പച്ചമുട്ട കഴിക്കുന്നവർ ശ്രദ്ധിക്കൂ; മുട്ട നല്ലതാണ്, പക്ഷേ പച്ചമുട്ട...
മുട്ട ആരോഗ്യത്തിന് ഏറെ ചേര്‍ന്നൊരു ഭക്ഷണ വസ്തുവാണ്. ധാരാളം പോഷക ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണിത്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഒരുപോലെ കഴിയ്ക്കാവുന്ന നല്ലൊന്നാന്തരം ഭക്ഷണ വസ്തു കൂടിയാണിത്.
ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഒരു ഭക്ഷണമാണ് മുട്ട എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ശരീരത്തിന്റെ ധാരാളം പ്രവര്‍ത്തനങ്ങള്‍ക്ക് മുട്ട അത്യാവശ്യമാണ്. പ്രത്യേകിച്ചും കുട്ടികളുടെ വളര്‍ ച്ചയ്ക്ക് മുട്ടയും പാലും മതി, ആരോഗ്യകരമായ ഭക്ഷണമാകാന്‍.
പാലും മുട്ടയും സമീകൃതാഹാരമാണെന്നാണ് പറയാറ്. എന്നാൽ, മുട്ട എങ്ങനെ കഴിക്കുന്നു എന്നതനുസരിച്ചിരിക്കും അതിലെ പോഷകങ്ങൾ ശരീരത്തിൽ എത്തിപ്പെടാൻ.
പച്ചമുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണെന്നാണ് മിക്കവരും പറയുന്നത്. പച്ചമുട്ടയില്‍ കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെങ്കിലും പാകം ചെയ്ത മുട്ടയിലെ 90 ശതമാനം പ്രോട്ടീനും പച്ചമുട്ടയിലെ 50 ശതമാനം പ്രോട്ടീനുമാണ് ശരീരം ആഗിരണം ചെയ്യുന്നത്.
പച്ചമുട്ടയില്‍ സാല്‍മൊണെല്ല എന്നൊരു ബാക്ടീരിയയുണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ, കുട്ടികൾക്കും മറ്റും പച്ചമുട്ട നൽകരുത്. പ്രായമായവരും എച്ച്‌ഐവി, ട്യൂമര്‍ ബാധിതരും പ്രമേഹ ബാധിതരുമെല്ലാം പച്ചമുട്ട ഒഴിവാക്കണം.
പ്രാതലില്‍ തുടങ്ങി അത്താഴം വരെയുള്ള ഭക്ഷണത്തിൽ മുട്ട നമ്മള്‍ ഉള്‍പ്പെടുത്താറുണ്ട്. പ്രോട്ടീനുകള്‍, വൈറ്റമിനുകള്‍ എന്നിവ ധാരളമടങ്ങിയതാണ് മുട്ട. ഒരു വലിയ മുട്ടയില്‍ 6 ഗ്രാം പ്രോട്ടീന്‍, 72 കാലറി, ബയോടിന്‍, കോളിന്‍, വൈറ്റമിന്‍ എ, എന്നിവയെല്ലാം ഇതിലടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ഡി അടങ്ങിയ അപൂര്‍വം ആഹാരങ്ങളില്‍ ഒന്നാണ് മുട്ട. എന്നാൽ പച്ചമുട്ട കഴിക്കുന്നത് അപകടമാണ്.
പച്ചമുട്ട കഴിക്കാന്‍ താല്‍പര്യമുള്ളവർ ഏറെയുണ്ട്. ഒരു കൗതുകത്തിനായി പച്ചമുട്ട പൊട്ടിച്ച് കഴിക്കുന്നവരുമുണ്ട്. എന്നാല്‍, ഇതിന് പിന്നിലെ അപകടത്തെക്കുറിച്ച് ആരും ചിന്തിക്കാറില്ല. പച്ചമുട്ട കഴിക്കുമ്പോള്‍, പുഴുങ്ങിയ മുട്ട കഴിക്കുമ്പോള്‍ ലഭിക്കുന്ന പ്രോട്ടീൻറെ പകുതി മാത്രമാണ് നമ്മുടെ ശരീരത്തിന് ലഭിക്കുന്നത്.
