സത്യം പറയുക എന്നത് എപ്പോഴും എളുപ്പമുള്ള കാര്യമല്ല. ചിലപ്പോൾ ഒരുപാട് പേരെ വേദനിപ്പിക്കേണ്ടി വരും, അല്ലെങ്കിൽ ചില സാഹചര്യങ്ങളിൽ അത് ഒഴിവാക്കേണ്ടി വരും. അതുകൊണ്ട്, എല്ലാ സത്യങ്ങളും എല്ലാ സമയത്തും വിളിച്ചുപറയണമെന്ന് വാശിപിടിക്കാൻ നമുക്ക് കഴിഞ്ഞെന്നുവരില്ല. പക്ഷേ, അതിനേക്കാൾ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്; അത് മറ്റുള്ളവരെക്കുറിച്ച് നാം കള്ളം പറയാതിരിക്കുക എന്നതാണ്. ഒരാളെക്കുറിച്ച് തെറ്റായ ഒരു കാര്യം പ്രചരിപ്പിക്കുമ്പോൾ നമ്മൾ അയാളുടെ ജീവിതത്തിലും സമാധാനത്തിലും ഉണ്ടാക്കുന്ന മുറിവ് വളരെ വലുതാണ്. അതുകൊണ്ട്, സത്യം തുറന്നുപറയാൻ കഴിയില്ലെങ്കിൽപോലും, മറ്റുള്ളവരെ ദ്രോഹിക്കുന്ന കള്ളങ്ങൾ പറയാതിരിക്കാനുള്ള മനക്കരുത്ത് നമുക്കുണ്ടാകണം.
നമ്മുടെ ജീവിതത്തിൽ ഒരുപാട് തെറ്റുകൾ സംഭവിക്കാം. മനഃപൂർവമല്ലാത്തതും, അറിയാതെ സംഭവിച്ചുപോയതുമായ പല കാര്യങ്ങളും ഉണ്ടാകാം. അങ്ങനെയുണ്ടാകുമ്പോൾ, മറ്റുള്ളവരുടെ മുന്നിൽ നമ്മൾ എത്ര ന്യായീകരണങ്ങൾ നിരത്തിയാലും കാര്യമില്ല. സ്വന്തം മനസ്സിന്റെ മുന്നിൽ, നമ്മുടെ മനസാക്ഷിയുടെ കോടതിയിൽ നമ്മൾ സ്വയം വിചാരണ ചെയ്യപ്പെടും. അവിടെ നമ്മുടെ പ്രവർത്തികളെക്കുറിച്ച് സത്യസന്ധമായി ബോധിപ്പിക്കാൻ നമുക്ക് കഴിയണം. "എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു?", "ഇതിനെ എങ്ങനെ തിരുത്താം?" എന്നീ ചോദ്യങ്ങൾക്ക് മനസാക്ഷിയോട് മറുപടി പറയുമ്പോൾ മാത്രമാണ് നമുക്ക് യഥാർത്ഥത്തിൽ സമാധാനവും സ്വസ്ഥതയും ലഭിക്കുന്നത്.
നിരന്തരം കള്ളങ്ങൾ പറയുമ്പോൾ സംഭവിക്കുന്നത് നമ്മുടെ വ്യക്തിപരമായ മൂല്യങ്ങൾ നശിച്ചുപോകുന്നു എന്നതാണ്. ഓരോ കള്ളം പറയുമ്പോഴും സത്യത്തിൽനിന്ന് നമ്മൾ ഓരോ ചുവട് പിന്നോട്ട് പോകുന്നു. ഒരു ഘട്ടം കഴിയുമ്പോൾ നാം പറയുന്നത് കള്ളമാണോ സത്യമാണോ എന്ന് തിരിച്ചറിയാൻപോലും നമുക്ക് കഴിയാതെ വരും. ആ അവസ്ഥയിലേക്ക് നാം ഒരിക്കലും തരംതാഴ്ന്നുപോകരുത്. കള്ളങ്ങൾ കെട്ടിപ്പടുത്ത് ജീവിക്കുന്ന ഒരു വ്യക്തിക്ക് മറ്റുള്ളവരുടെ മുന്നിൽ മുഖംമൂടി അണിയേണ്ടി വരും, എന്നാൽ തന്റെ ഉള്ളിന്റെ ഉള്ളിൽ അയാൾക്ക് സ്വയം ഒരു മനുഷ്യനായി നിലകൊള്ളാൻ സാധിക്കാതെ വരും. അതുകൊണ്ട്, സത്യസന്ധമായി ജീവിക്കാൻ ശ്രമിക്കുക. സത്യമാണ് ഒരു മനുഷ്യനെ മനുഷ്യനാക്കുന്നത്.
