പുസ്തകങ്ങളില്ലാത്ത മുറി ആത്മാവില്ലാത്ത ശരീരം പോലെയാണ്.
വായന മനുഷ്യനെ പൂര്‍ണ്ണനാക്കുന്നു. അറിവു പകരുന്നതിനോടൊപ്പം തന്നെ നമ്മുടെ സംസ്‌ക്കാരത്തെ തിരിച്ചറിയാനും വായന സഹായിക്കുന്നു. അക്ഷരങ്ങളുടെ ലോകത്തേക്കു നാം ചെല്ലുമ്പോള്‍ വിജ്ഞാനത്തിന്റേയും, വൈവിധ്യത്തിന്റേയും വാതായനങ്ങള്‍ നമുക്കു മുന്നില്‍ തുറക്കുന്നു.
മലയാളത്തെ സ്നേഹിക്കാനും, ഭാഷയെപ്പറ്റി പഠിക്കുവാനും നാം പുതുതലമുറയെ സന്നദ്ധരാക്കണം. ഭാഷയെ തൊട്ടറിയാനും, അനുഭവിച്ചറിയാനും വിവിധ തരത്തിലുള്ള മാധ്യമങ്ങളുടെ സാന്നിദ്ധ്യം നമ്മെ സഹായിക്കാനുണ്ടെങ്കിലും ആത്യന്തികമായ പുസ്തകവായന തന്നെയാണ് നമ്മെ സന്തോഷിപ്പിക്കുന്നത്.
രചനാത്മക ജീവിതം നയിക്കാൻ നാം തീർച്ചയായും വായനയുടെ തീക്ഷ്ണമായ കർമ്മപഥങ്ങളിലൂടെ കടന്നു പോയേ മതിയാകൂ. അതിന് വ്യാഖ്യാനാത്മകമായതും വിശകലനാത്മകമായതും വിമർശനാത്മകവുമായ കർമ്മപഥങ്ങളുണ്ട്. അത് മനുഷ്യരിൽ അന്വേഷണത്വര വർധിപ്പിക്കുന്നു.
കുട്ടിക്കാലം മുതലേ കൂടെയുള്ള മിഥ്യാബോധങ്ങളെ തകർക്കാൻ വായന നമ്മെ സഹായിക്കുന്നു. പ്രകൃതിയെയും സമൂഹത്തെയും അറിയുന്നതിനും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം മനസിലാക്കാനും നാടിനെ അറിഞ്ഞു ജീവിക്കാനും വായന പ്രാപ്തമാക്കുന്നു. വർത്തമാനത്തിൽ നിന്ന് ഭാവിയിലേക്കും ഭൂതകാലത്തിലേക്കും അത് കൂട്ടിക്കൊണ്ടു പോകുന്നു. ഒരേസമയം പല പല കാലങ്ങളിലേക്കും പല പല കാഴ്ചകളിലേക്കും ഭിന്നവിചിത്രമായ നാനാതരം കഥാപാത്രങ്ങളിലേക്കും ഒക്കെ വായന നമ്മെ സഞ്ചരിപ്പിക്കുന്നു. അയ്യപ്പപ്പണിക്കരുടെ നിരീക്ഷണം ശ്രദ്ധിക്കുക. “നാം ജീവിക്കുന്ന ജീവിതം പോലെത്തന്നെ സമാന്തരമായി മറ്റൊരു ജീവിതം വായന നമുക്ക് തരുന്നു. മനസു കൊണ്ട്, ഭാവന കൊണ്ട് ഈ രണ്ടു ജീവിതവും നാം ജീവിക്കുന്നു. ജീവിതത്തിന്റെ പുനർവായന തന്നെയല്ലേ പുസ്തകവായന?” ആയതിനാൽ “വായിക്കാൻ സമയമില്ലെന്നു പറയുന്നയാൾ ബുദ്ധിപരമായി ആത്മഹത്യ ചെയ്യുന്നു” എന്ന തോമസ് ഡ്രെെയറുടെ അഭിപ്രായവും ഇവിടെ സംഗതമാണ്.
