മനസ്സിലെ നിഷേധാത്മക ചിന്തകൾ
'നമ്മൾ മുന്നോട്ടു പോകുവാൻ തുടങ്ങുമ്പോഴാണ് നമ്മൾ പൊട്ടിച്ചെറിയേണ്ട ചങ്ങലകളുടെ കിലുക്കം നമുക്ക് കേൾക്കുവാൻ സാധിക്കുന്നത്.'
ദിവസവും രാവിലെ അത്യപൂര്‍വമാം വിധം കൌതുകമുണര്‍ത്തിക്കൊണ്ട് സൂര്യന്‍ ഉദിച്ചുയരുന്നു. ഒരു നിശ്ചിത പരിധിക്കുള്ളില്‍ നിന്നുകൊണ്ട് അത് കറങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. നമ്മുടെ സൌരയൂഥത്തിലെ മറ്റെല്ലാ ഗ്രഹങ്ങളും ഇതേ പോലെ കറങ്ങുന്നുമുണ്ട്, അതുപോലെതന്നെ മറ്റെല്ലാ കാര്യങ്ങളും ഈ സൌരയൂഥത്തില്‍ കൃത്യനിഷ്ഠയോടുകൂടി അതിമനോഹരമായി സംഭവിച്ചു കൊണ്ടിരിക്കുന്നു. സൌരയൂഥത്തില്‍ മാത്രമല്ല, കോടാനുകോടി ഗ്യാലക്സികളുള്ള ഈ മഹാപ്രപഞ്ചമാകെ കൃത്യനിഷ്ഠയോടുകൂടി തത്വാധിഷ്ടിതമായി പ്രവര്‍ത്തിക്കുന്നു. അതുകൊണ്ട് ഈ മഹാ പ്രപഞ്ചത്തെ സംബന്ധിച്ചടത്തോളവും, അതുമായി ബന്ധപ്പെട്ടു കിടക്കുന്ന നമ്മളെ സംബന്ധിച്ചടത്തോളവും ഇന്നെന്നല്ല, ഏത് ദിവസവും വിജയപ്രദമായ ദിവസങ്ങള്‍ തന്നെയാണ്.
ഈ ലോകത്തുള്ള എന്തിനേക്കാളും വലുതായിട്ടാണ് നിങ്ങളുടെ ഉള്ളില്‍ കടന്നു കൂടിയിരിക്കുന്ന എന്തെങ്കിലുമൊരു വേണ്ടാത്ത ചിന്തയെ നിങ്ങള്‍ കാണുന്നത്.
എന്നിട്ടും നിങ്ങളുടെ ഉള്ളിലേക്ക് നിഷേധാത്മക ചിന്തകള്‍ ഇഴഞ്ഞു കയറുകയാണ്. അതുകൊണ്ടാണ് നിങ്ങളുടെ മനസ്സിൽ “ഇന്നൊരു ചീത്ത ദിവസമാകുമോ"എന്ന ആശങ്ക കയറിക്കൂടുന്നത്. പ്രകൃതിയെക്കാളും, ഈ ലോകത്തുള്ള എന്തിനേക്കാളും വലുതായിട്ടാണ് നിങ്ങളുടെ ഉള്ളില്‍ കടന്നു കൂടിയിരിക്കുന്ന എന്തെങ്കിലുമൊരു വേണ്ടാത്ത ചിന്തയെ നിങ്ങള്‍ കാണുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ നിങ്ങള്‍ നിങ്ങളുടെ ചിന്തയില്‍ മാത്രം ഒതുങ്ങി കഴിയുകയാണ്.