എങ്ങനെയും പണവും സ്ഥാനവും ഉണ്ടാക്കുന്നവനാണ് സമൂഹത്തില്‍ സമര്‍ത്ഥന്‍ എന്ന മിഥ്യാധാരണ ഇന്ന് വളര്‍ന്നു വന്നിട്ടുണ്ട്.
മാതാപിതാക്കളോട് അസത്യം പറയുകയും വീടിനു പുറത്ത് തങ്ങള്‍ ചെയ്യുന്ന ശരിയല്ലാത്ത കാര്യങ്ങള്‍ മാതാപിതാക്കളില്‍ നിന്ന് മറച്ചുവക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കുട്ടികളുണ്ട്. പലപ്പോഴും അവരുടെ തന്നെ നാശത്തിന് അത് കാരണമാകും. സത്യത്തിനു മാത്രമേ ജയമുണ്ടാകുകയുള്ളൂ, അസത്യത്തിലൂടെ ജയിക്കാന്‍ ശ്രമിക്കുന്നവര്‍ പരാജയത്തിലേക്കാണ് യഥാര്‍ത്ഥത്തില്‍ നീങ്ങുന്നത്.
മറ്റുള്ളവരോടും സമൂഹത്തോടും രാജ്യത്തോടുമുള്ള നമ്മുടെ കടപ്പാടുകളും ധര്‍മ്മവും നിറവേറ്റാന്‍ പര്യാപ്തമായ രീതിയില്‍ വാക്കിലും പ്രവൃത്തിയിലും ആത്മാര്‍ത്ഥതയും നേര്‍വഴിയും നിലനിര്‍ത്താനായാല്‍ സത്യസന്ധതയും നന്മയും പരിലസിക്കുന്ന ഒരു സംസ്‌കാരം സമൂഹത്തില്‍ വളർത്തിയെടുക്കാം.നമ്മോടുതന്നെയും നമ്മുടെ മനസ്സാക്ഷിയോടും നമ്മള്‍ സത്യസന്ധരായിരിക്കണം.സത്യസന്ധതയുടെ കാര്യത്തില്‍ നമ്മള്‍ നമ്മുടെതന്നെ വിമര്‍ശകരും വിധികര്‍ത്താക്കളുമായിത്തീരണം. സത്യസന്ധതയുള്ള വ്യക്തികളുടെ വ്യക്തിത്വം ശ്രേഷ്ഠവും ഉറപ്പുള്ളതുമായിരിക്കും.
2012 ൽ പുറത്തിറങ്ങിയ, ഡെൻസൽ വാഷിംഗ്ടൺ എന്ന അതുല്യ നടൻ തകർത്തഭിനയിച്ച ' ഫ്ലൈറ്റ് ' എന്ന സിനിമ പ്രിയപ്പെട്ടതാകുന്നത് സത്യസന്ധത എന്ന ഒരൊറ്റ പോയിന്റിലാണ്.ഒരൊറ്റ കള്ളം പറഞ്ഞാൽ മതിയായിരുന്നു ക്യാപ്റ്റൻ വിപ്പിന് , ആ ഒരു കള്ളം കൊണ്ട് മരിച്ചു പോയ കാതറിനക്ക് ഇനി എന്ത് സംഭവിക്കാനാണ്. അയാൾക്ക് ആണെങ്കിൽ നഷ്ടപ്പെടുവാൻ ഏറെയുണ്ടായിരുന്നു. ഒരു ഫ്ലൈറ്റ് അപകടത്തിൽ ആറു പേരൊഴികെ ബാക്കിയെല്ലാവരെയും രക്ഷിച്ച് ഹീറോ ആയതിന്റെ ക്രെഡിറ്റ് . മറ്റാരെങ്കിലും ആയിരുന്നെങ്കിൽ മറണസംഖ്യ എത്രയോ മടങ്ങ് വർദ്ധിച്ചേനെ . ഒരുപക്ഷേ എല്ലാവരും തന്നെ മരിച്ചേനെ.
