തലവേദനകളെ തിരിച്ചറിയാം, ശരിയായ സമയത്ത് ചികിത്സിക്കാം
തുടര്‍ച്ചയായി തലവേദന വന്നും പോയുമിരിക്കുന്ന അവസ്ഥയും അസഹ്യമായ രീതിയില്‍ വേദന വരുന്നതുമൊന്നും നിസാരമായി കണക്കാക്കാനേ സാധിക്കില്ല. ഇവയ്ക്ക് പിന്നിലെല്ലാം എന്തെങ്കിലും തരത്തിലുള്ള ഗൗരവതരമായ കാരണങ്ങളുണ്ടാകാം.
നിത്യജീവിതത്തില്‍ നാം പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളും നേരിടാറുണ്ട്. ഇക്കൂട്ടില്‍ ഏറ്റവുമധികം പേര്‍ നേരിടുന്നൊരു പ്രശ്നമാണ് തലവേദന. വിവിധ കാരണങ്ങള്‍ കൊണ്ട് വിവിധ തീവ്രതയില്‍ തലവേദന അനുഭവപ്പെടാം.
ജീവിതത്തില്‍ ഒരിക്കലെങ്കിലും തലവേദന എന്ന വില്ലനെ അറിയാത്തവരുണ്ടാകില്ല. തലവേദന കാരണം ദുരിതം അനുഭവിക്കാത്തവരും ചുരുക്കം. സാധാരണഗതിയില്‍ വലിയ അപകടകാരികളല്ലെങ്കിലും ഒരു ദിവസം മുഴുവന്‍ നശിപ്പിക്കാന്‍ തലവേദനക്ക് കഴിയും. മിക്കവരും തലവേദനയെ തുരത്താന്‍ അടുത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ നിന്ന് വേദനസംഹാരികളോ മറ്റെന്തെങ്കിലും മരുന്നോ വാങ്ങി കഴിച്ച് താത്കാലിക പരിഹാരം കാണുന്നവരാണ്. പ്രകൃതിദത്തമായ പല പൊടിക്കൈകളും തലവേദനയെ അകറ്റാനുണ്ടെങ്കിലും എല്ലാത്തരം തലവേദനക്കും ഇത് പരിഹാരമാകില്ല. തലവേദന തന്നെ വ്യത്യസ്ത തരത്തിലുണ്ട്. സാധാരണ തലവേദന അമിത ക്ഷീണമോ നിര്‍ജലീകരണം മൂലമോ ഉടലെടുക്കുന്നതാണ്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ തലവേദന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. തലവേദനയെ തിരിച്ചറിയുകയും കൃത്യസമയത്ത് ചികിത്സ തേടുകയും ചെയ്യുന്നതിലാണ് കാര്യം.
മാനസിക പിരിമുറക്കം സൃഷ്ടിക്കുന്ന തലവേദനയാണ് മിക്കവരിലും പൊതുവെ കണ്ടുവരുന്നത്. തലക്ക് ചുറ്റും പ്രത്യേകിച്ച് തലയുടെ പിറകിലും കഴുത്തിലും നെറ്റിക്കിരുവശവുമാണ് വേദന അനുഭവപ്പെടുക. സമയദൈര്‍ഘ്യം കൂടുന്നത് അനുസരിച്ച് കണ്ണിന് താഴെയും മുകളിലുമായി വേദന വ്യാപിക്കും. ചെന്നിക്കുത്ത് അഥവാ മൈഗ്രേന്‍ പോലുള്ള ഗുരുതരമായ അവസ്ഥയല്ല ഇത്. ശര്‍ദ്ദിയോ തലകറക്കമോ ഈ തലവേദനക്ക് അകമ്പടി സേവിക്കാറില്ല. ചുക്കുകാപ്പിയാണ് ഈ തലവേദന അകറ്റാന്‍ നല്ലത്. കസ്തുരിത്തുളസി തൈലം തേക്കുന്നതും തലവേദന മാറാന്‍ സഹായിക്കും.
സഹിക്കാന്‍ കഴിയാത്ത വേദനയാണ് സൈനസ് തലവേദനയുണ്ടാക്കുക. മൂക്കിനും കണ്ണിനും ചുറ്റുമുള്ള അസ്ഥികള്‍ക്കിടയിലെ അറകളാണ് സൈനസ്. ഈ സൈനസുകളില്‍ അണുബാധയുണ്ടാകുമ്പോഴാണ് കണ്ണുകള്‍ക്കും നെറ്റിയിലും കവിളുകളിലും വരെ വേദനയും ഒപ്പം പനിയുമെത്തുക. സൈനസ് തലവേദനയെ ചികിത്സിക്കുന്നതിന് പകരം വരാതെ നോക്കുകയാണ് പ്രധാനം. ധാരാളം വെള്ളം കുടിക്കുന്നത് സൈനസ് തലവേദനയെ പടിക്കു പുറത്തുനിര്‍ത്താന്‍ സഹായിക്കും. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കഴിക്കുന്നതും നല്ലതാണ്. ഓറഞ്ച്, നാരങ്ങ എന്നിവയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. നാരങ്ങ ഗ്രീന്‍ ടീ കുടിക്കുന്നതും ഫലം ചെയ്യും.
