാമ്പ് കടിയേൽക്കുന്നത് ചെറിയ ഗ്രാമങ്ങളിലുള്ളവർക്കാണ്.
കർഷകർ, തൊഴിലാളികൾ, ആദിവാസി ജനത, പാമ്പ് പിടുത്തക്കാർ എന്നീ വിഭാഗക്കാരാണ് കൂടുതലായും പാമ്പ് കടിയേറ്റ് മരണപ്പെടുന്നത്.