അനാവശ്യമായി ടെന്‍ഷന്‍ അടിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല. സ്വയം സൃഷ്ടിച്ച നിഷേധാത്മക ചിന്തമൂലം, ഈ പ്രപഞ്ചമാകെ വ്യാപിച്ചുകിടക്കുന്ന ആകാശ തത്വത്തിന്റെ സൌന്ദര്യത്തെയും, ആകാരസൌഷ്ടവത്തെയും, അതില്‍ നിന്നുളവാകുന്ന അനുഭൂതികളെയും ആസ്വദിക്കാനാവാതെ വെറുതെ ജീവിതം കളഞ്ഞു കുളിക്കുകയാണ്.
സംഭവിക്കാൻ പാടില്ലാത്തതെന്തോ സംഭവിച്ചു അല്ലെങ്കില്‍ നിങ്ങള്‍ കരുതിയിരുന്നതുപോലെ സംഗതികള്‍ നടന്നില്ല എന്നൊന്ന് മനസ്സില്‍ ഇടം പിടിച്ചു കഴിഞ്ഞാല്‍, പിന്നെ വേറൊന്നിനും നിങ്ങളുടെ മനസ്സില്‍ ഇടം കാണുകയില്ല. ചിന്തിച്ചതിനെപ്പറ്റി തന്നെ അയവിറക്കി കൊണ്ടേയിരിക്കും. അതു കൊണ്ടെന്തു നേടാനാവും? ചിന്ത ഒന്നിനും ഒരു പ്രതിവിധിയല്ലല്ലോ. ജീവിതാവശ്യങ്ങളെല്ലാം നിറവേറ്റാനായി കഴിഞ്ഞാല്‍ പിന്നെ നാം സാങ്കല്പികമായി മെടഞ്ഞു വരിഞ്ഞിരിക്കുന്ന ഈ കവചം തല്ലിതകര്‍ത്ത് ജീവിതത്തിന്റെ വിശാലസാദ്ധ്യതകളെ കുറിച്ചറിയാനുള്ള ഇച്ഛക്ക് ദിനംപ്രതിയെന്നോണം തീവ്രത കൂട്ടുകയാണ് വേണ്ടത്.
ഒരിക്കൽ ഒരു കർഷകൻ തന്റെ മൂന്നു കഴുതകളെ ചന്തയിൽ വിൽക്കുവാനായി കൊണ്ടുപോകുകയായിരുന്നു. പോകുന്ന വഴിയിൽ ഒരു പുഴ ഒഴുകുന്നുണ്ടായിരുന്നു. ഒന്നു കുളിച്ചു ക്ഷീണം അകറ്റുവാൻ കർഷകൻ തീരുമാനിച്ചു. അയാൾ കഴുതകളെ കെട്ടുവാൻ കയറെടുത്തു. പക്ഷെ അയാളുടെ കൈയിൽ രണ്ടു കയറുകളെ ഉണ്ടായിരുന്നുള്ളു.
കർഷകൻ വിഷമത്തിലായി.അയാൾ ചുറ്റും നോക്കിയപ്പോൾ അടുത്തൊരു ആല്‍മരച്ചുവട്ടിലിരുന്നു ധ്യാനിക്കുന്ന ഒരു സന്യാസിയെ കണ്ടു. കർഷകൻ സന്യാസിയോട് തന്റെ ആവശ്യം ബോധിപ്പിച്ചു. സന്യാസി പറഞ്ഞു താങ്കൾക്കു മൂന്നാമത്തെ കഴുതയെ ഓടിപ്പോകാതെ സൂക്ഷിക്കണമെങ്കിൽ ഒരു കാര്യം ചെയ്യുക. രണ്ടു കഴുതകളെ മൂന്നാമത്തെ കഴുത കാണുന്ന വിധത്തിൽ കെട്ടിയിടുക. എന്നിട്ട് മൂന്നാമത്തെ കഴുതയെ കെട്ടുന്നത് പോലെ അഭിനയിക്കുക. ഇതു കാണുമ്പോൾ മൂന്നാമൻ തന്നെയും അവിടെ ബന്ധിച്ചിട്ടുണ്ട് എന്നു വിശ്വസിച്ചു കൊള്ളും. കർഷകൻ അങ്ങിനെ തന്നെചെയ്തു. നന്നായി ആസ്വദിച്ചു കുളിച്ചു അയാൾ തിരികെ വന്നു. കഴുതകൾ മൂന്നും അവിടെ തന്നെ ഉണ്ടായിരുന്നു.