പൊതുവെ എല്ലാവരും നിസാരമായി കണക്കാക്കുന്നൊരു അസുഖമാണ് തലവേദന. എന്നാല്‍ തുടര്‍ച്ചയായി തലവേദന വന്നും പോയുമിരിക്കുന്ന അവസ്ഥയും അസഹ്യമായ രീതിയില്‍ വേദന വരുന്നതുമൊന്നും നിസാരമായി കണക്കാക്കാനേ സാധിക്കില്ല. ഇവയ്ക്ക് പിന്നിലെല്ലാം എന്തെങ്കിലും തരത്തിലുള്ള ഗൗരവതരമായ കാരണങ്ങളുണ്ടാകാം.
ഇത്തരത്തില്‍ പല ഗൗരവമുള്ള അസുഖങ്ങളുടെയും ലക്ഷണമായി ഇടവിട്ട് തലവേദന വരാറുണ്ട്.
ഇവിടെയിപ്പോള്‍ വിവിധ തരത്തിലുള്ള തലവേദനകളും അവയെ എങ്ങനെ തിരിച്ചറിയാമെന്നതിനെ കുറിച്ചുമാണ് പങ്കുവയ്ക്കുന്നത്.
മൈഗ്രേയ്നെ കുറിച്ച് മിക്കവരും കേട്ടിരിക്കും. അസഹനീയമായ തലവേദനയാണ് മൈഗ്രേയ്നിന്‍റെ പ്രത്യേകത. എന്തുകൊണ്ടാണ് മൈഗ്രേയ്ൻ പിടിപെടുന്നത് എന്ന് വ്യക്തതയില്ലാത്തതിനാല്‍ തന്നെ ഇതിനെ ഭേദപ്പെടുത്താനും പ്രയാസമാണ്. മണിക്കൂറുകള്‍ മുതല്‍ ദിവസങ്ങളോളം വരെ നീണ്ടുനില്‍ക്കുന്ന വേദനയും മൈഗ്രേയ്നിന്‍റെ പ്രത്യേകതയാണ്.
തലയുടെ ഒരു ഭാഗത്ത് വേദന, കുത്തുന്നത് പോലെയുള്ള വേദന, കായികാധ്വാനത്തെ തുടര്‍ന്ന് വേദന വരിക, നേരത്തെ സൂചിപ്പിച്ചത് പോലെ മണിക്കൂറുകള്‍ മുതല്‍ ദിവസങ്ങള്‍ വരെ നീണ്ടുനില്‍ക്കുക എന്നിവയെല്ലാം മൈഗ്രേയ്നെ തിരിച്ചറിയാനുള്ള സൂചനകളാണ്.
ഏതാണ്ട് കൗമാരകാലത്തില്‍ തുടങ്ങി 35-45 വയസിനുള്ളില്‍ 'ആക്ടീവ്' ആകുന്ന രീതിയാണ് മൈഗ്രേയ്നുള്ളത്. ജീവിതരീതികളില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതും, മൈഗ്രേയ്നിലേക്ക് നയിക്കുമെന്ന് കരുതപ്പെടുന്ന ചില സാഹചര്യങ്ങളൊഴിവാക്കുന്നതുമെല്ലാമാണ് ഇതിനെ തടയുന്നതിനുള്ള മാര്‍ഗങ്ങള്‍.
നമ്മള്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അഥവാ സ്ട്രെസിലൂടെ കടന്നുപോകുന്നുണ്ടെങ്കില്‍ അതും തലവേദനയിലേക്ക് നയിക്കാം. ടെൻഷൻ തലവേദനയാണ് ഏറ്റവുമധികം പേര്‍ അനുഭവിക്കുന്ന തലവേദന. ഈ തലവേദന വന്നും പോയും കൊണ്ടിരിക്കുന്നതായിരിക്കും. മാസത്തില്‍ 15 ദിവസവും വേണമെങ്കില്‍ ഇത് എപ്പിസോഡുകളായി അനുഭവപ്പെടാം.
തലയ്ക്ക് പ്രഷര്‍ അനുഭവപ്പെടുകയും മുറുക്കം തോന്നുകയും ചെയ്യുന്ന തരം വേദനയാണ് ടെൻഷൻ തലവേദനയുടെ പ്രത്യേകത. ഇതും പക്ഷേ ദിവസങ്ങളോളം നീണ്ടുനില്‍ക്കാം.
സ്ട്രെസ് കുറയ്ക്കാനുള്ള മെഡിറ്റേഷൻ, യോഗ, വ്യായാമം, മാനസികസന്തോഷം ഉറപ്പുവരുത്താനുള്ള ക്രിയാത്മകമോ കായികമോ ആയ വിനോദങ്ങള്‍, സുഖകരമായ ഉറക്കം എന്നിവയിലൂടെ ടെൻഷൻ തലവേദനയെ വലിയൊരു പരിധി വരെ മറികടക്കാവുന്നതാണ്. ഇക്കാര്യങ്ങളെല്ലാം ചെയ്തുനോക്കിയ ശേഷവും തലവേദന തുടരുന്നുവെങ്കില്‍ അത് ടെൻഷൻ തലവേദനയല്ലെന്ന് മനസിലാക്കാം.
ക്ലസ്റ്റര്‍ ഹെഡ്ഡേക്ക് എന്ന വിഭാഗത്തില്‍ പെടുന്ന തലവേദനയാണെങ്കില്‍ അസഹ്യമായിരിക്കും. ഇത് പക്ഷേ ആയിരത്തിലൊരാള്‍ക്ക് എന്ന നിലയിലേ ബാധിക്കൂ. കണ്ണിന് ചുറ്റുമായി അസഹ്യമായ വേദന, കണ്ണില്‍ നിന്ന് നീര് പുറപ്പെട്ടുവരിക, കണ്ണില്‍ ചുവപ്പുനിറം പടരുക, മൂക്കടപ്പോ മൂക്കൊലിപ്പോ, കണ്‍പോള തൂങ്ങിവീണുകൊണ്ടിരിക്കുക എന്നിവയെല്ലാം ക്ലസ്റ്റര്‍ ഹെഡ്ഡേക്കിന്‍റെ ലക്ഷണങ്ങളാണ്.
സ്ത്രീകളെ അപേക്ഷിച്ച് ക്ലസ്റ്റര്‍ തലവേദന പുരുഷന്മാരിലാണ് കൂടുതല്‍ കണ്ടുവരുന്നത്. വളരെപ്പെട്ടെന്ന് തലയുടെ ഒരു ഭാഗത്ത് തുളച്ചുകയറുന്നതു പോലെ വരുന്ന വേദനയാണിത്. പ്രത്യേകിച്ച് രാത്രിയിലാണ് ക്ലസ്റ്റര്‍ തലവേദന പിടിമുറുക്കുക. മുഖത്തിന്റെ ഒരു ഭാഗത്തായിരിക്കും വേദന. കണ്‍പോളകള്‍ പിടയുക, കണ്ണില്‍ വെള്ളം നിറയുക, മൂക്കടയുക തുടങ്ങിയ അസ്വസ്ഥതകളും അനുഭവപ്പെടാം. ഇതിന്റെ യഥാര്‍ഥ കാരണം ഇനിയും അറിവായിട്ടില്ല. എന്നാല്‍ ശരീരത്തിലെ ജൈവ രാസപ്രവര്‍ത്തനങ്ങളിലെ അപാകങ്ങളാണ് ഇത്തരം തലവേദനയ്ക്കു കാരണമാകുന്നതെന്നാണ് കരുതപ്പെടുന്നത്. ക്ലസ്റ്റര്‍ തലവേദനക്ക് ഇന്ന് ഫലപ്രദമായ ചികിത്സ ലഭ്യമാണ്.
മരുന്നുകളുടെ അമിതോപയോഗം മൂലമുള്ള തലവേദനയും ചിലരില്‍ പ്രശ്നമാകാറുണ്ട്. തലവേദനയാണെന്ന് കണ്ട് എപ്പോഴും ഇതിനുള്ള മരുന്ന് വാങ്ങി കഴിക്കുന്ന നിരവധി പേരുണ്ട്. ഇങ്ങനെ ഏറെക്കാലം തലവേദനയ്ക്കുള്ള മരുന്ന് കഴിക്കുന്നതിന്‍റെ ഫലമായിട്ടാണ് അധികവും ഈ തലവേദന വരിക. ടെൻഷൻ കഴിഞ്ഞാല്‍പ്പിന്നെ ഏറ്റവുമധികം തലവേദനയ്ക്ക് കാരണമാകുന്നത് ഇതാണത്രേ.
തുടര്‍ച്ചയായി ഒരേ അളവില്‍ വേദന വരിക, നിത്യജീവിതത്തിലെ മറ്റ് കാര്യങ്ങളിലേക്കൊന്നും പോകാൻ അനുവദിക്കാത്ത വിധം രൂക്ഷമായ വേദന എല്ലാം ഇതിന്‍റെ പ്രത്യേകതയാണ്. മരുന്നിനെ ആശ്രയിച്ചാല്‍ ഉടനെ മാറുകയും ചെയ്യും. പക്ഷേ വീണ്ടും ഇതുപോലെ തിരികെ വരാം.
എന്തായാലും തുടര്‍ച്ചയായി തലവേദന അനുഭവപ്പെടുകയാണെങ്കില്‍ അതൊരു ഡോക്ടറെ കണ്ട് വേണ്ട പരിശോധന നടത്തേണ്ടത് തന്നെയാണ്. വീട്ടിലിരുന്നുള്ള സ്വയം നിര്‍ണയം ആരോഗ്യത്തിന് ആപത്താണെന്ന് മനസിലാക്കുക.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.