മുഖസ്തുതി ഒരു വ്യക്തിയുടെ അഹംഭാവത്തെ വർദ്ധിപ്പിച്ച്, താൻ പ്രതാപിയാണെന്ന തെറ്റായ ബോധം അയാളിൽ ഉണ്ടാക്കും. അനാവശ്യമായ വിമർശനമാകട്ടെ ഒരു വ്യക്തിയിൽ
അപകർഷതാബോധം സൃഷ്ടിക്കും .
"അപകർഷതാബോധം " എന്നത് സ്വയം കണ്ണടച്ചുണ്ടാക്കുന്ന ഇരുട്ടാണ്.
നമ്മളിൽ ഉണ്ടായിട്ടു കൂടി
കണ്ടെത്താൻ ശ്രമിക്കാതെ മറെറാരുവനിൽ നമ്മൾ
തേടി കണ്ടെത്തുന്ന ഇരുട്ട്.
നമ്മുടെ കുറവുകളെ സ്വയം വിലയിരുത്തി കുത്തിയിരുന്ന് ചുമ്മാ വിഷമിച്ചിട്ട് ഒരുകാര്യവുമില്ല. നമ്മുടെ കഴിവുകളെ നിരന്തര പ്രയത്നത്താൽ ജ്വലിപ്പിച്ചെടുക്കുക. കുറവുകളെ ലജ്ജിപ്പിക്കുക.
നഷ്ടപ്പെട്ടു എന്ന യാഥാർത്ഥ്യം തിരിച്ചറിയുന്നിടത്തു നിന്നേ
അതിജീവനം സാധ്യമാകൂ ....
തോല്പിക്കുമെന്ന് വെല്ലുവിളിക്കുന്ന
വിധിയെ നോക്കി ചിരിച്ചു കൊണ്ട്
"പോയി പണി നോക്കെടാ "
എന്ന് പറയാൻ കഴിയണം.
കുടയ്ക്ക് മഴ പെയ്യുന്നത് തടയാൻ കഴിയില്ല. എന്നാൽ മഴയത്ത് നമ്മളെ നനയ്ക്കാതെ സംരക്ഷി ക്കാൻ കഴിയും. ആത്മവി
ശ്വാസത്തിന് പരാജയങ്ങളെ തടയാൻ കഴിയില്ല. എന്നാൽ വെല്ലുവിളികളെ
ധൈര്യത്തോടെ നേരിടാനും
അതിജീവിക്കാനും നമ്മെ പ്രാപ്തരാക്കും.
ഒന്നല്ലെങ്കിൽ മറ്റൊരു നഷ്ടത്തിൻ്റെ തുരുത്തിൽ ഒറ്റപ്പെട്ടു പോയ വഞ്ചികളാണ് ഓരോ മനുഷ്യരും. തിരികെ
ചെന്നണയാൻ ഒരു
കടവോ കടവത്തൊരു
റാന്തൽ വെളിച്ചമോ ഇല്ലെന്ന് തിരിച്ചറിയുന്നിടത്താണ് നമ്മുടെ
ഉള്ളിലെ അതിജീവന ജ്വാല
എരിയാൻ തുടങ്ങേണ്ടത് .
മറ്റുള്ളവരോട് വാക്കുകൾ കൊണ്ടുള്ള യുദ്ധമാവാം. പക്ഷേ ഒരിക്കലും മുൻവിധിയോടെയുള്ള കാഴ്ചപ്പാടോടെ അപകർഷതനിറഞ്ഞവൻ്റെ
കുറ്റങ്ങളും കുറവുകളും വിളിച്ചു പറഞ്ഞുകൊണ്ടാവരുത്
നമ്മുടെ വിജയം .
✍️:അശോകൻ.സി.ജി.