കർഷകൻ കയറുകൊണ്ട് മരത്തിൽ കെട്ടിയിരുന്ന രണ്ടു കഴുതകളെയും അഴിച്ചു മുന്നോട്ടു നടന്നു. എന്നാൽ മൂന്നാമത്തെ കഴുത അവിടെത്തന്നെ നിന്നു. കർഷകൻ കഴുതയെ വിളിച്ചു, അതനങ്ങിയില്ല. അയാൾ അതിനെ ശാസിച്ചു, എന്നിട്ടും കഴുത അനങ്ങിയില്ല. അയാൾ അതിനെ തൊഴിച്ചു നോക്കി, കഴുത അനുസരിച്ചില്ല.
വീണ്ടും കർഷകൻ സഹായത്തിനായി സന്യാസിയുടെ അടുത്തെത്തി. സന്യാസി ചോദിച്ചു "നിങ്ങൾ കഴുതയുടെ കയർ അഴിച്ചിരുന്നോ?"
കർഷകൻ പറഞ്ഞു "അതിനു ഞാൻ കഴുതയെ കെട്ടിയിരുന്നില്ലല്ലോ"
സന്യാസി പുഞ്ചരിച്ചു കൊണ്ടു പറഞ്ഞു. "അല്ലയോ സുഹൃത്തേ, ഇല്ലാത്ത കയറുകൊണ്ട് അതിനെ കെട്ടിയിട്ടിട്ടാണ് താങ്കൾ കുളിക്കുവാൻ പോയതെങ്കിൽ ആ കയർ അഴിക്കുന്നതായും കഴുതക്കു ബോധ്യപ്പെടണം. അതിനെ അഴിക്കുന്നതു പോലെ ഒന്നു കാണിക്കു, പിന്നെ എല്ലാം ശരിയായിക്കൊള്ളും."
കർഷകൻ കഴുതയുടെ മുന്നിൽ ചെന്നു മരത്തിൽ നിന്നും കയർ അഴിക്കുന്നതുപോലെ കാണിച്ചു. പിന്നെ കഴുതയോടു നടക്കാൻ പറഞ്ഞു. തലയൊന്നാട്ടി ശരീരം ഒന്നു കുടഞ്ഞു കഴുത മുന്നോട്ടു നടന്നു.
ഇതുപോലെ തന്നെ നമ്മുടെ മനസ്സിനെ കെട്ടിയിട്ടിരിക്കുന്ന ചില ചിന്തകൾ / വിശ്വാസങ്ങൾ ഉണ്ടാകാം. ചിലപ്പോൾ ആ കയറുകൾ നമ്മുടെ ചെറുപ്പകാലത്തെ അനുഭവങ്ങളാകാം, ചിലരുടെ അഭിപ്രായങ്ങളാകാം. എന്തു തന്നെയായാലും അത്തരം നിഷേധാത്മക കാര്യങ്ങളുടെ കയറുകളുടെ കെട്ടുകളില്‍ നിന്നും നമ്മുടെ മനസ്സിനെയും ചിന്തകളെയും മോചിപ്പിക്കൂ. പുത്തൻ സാധ്യതകളുടെ പൊൻചക്രവാളങ്ങൾ ഉദിച്ചുയരുന്നത് കാണാം.
'നമ്മൾ മുന്നോട്ടു പോകുവാൻ തുടങ്ങുമ്പോഴാണ് നമ്മൾ പൊട്ടിച്ചെറിയേണ്ട ചങ്ങലകളുടെ കിലുക്കം നമുക്ക് കേൾക്കുവാൻ സാധിക്കുന്നത്.'