ആ കള്ളം പറഞ്ഞിരുന്നെങ്കിൽ ഏറ്റവും ഇഷ്ടത്തോടെ ചെയ്തുകൊണ്ടിരുന്ന ജോലി , സ്വന്തം ക്രെഡിബിലിറ്റി സമൂഹത്തിന്റെ മുന്നിലെ സ്ഥാനം എല്ലാം ഭദ്രമായിരുന്നേനെ.
പക്ഷേ അതിനേക്കാൾ എത്ര വലുതായിരുന്നു അയാൾക്ക് തൻറെ സഹപ്രവർത്തകയായ തൻറെ കാമുകി ആയ ഫ്ലൈറ്റ് അപകടത്തിൽ മരിച്ച കാതറിന്റെ ഗുഡ് വിൽ..
ഫ്ലൈറ്റ് അപകടത്തെക്കുറിച്ച് അന്വേഷണം അയാൾക്കെതിരെ തിരിയാതിരിക്കാൻ സഹപ്രവർത്തകർ ശ്രമിച്ചു. വിപ് അല്ലാതെ മറ്റൊരാൾക്കും ആ അപകടത്തെ അത്ര മനസ്സാന്നിധ്യത്തോടെ കൈകാര്യം ചെയ്യാൻ ആവില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ അന്വേഷണ റിപ്പോർട്ടിൽ ഒരു കാര്യം കൂടി ഉണ്ടായിരുന്നു.യാത്രക്കാർക്ക് പോലും മദ്യം വിളമ്പാത്ത ആ ഫ്ലൈറ്റിലെ വേസ്റ്റ് ബോക്സിൽ , ഒഴിഞ്ഞ രണ്ടു മദ്യക്കുപ്പികൾ കൂടി ഉണ്ടായിരുന്നു എന്ന്. അത് സത്യത്തിൽ വിപ്പ് ഉപയോഗിച്ച മദ്യത്തിൻറെ കുപ്പികൾ ആയിരുന്നു. ഫ്ലൈറ്റ് ജീവനക്കാരിൽ, കാതറിന്റെ രക്ത പരിശോധനയിൽ മാത്രമേ മദ്യത്തിൻറെ അംശം ഉണ്ടായിരുന്നുള്ളു എന്ന് അന്വേഷണ ഉദ്യോഗസ്ഥർ അയാൾക്ക് വേണ്ടി റിപ്പോർട്ടിൽ തിരിമറി നടത്തി.
ശിക്ഷയിൽ നിന്ന് പുറത്താവാൻ വളരെ ചെറിയൊരു കള്ളം - ഫ്ലൈറ്റിൽ നിന്ന് കണ്ടെത്തിയ മദ്യക്കുപ്പി കാതറിൻ ഉപയോഗിച്ചതായിരുന്നു പറഞ്ഞാൽ അയാൾക്ക് ഈസിയായി രക്ഷപ്പെടാമായിരുന്നു. താൻ ഉപയോഗിച്ചതല്ല ആ മദ്യം എന്നെങ്കിലും..