എഴുത്തോലയിലെ വായനയിൽ നിന്ന് അച്ചടി അധിഷ്ഠിതമായ വായനയിലേക്കും അവിടെ നിന്നു ഡിജിറ്റൽ വായനയിലേക്കും കേരള സമൂഹം മാറിയിടത്താണ് അറിയാത്ത ലോകങ്ങള്‍ മലയാളിയില്‍ ആവേശിച്ചതും ലോകബോധം നവീകരണത്തിന് വിധേയമായതും. ഇപ്പോഴിതാ കോവിഡ് മഹാമാരി നമ്മെയും നമ്മുടെ കുട്ടികളെയും അത്യാധുനികതയിലേക്ക് കൊണ്ടു വന്നിരിക്കുന്നു. ഫെയ്സ്ബുക്കും വാട്ട്സാപ്പും ട്വിറ്ററും ഇൻസ്റ്റഗ്രാമും യൂട്യൂബും ടാബുകളും ഒക്കെയടങ്ങുന്ന കേരളീയ സൈബർലോകം വായനയുടെയും ചർച്ചകളുടെയും പുതിയ ലോകം സൃഷ്ടിക്കുകയാണ്. മാധ്യമങ്ങള്‍ മാറിയേക്കാമെങ്കിലും മനുഷ്യന്റെ വായിക്കാനുള്ള ആഗ്രഹം മാറുന്നില്ല. സ്മാർട്ട് ഫോണിൽ 16 മണിക്കൂർ വായിക്കാൻ യുവ തലമുറക്ക് യാതൊരു മടിയുമില്ല. ആളുകൾ ദിവസത്തിന്റെ ഭൂരിഭാഗവും ഡിജിറ്റൽ മീഡിയയിൽ വായനയിൽ ആണ്.
എല്ലാ കാലത്തും ബൗദ്ധികലോകത്തെ മുന്നോട്ടു കൊണ്ടുപോയ പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങള്‍ റോബോട്ടിക്‌സ്, ജനറ്റിക്‌സ്, വെര്‍ച്വല്‍ സോഷ്യലൈസേഷന്‍ എന്നിവയാണ്. ഈ മൂന്നു മേഖലകളിലെ സ്വാധീനം ലോകത്തെ അപ്പാടെ മാറ്റിമറിക്കുന്ന കാഴ്ച നമ്മെ അമ്പരപ്പിക്കുന്നു.
ഹൃദയാനുഭൂതികളുടെ ചേതോഹരമായ സൃഷ്ടിയാണ് മലയാള സാഹിത്യം. ഈ സാഹിത്യസൃഷ്ടികള്‍ ആത്മാവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതാണ്.
ഒരു ദേശത്തിന്റ വളര്‍ച്ചയും സാമൂഹിക, സാംസ്‌കാരിക പുരോഗതിയും കൈവരിക്കുന്നത് ഇത്തരം സൃഷ്ടികള്‍ വായിക്കുന്നതിലൂടെയാണ്. നമ്മുടെ കേരളം അറിവു നേടിയിട്ടുള്ളതും ഇത്തരം വായനയിലൂടെയാണ്.
ലോകത്തെ ചില പ്രശസ്ത വ്യക്തികളുടെ വായനശീലം നോക്കാം. വാറൻ ബഫറ്റ് ഒരു ഇൻവെസ്റ്ററായി പേരെടുക്കുന്നതിനു മുമ്പ് ദിവസവും 500 പേജ് വായിച്ചു തീർക്കുമായിരുന്നു. ബിൽ ഗേറ്റ്സ് വർഷത്തിൽ 50 പുസ്തകങ്ങൾ വീതം വായിക്കുമായിരുന്നു. എലോൺ മസ്‌ക് റോക്കറ്റുണ്ടാക്കാൻ പഠിച്ചത് വായനയിലൂടെയാണ്. ഓരോ 2 ആഴ്ചയിലും ഒരു പുസ്തകം എങ്കിലും വായിക്കാൻ മാർക്ക് സക്കർബർഗിന് കഴിഞ്ഞിരുന്നു.
മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട ആന്തരിക പ്രതിരോധമെന്ന നിലയിൽ വായനയുടെ പ്രയാണം തുടരുകയാണ്. ഇംഗ്ലിഷ് സാഹിത്യകാരനായ ക്രിസ്റ്റഫര്‍ മോര്‍ലി പറയുന്നത് ‘പുസ്തകങ്ങളില്ലാത്ത മുറി ആത്മാവില്ലാത്ത ശരീരം പോലെയാണെ’ന്നാണ്. അതെ, വായനയില്ലാത്ത ജീവിതം അതുപോലെ തന്നെയാണ്.
ഒരുപാട് വായിക്കുന്ന ആളുകൾ വിജയിക്കാൻ കൂടുതൽ സാധ്യതയുള്ളത് എന്തുകൊണ്ടാണ്? അവർക്ക് ഏകാഗ്രത ലഭിക്കുന്നു, അവർ ജീവിതത്തിൽ ലക്ഷ്യങ്ങൾ വക്കുന്നു, അവർ വിവേകപൂർവം സമയം ചെലവഴിക്കുന്നു, അവർക്ക് അവിശ്വസനീയമായ രീതിയിൽ എഴുതാനും സംസാരിക്കാനും ശേഷിയുണ്ട്, അവർ എപ്പോഴും പുതുമയുള്ള വ്യക്തികളുമായിരിക്കുന്നു എന്നതൊക്കെക്കൊണ്ടാണ്.
തലച്ചോറിനുള്ള വ്യായാമമാണ് വായന. ശാരീരിക വ്യായാമം പ്രമേഹത്തിന്റെയും ഹൃദ്രോഗത്തിന്റെയും സാധ്യത കുറക്കുന്നതു പോലെ, പതിവായി വായിക്കുന്നത് ഡിമെൻഷ്യ പോലുള്ള രോഗങ്ങളുടെ അപകടസാധ്യത കുറക്കുകയും മെമ്മറി, ഏകാഗ്രത, മാനസികാവസ്ഥ എന്നിവ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ലോക്ഡൗൺ സമയത്ത് മാനസിക സന്തുലിതാവസ്ഥ നിലനിർത്താൻ മോട്ടിവേഷനൽ പുസ്തകങ്ങൾ വായിക്കുന്നത് പലരെയും സഹായിച്ചിരുന്നുവത്രെ.
രോഗങ്ങളും അതുമായി ബന്ധപ്പെട്ട സാമൂഹിക ഒറ്റപ്പെടലും മറ്റും രോഗികളെ വളരെയധികം ഏകാന്തതയിലേക്ക് തള്ളി വിടുന്നു. പക്ഷേ അവർക്ക് ആത്മപരിശോധന നടത്താനും ക്രിയേറ്റീവ് പ്രോജക്റ്റുകൾ ആരംഭിക്കാനും ഉള്ള ഒരു അവസരം കൂടിയാണിത്. 1665 ലെ പ്ലേഗ് സമയത്ത്, ഐസക് ന്യൂട്ടൺ ഒരു വർഷക്കാലം തന്റെ കുടുംബവീട്ടിലേക്ക് പിൻവാങ്ങി. ഗുരുത്വാകർഷണത്തെക്കുറിച്ചുള്ള, ലോകത്തെ മാറ്റിമറിക്കുന്ന ഉൾക്കാഴ്ചകളോടെ അദ്ദേഹം ഉയർന്നു വന്നുവെന്ന കാര്യം നാം വിസ്മരിക്കരുത്. വായന സമ്മർദ്ദത്തെ നേരിടാൻ സഹായിക്കുകയും ഈ അനിശ്ചിത കാലഘട്ടത്തിൽ സൃഷ്ടിപരമായ പരിഹാരങ്ങൾ നൽകുകയും ചെയ്യുന്നു. അതികഠിനമായ മരണദുഃഖങ്ങളെയും ദുസ്സഹമായ ഏകാന്തതകളെയും ഉത്കണ്ഠകകളെയും നൈരാശ്യങ്ങളെയും നമുക്ക് ശക്തവും സൃഷ്ടിപരവുമായ വായന കൊണ്ട് അകറ്റാം.