നിങ്ങൾ പ്രണയിക്കുന്ന വ്യക്തി നിങ്ങളെ ആത്മാർത്ഥമായി ഇഷ്ടപ്പെടുന്നുവോ ? തിരിച്ചറിയാം.!
സുന്ദരമായ മാനസിക വികാരമാണ് പ്രണയം. പ്രണയത്തിലായിരിക്കുമ്പോൾ
ഇരുവരും അവാച്യമായ മാനസിക അനുഭൂതി കളിലേക്ക് ഉയർത്തപ്പെടുകയാണ്. പക്ഷേ പ്രണയ തകർച്ച ഉണ്ടായാലോ ?. പ്രണയനിയുടെ മേൽ ആസിഡ് ഒഴിക്കുന്നു , കുത്തി വീഴ്ത്തുന്നു , കൊല്ലുന്നു, ഫോട്ടോകൾ പരസ്യപ്പെടുത്തുന്നു. കാമുകിയുടെ പുതിയ സുഹൃത്തിനെ ഉപദ്രവിക്കുന്നു.
തന്റെ പ്രണയം നഷ്ടമാകുന്നത് സഹിക്കാൻ കഴിയാത്ത ഭ്രാന്തമായ മാനസിക നിലയിലാകുന്നതിനാലാകാം പ്രതികാരത്തിനു മുതിരുന്നത്. ഇത്തരക്കാരുടേത് യഥാർത്ഥ പ്രണയമായിരിക്കുമോ ?അല്ലായെന്നു നുറു പ്രാവശ്യം പറയേണ്ടിവരും
അടുപ്പം കാണിക്കുന്ന വ്യക്തിയുടെ ഇഷ്ടത്തിനനുസരിച്ച് നിങ്ങൾ പെരുമാറണമെന്ന വാശി കാണിക്കുന്നുവെങ്കിൽ ഏറെ ശ്രദ്ധിക്കണം .അവർ പറയുന്നത് അനുസരിക്കാതെ വരുമ്പോൾ ഭീഷണിയും ബ്ലാക്ക്മെയിലിഗും പുറത്തെടുക്കുവാനും സാധ്യത ഏറെയാണ്.
എവിടെയൊക്കെ പോകരുത്, ആരോടൊക്കെ മിണ്ടരുത് എന്നും ഏതു വസ്ത്രം ധരിക്കണമെന്നും തുടങ്ങി വ്യക്തിപരമായ കാര്യങ്ങളിൽ ഇവർ നിയന്ത്രണങ്ങൾ വെച്ചേക്കാം.കാൾ ലിസ്റ്റ് പരിശോധിക്കുക. ഫോൺ എടുക്കാൻ താമസിച്ചാൽ കലഹം ഉണ്ടാക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ ഇരുത്തമില്ലാത്ത പ്രണയത്തിന്റെ ലക്ഷണങ്ങളാണ്.
ഇടയ്ക്കിടെ, നിനക്ക് ഞാനില്ലേ എന്ന രീതിയിൽ മധുരമായി സംസാരിക്കും. ഇത് മറ്റു ബന്ധങ്ങൾ ഒഴിവാക്കി തന്നിലേക്ക് തന്നെ നിങ്ങളെ ഒതുക്കാനുള്ള ശ്രമമാണ്. എന്നെ വിട്ടുപോയാൽ ചത്തു കളയുമെന്നും എന്നെ തഴഞ്ഞാൽ കൊന്നുകളയും എന്നു ചിലർ പറയുകയും ചെയ്യും. ചിലർ ശരീരത്തിൽ മുറിവുണ്ടാക്കി അതിന്റെ ഫോട്ടോ എടുത്ത് വാട്സാപ്പിൽ അയക്കുകയും ചെയ്യും...ഇതെല്ലാം കടുത്ത വ്യക്തിത്വ വൈകല്യത്തിന്റെ സൂചനകളാണ്.
ചിലർ സ്നേഹ പ്രകടനത്തിന് ശേഷം നിസ്സാര കാര്യത്തിന് കോപിക്കുകയും അല്പം കഴിഞ്ഞ് സോറി പറഞ്ഞു അടുക്കുവാനും വന്നേക്കാം. ഇവരേയും ഒരിക്കലും വിശ്വസിക്കുവാൻ കൊള്ളില്ല. മറ്റാരെങ്കിലുമായി സംസാരിക്കുകയോ കൂടുതൽ ഇടപെടുകയോ ചെയ്താൽ അസൂയയും സംശയവും വച്ചു പുലർത്തുകയും വൈകാരികമായി പ്രതികരിക്കുകയും ചെയ്യുന്നത് പക്വതക്കുറവിന്റെ ലക്ഷണങ്ങളാണ്.
ഇത്തരം വ്യക്തികളുമായുള്ള വൈവാഹിക ജീവിതം ദുരിതപൂർണമായിരിക്കും. ഇതുവരെ പറഞ്ഞതിൽ ഏതെങ്കിലും ഒരു പ്രശ്നമുണ്ടെങ്കിൽ പ്രണയം മുന്നോട്ടു കൊണ്ടു പോകാതെ അവസാനിപ്പിക്കുന്നതാണ് ഭാവിക്ക് നല്ലതെന്ന് ഓർമ്മപ്പെടുത്തട്ടെ !.
KHAN KARICODE
CON PSYCHOLOGIST