പക്ഷേ തികഞ്ഞ മദ്യപാനിയായ, അയാൾ അങ്ങനെ ഒരു കള്ളം പറഞ്ഞില്ല. അത് അയാളുടെ മനസാക്ഷിക്ക് വിരുദ്ധമായിരുന്നു. സ്വന്തം ജോലിസ്ഥലത്ത്, ജോലി സമയത്ത് കാതറിൻ അങ്ങനെ ചെയ്യില്ല എന്നറിയാവുന്ന ഏകയാളും അയാൾ ആയിരുന്നു. ഫ്ലൈറ്റ് ' എന്ന സിനിമ പ്രിയപ്പെട്ടതാകുന്നത് ഈ ഒരൊറ്റ പോയിന്റിലാണ്. നായകൻറെ സത്യസന്ധതയുടെ പേരിൽ. രക്ഷപ്പെടാൻ അത്രയേറെ എളുപ്പമായിരുന്നിട്ടും സഹപ്രവർത്തകരെ അനാവശ്യമായ പേരുദോഷത്തിൽ നിന്നും ഒഴിവാക്കാൻ അയാൾ സ്വയം കുറ്റം ഏൽക്കുകയും താൻ അപ്പോഴും മദ്യപിച്ചിട്ടുണ്ടെന്ന് സമ്മതിക്കുകയും അഡിക്റ്റ് ആണെന്ന് കുറ്റസമ്മതം നടത്തുകയും ചെയ്തത്.
അതിനയാൾക്ക് ജയിൽ ശിക്ഷ ലഭിക്കുകയും ചെയ്തു. അതുകൊണ്ട് എന്ത് ? വേർപിരിഞ്ഞ ഭാര്യയുടെയും മകൻറെയും മുന്നിൽ തലയുയർത്തി നിൽക്കാൻ അയാൾക്ക് സാധിച്ചു. യാതൊരു കുറ്റബോധവും ഇല്ലാതെ.
മനുഷ്യർ ജീവിതത്തിൽ അനുവർത്തിക്കേണ്ട സത്യസന്ധതയെ കുറിച്ച് ഇതിലും മനോഹരമായ ഒരു സിനിമ വന്നിട്ടുണ്ടോ എന്ന് സംശയമാണ്.
നമുക്കിനി മലയാള സിനിമയിലേക്ക് വരാം...എംടിയുടെ പരിണയത്തിൽ നായികയായ മോഹിനി കാമുകനും സ്വന്തം ഗർഭത്തിൻറെ ഉത്തരവാദിയുമായ വിനീതിന്റെ കഥാപാത്രത്തെ കാത്തിരുന്നത് ഈ സത്യസന്ധത പ്രതീക്ഷിച്ചാണ് . അതയാൾ കാണിക്കുന്നില്ല എന്നറിയുമ്പോഴാണ് അവർ ജാത്യാചാരങ്ങളെയും ജാതി പ്രമാണിമാരെയും മുഴുവനും തട്ടിയെറിഞ്ഞ് ധീര ആകുന്നത്.അപ്പോഴാണ് തൻറെ ഗർഭത്തിന് കാരണക്കാർ പലരാണെന്ന് ഏറ്റുപറഞ്ഞ് അവർ സ്വന്തം പ്രണയത്തിനു മേൽ അവസാനത്തെ ആണി അടിക്കുന്നത്.
വിപ്പ് വിറ്റേക്കർ സ്വന്തം നിലനിൽപ്പിന് വേണ്ടി പോലും കാമുകിയെ പറ്റി കള്ളം പറയുന്നില്ല. എന്നാൽ എം ടിയുടെ നായകൻ സാമൂഹ്യ ഭ്രഷ്ട് ഭയന്ന് സത്യത്തിൽ നിന്ന് ഒളിച്ചോടുകയാണ്.
" ഇന്നിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കിയാൽ അത് നാളെയെക്കുറിച്ചറിയാനുള്ള വഴിയായി , ഇന്നത്തെ കാര്യ൦ മെച്ചപ്പെടുത്താൻ നോക്കൂ, അത് നിങ്ങളുടെ നാളേക്ക് ഗുണ൦ ചെയ്യു൦"
🖋️
👉🏿പൌലോ കൊയ് ലോ