ഏതു പുഞ്ചിരിയിലുമുണ്ട് സ്നേഹത്തിന്റെ അംശം. സമാധാനത്തിന്റെ തുടക്കം പുഞ്ചിരിയിലാണ്, ദുർമുഖത്തിലല്ല, ആയിരം വാക്കിനെക്കാൾ ഫലപ്രദം ഒരൊറ്റ പുഞ്ചിരിയാവാം.
ചുറ്റുമുള്ള ലോകത്തിന് സന്തോഷം പകരാനും നമുക്ക് മനഃസുഖം കൈവരുത്താനും മാത്രമല്ല, പ്രഫഷനൽ വിജയത്തിന് മാറ്റുകൂട്ടാനും സഹായിക്കുന്ന പുഞ്ചിരി ജീവിതത്തിന്റെ ഭാഗമാക്കാൻ നമുക്ക് കഴിയണം.
കഴിവ്, ഊർജ്ജം, വ്യക്തിത്വം എന്നിവയുണ്ടെങ്കിൽ ആർക്കും ഇന്നത്തെ കാലത്ത് വിജയം കൈവരിക്കാമെന്ന് പലരും കരുതുന്നു.പക്ഷെ ചരിത്രത്തിന്റെ ഏടുകൾ പരിശോധിച്ചാൽ വ്യക്തമാകുന്നത്,
ഒരു വ്യക്തി എങ്ങനെ വ്യാപരിച്ചിരുന്നു എന്നതിനെ കൂടി ആശ്രയിച്ചാണ് ആത്യന്തിക വിജയം ഉണ്ടാകുന്നത് എന്നാണ്.
നമ്മുടെ മൂല്യങ്ങളെ ബലികഴിച്ചുകൊണ്ടോ, അതിൽ വിട്ടുവീഴ്ച ചെയ്തുകൊണ്ടോ ഉള്ള പ്രവർത്തനം നമുക്ക് ആത്യന്തിക വിജയം നേടിത്തരുകയില്ല.
ഒരു കാര്യം നേടിയെടുക്കുന്നതിന് മുൻപ് അത് നമ്മുടെ ഭാവനയിൽ കാണാൻ കഴിയണം, ഭാവനാശക്തിയാണ് നമ്മുടെ ചിന്തയെ കർമത്തിലേക്ക് നയിക്കുന്നത്, ഭാവനയിൽ കണ്ടാൽ മാത്രം പോരാ, നമ്മുടെ പ്രവൃത്തികൊണ്ട് അതിനെ യാഥാർഥ്യമാക്കാനും കഴിയണം.
നിഷേധാത്മക ചിന്തകൾകൊണ്ടും ഇല്ലാത്ത കുഴപ്പങ്ങളും പ്രശ്നങ്ങളും വിഷമങ്ങളും രോഗങ്ങളും മറ്റും ഉണ്ടെന്ന വിചാരംകൊണ്ടും നമ്മെയും മറ്റുള്ളവരെയും നൈരാശ്യത്തിലേക്ക് വലിച്ചിഴയ്ക്കാതിരിക്കാൻ ശ്രദ്ധിക്കണം.
നാം അഭിമുഖീകരിക്കുന്ന പലരിലും വീഴ്ചകളും കുറവുകളും കാണുന്നുണ്ടാകാം, പക്ഷെ അവരെ പുച്ഛിക്കുകയോ വെറുക്കുകയോ അരുത്, മനുഷ്യസഹജമായ ദൗർബല്യങ്ങളാണ് അവയെന്ന് മനസ്സിലാക്കി അനുഭാവത്തോടെ അവരെ സഹായിക്കാനും നാം സന്നദ്ധരാകണം.