മുട്ടയുടെ മഞ്ഞക്കരുവിലാണ് ബയോട്ടിന്‍ കൂടുതലുള്ളത്. ബയോട്ടിന്‍ എന്ന വിറ്റാമിന് ഒരുപാട് ഗുണങ്ങളുണ്ട്. ചര്‍മ്മസംരക്ഷണത്തിനും ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഷുഗര്‍ നിയന്ത്രിക്കാനും മുടിയുടെ വളര്‍ച്ചയ്ക്കുമെല്ലാം ബയോട്ടിന്‍ സഹായിക്കുന്നുണ്ട്. എന്നാൽ പച്ച മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ ആയ അവിഡിൻ ശരീരത്തിലേക്ക് ലഭിക്കുന്ന ബയോട്ടിൻ എന്ന വിറ്റാമിൻറെ ആഗിരണത്തെ തടസ്സപ്പെടുത്തുന്നു. മുട്ട വേവിക്കുമ്പോള്‍ അവിഡിന്‍ എന്ന പ്രോട്ടീനിൻറെ ഘടനയില്‍ വ്യത്യാസം വരികയും സ്വാഭാവിക ഗുണം ഇല്ലാതാകുകയും ചെയ്യും. അതുകൊണ്ട് ശരീരത്തില്‍ ബയോട്ടിന്റെ ആഗിരണത്തിന് പ്രശ്‌നമുണ്ടാകുകയില്ല.
കൂടാതെ, പച്ചമുട്ട കഴിക്കുന്നതിലൂടെ അപകടകരമായ സാല്‍മൊണെല്ല എന്ന ബാക്റ്റീരിയ ശരീരത്തിലെത്താനുള്ള സാധ്യതയുണ്ട്. ഇത് വളരെ ഗുരുതരമായ പ്രശ്‌നമാണെന്ന് നാം തിരിച്ചറിയണം. കോഴികളുടെ കാഷ്ഠം വഴിയാണ് സാല്‍മൊണെല്ല പുറത്തേക്ക് വരുന്നത്. കടയില്‍ വില്‍പ്പനയ്ക്ക് വെച്ച മുട്ടയില്‍ കാഷ്ഠത്തിന്റെ അംശം വരാനുള്ള സാധ്യതയുണ്ട്. മുട്ടയില്‍ ഏകദേശം 8000 മുതല്‍ 10,000 വരെ സൂക്ഷ്മ സുഷിരങ്ങള്‍ ഉണ്ട്. പച്ചമുട്ട കഴിക്കുമ്പോള്‍ സാല്‍മൊണെല്ല നമ്മുടെ ശരീരത്തില്‍ പ്രവേശിക്കാനുള്ള സാധ്യതയുണ്ട്.
80000 ആളുകള്‍ ഒരു വര്‍ഷത്തില്‍ സാല്‍മൊണെല്ല ബാക്റ്റീരിയയാല്‍ രോഗബാധിതരാകാറുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. വയറുവേദനയും വയറിളക്കവുമാണ് ലക്ഷണങ്ങള്‍. ഷുഗര്‍ രോഗികള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമുള്ളവര്‍, എച്ച്.ഐ.വി രോഗികള്‍ എന്നിവരിലെല്ലാം സാല്‍മൊണെല്ല വളരെയേറെ അപകടമുണ്ടാക്കും.
വീട്ടിലേക്ക് മുട്ട വാങ്ങിയാല്‍ കാഷ്ഠത്തിന്റെ അംശം ഉണ്ടെങ്കില്‍ കഴുകി വൃത്തിയാക്കി മാത്രമേ ഫ്രിഡ്ജില്‍ സൂക്ഷിക്കാവൂ. മുട്ട എപ്പോഴും ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കുന്നതാണ് ഉത്തമം.
7 ദിവസം മുതല്‍ പത്ത് ദിവസം വരെ സാധാരണ അന്തരീക്ഷത്തില്‍ മുട്ട കേടുകൂടാതിരിക്കും. ഫ്രിഡിജില്‍ നാല് ആഴ്ച കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്. എപ്പോള്‍ മുട്ട വാങ്ങിയാലും നന്നായി കഴുകി വൃത്തിയാക്കിയ ശേഷം മാത്രം ഉപയോഗിക്കുക എന്നതാണ് ആരോഗ്യത്തിന് നല്ലത്.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക.