ഫ്രിഡ്ജിന്റെ ഉൾവശം സൗകര്യപൂർവ്വം ക്രമീകരിക്കാനും ഭക്ഷണങ്ങൾ കേടാവാതിരിക്കാനുള്ള ടിപ്സ്
വീട്ടില്‍ ഫ്രിഡ്ജുണ്ടെങ്കില്‍ ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുന്നതിന് വളരെ സൗകര്യമാണ്. ഇന്ന് ഫ്രിഡ്ജില്ലാത്ത വീടുകളും വളരെ കുറവാണ്
വീടും ജോലിയുമായി നിന്നു തിരിയാൻ സമയമില്ലാത്ത ആധുനിക വനിതകൾക്ക് ഒരനുഗ്രഹം തന്നെയാണ് ഫ്രിഡ്ജ് അഥവാ റഫ്രിജറേറ്റർ. ഭക്ഷണം ഒരു നിശ്ചിത താപനിലയിൽ ശീതികരിച്ച് സൂക്ഷിച്ചാണ് ഫ്രിഡ്ജുകൾ പ്രവർത്തിക്കുന്നത്. സാധാരണഗതിയിൽ ഒരു ഡിഗ്രി സെൽഷ്യസിനും അഞ്ചു ഡിഗ്രി സെൽഷ്യസിനും ഇടയിലാണ് ഫ്രിഡിജിനുള്ളിലെ താപനില. അഞ്ചു ഡിഗ്രി സെൽഷ്യസിൽ കൂടിയാൽ ബാക്ടീരിയകളും സൂക്ഷ്മാണുകളും പെരുകാനും ഫ്രിഡ്ജിനുള്ളിൽ വച്ചിരിക്കുന്ന ഭക്ഷണം കേടാകാനും ഇടയാകും. ശരിയായ താപനിലയിൽ ആയിരിക്കുന്നതുപോലെ തന്നെ പ്രധാനമാണ് ഫ്രിഡ്ജിനുള്ളിലെ ശുചിത്വവും.
പാചകം ചെയ്യുക, അടുക്കളയില്‍ സമയം ചെലവഴിക്കുക എന്നതൊക്കെ പലപ്പോഴും തിരക്ക് പിടിച്ച് ചെയ്യുന്ന ജോലിയാണ്. പല ദിവസങ്ങളിലും രാവിലെ അടുക്കളയില്‍ ഒരു ബഹളമയമായിരിക്കും. ജോലിക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനൊപ്പം പ്രഭാതഭക്ഷണം ഉണ്ടാക്കുന്നത് അത് കൂടുതല്‍ കഠിനമാക്കുന്നു. ഈ സമയങ്ങളിലാണ് ഫ്രിഡ്ജ് പോലുള്ള വീട്ടുപകരണങ്ങള്‍ നമ്മുടെ രക്ഷയ്ക്കെത്തുന്നത്
എന്നാല്‍ എത്ര ഒരുക്കിയാലും ഫ്രിഡ്ജ് നിറയുകയും കൂടെക്കൂടെ വൃത്തിയാക്കേണ്ടി വരികയും ചെയ്യുന്നത് ഒരു തലവേദന തന്നെയാണ്.
അടുക്കളയിലെ ഷെല്‍ഫുകളും വസ്ത്രങ്ങള്‍ വയ്ക്കുന്ന അലമാരയുമെല്ലാം കൃത്യമായി ക്രമീകരിക്കുന്നത് പോലെ തന്നെ ഫ്രിഡ്ജും കൃത്യമായി ക്രമീകരിക്കാത്തത് മൂലമാണ് ഇങ്ങനെയുള്ള തലവേദനകളുണ്ടാകുന്നത്.
അത്തരത്തില്‍ ഫ്രിഡ്ജ് സൗകര്യപൂര്‍വ്വം ക്രമീകരിക്കാനും ഭക്ഷണങ്ങള്‍ കേടാകാതെ സൂക്ഷിക്കാനുമുള്ള ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
ഒരിക്കലും പച്ചക്കറി- പഴങ്ങള്‍, ഇറച്ചി- മീന്‍ എന്നിവ ഒരുമിച്ച് സൂക്ഷിക്കരുത്. ഇവ വെവ്വേറെ തന്നെ വയ്ക്കുക. എന്ന് മാത്രമല്ല, എല്ലാം വൃത്തിയായി അടച്ചുവയ്ക്കുകയും വേണം. അങ്ങനെയെങ്കില്‍ ഫ്രിഡ്ജിനകത്ത് ദുര്‍ഗന്ധം വരാതിരിക്കും.
ഫ്രീസറില്‍ വയ്ക്കുന്ന ഭക്ഷണസാധനങ്ങള്‍ പ്രത്യേകിച്ച് ഇറച്ചി- മീന്‍ പോലുള്ളവ നന്നായി വൃത്തിാക്കിയ ശേഷം എയര്‍ടൈറ്റ് കണ്ടെയ്നറുകളില്‍ സൂക്ഷിക്കണം.
ഫ്രിഡ്ജിലെ ഏറ്റവും മുകള്‍നിലയിലുള്ള ഷെല്‍ഫ് എളുപ്പത്തില്‍ കേടാകുന്ന സാധനങ്ങള്‍ വയ്ക്കാനായി ഉപയോഗിക്കാം. ഒന്നോ രണ്ടോ ദിവസത്തില്‍ കൂടുതല്‍ ഇരിക്കില്ലെന്ന് തോന്നുന്ന ഭക്ഷണസാധനങ്ങള്‍ ഇവിടെ വയ്ക്കാം. അപ്പോള്‍ ചീത്തയാകുന്ന ഭക്ഷണങ്ങള്‍ കൊണ്ട് ഫ്രിഡ്ജ് നിറയുന്നത് ഒഴിവാക്കാം. പെട്ടെന്ന് തന്നെ ഇവ നീക്കം ചെയ്യാനും നമുക്ക് സാധിക്കും.
രണ്ട് ദിവസത്തില്‍ കൂടുതല്‍ ഇരിക്കുന്നവ വയ്ക്കാന്‍ താഴെയുള്ള ഷെല്‍ഫുകള്‍ ഉപയോഗിക്കാം. പച്ചക്കറികള്‍ മുറിച്ചുവച്ചത്, പാല്‍, ജാം, മസാലകള്‍, പാലുത്പന്നങ്ങളെല്ലാം ഇവിടെയാകാം.
ലീക്ക് ആകുന്ന തരം ഭക്ഷണസാധനങ്ങള്‍ ഇറച്ചിയോ മീനോ പഴങ്ങളോ പച്ചക്കറികളോ എല്ലാമാകാം, ഇവ വയ്ക്കുമ്ബോള്‍ ബോക്സിന് താഴെയായി കോട്ടണ്‍ തുണി വയ്ക്കാം. അല്ലെങ്കില്‍ ബോക്സിനകത്ത് തന്നെ താഴെയായി വയ്ക്കാം. അങ്ങനെയെങ്കില്‍ ഫ്രിഡ്ജ് വൃത്തികേടാകാതെയും സൂക്ഷിക്കാം.
വേവിച്ച ഭക്ഷണവും പച്ചക്കറികളും പഴങ്ങളും എല്ലാം നമുക്ക് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. നേരത്തെ തന്നെ കറിക്ക് വേണ്ട സാധനങ്ങള്‍ മുറിച്ച് വെച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. ഇത് രാവിലത്തെ ജോലിക്ക് ഏറെ സഹായകരമാണ്.
ഫ്രിഡ്ജില്‍ വച്ചുകഴിഞ്ഞാല്‍ എത്ര ദിവസം കഴിഞ്ഞും ഭക്ഷണസാധനങ്ങള്‍ ഉപയോഗിക്കാമെന്ന് കരുതരുത്. പാകം ചെയ്ത ഭക്ഷണമാണെങ്കില്‍ അത് കേടാകുന്ന പരമാവധി സമയം കണക്കാക്കി ബാക്കിയുള്ളത് സമയത്തിന് തന്നെ ഫ്രിഡ്ജിനകത്ത് നിന്ന് മാറ്റണം. ഒരു ഭക്ഷണസാധനങ്ങളും അടച്ചുവയ്ക്കാതെ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടുള്ളതല്ല. ഇത് ഫ്രിഡ്ജനകം വൃത്തിഹീനമാക്കുമെന്ന് മാത്രമല്ല ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.
മറ്റൊരു പ്രധാനപ്പെട്ട കാര്യം ഫ്രിഡ്ജിനുള്ളില്‍ ഒരുപാട് ദിവസം ഭക്ഷണം സംഭരിച്ച് വെക്കാന്‍ പാടില്ല എന്നുള്ളതാണ്. കൃത്യമായ ഇടവേളകളില്‍ ഫ്രിഡ്ജിനുള്ളിലെ ഭക്ഷണം എടുത്ത് ഉപയോഗിക്കണം. ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിക്കണം. രണ്ടാഴ്ച കൂടുമ്പോഴെങ്കിലും ഫ്രിഡ്ജ് വൃത്തിയാക്കുന്നതാണ് ഉചിതം. എന്തെങ്കിലും കേടുപാടുകള്‍ ഫ്രിഡ്ജിന് വന്നാല്‍ പെട്ടെന്ന് തന്നെ സര്‍വീസ് ചെയ്യണം