പക്വത കൊണ്ടുവരുന്നത് പ്രായമല്ല അനുഭവങ്ങളാണ്.
ജീവിച്ച വർഷങ്ങളുടെ കണക്ക് നോക്കിയല്ല അനുഭവങ്ങളെ വിലയിരുത്താറ്.പക്വതയ്ക്ക് മറ്റെന്തിനേക്കാളും സ്ഥാനമുണ്ട് നമ്മുടെ ജീവിതത്തിൽ. പ്രായത്തോടൊപ്പം വിത്തിട്ട് വളർത്തിയില്ലെങ്കിൽ കെട്ടിപ്പൊക്കി എന്ന് നമ്മൾ അഹങ്കരിച്ചതിന്റെ അകം പൊള്ളയായി ഒരിക്കൽ പൊട്ടിത്തകരും.
മറ്റൊരാൾ ചെയ്യട്ടെ ഞാൻ പിന്നാലെ കൂടിക്കൊള്ളാം" എന്ന സമീപനം ഉള്ളവരാണ് മിക്കവരും. പരാജയഭീതി നമ്മെ പിന്തിരിപ്പിക്കാതെ "എന്തുകൊണ്ട് എനിക്ക് മുൻകൈ എടുത്തുകൂടാ " എന്ന് സ്വയം ചോദിക്കുക.
ചില കാര്യങ്ങൾ മുഷിപ്പനാകാം, ഇടയ്ക്കു ചെറിയ പരാജയം ഉണ്ടാകാം, എങ്കിലും ഏറ്റെടുത്ത കാര്യങ്ങൾ ചിട്ടയോടെ തുടർന്ന് ചെയ്യുന്നവർക്കാണ് വിജയം വരിക്കാൻ കഴിയുക.
നമ്മളൊന്ന് ക്ഷമിച്ചാൽ മാത്രം പരിഹാരമാകുന്ന പല പ്രശ്നങ്ങളും ഉണ്ട് ജീവിതത്തിൽ. ശാന്തതയോടെ കൈകാര്യം ചെയ്താൽ ഒത്തു തീരാവുന്ന വെല്ലുവിളികളും ഉണ്ട് . ഓരോന്നിനും അർഹിക്കുന്ന പ്രാധാന്യം നൽകുന്നതാണ് മനസ്സിന്റെ പക്വത .ജീവിതാനുഭവങ്ങൾ
കൊണ്ടുണ്ടാകുന്ന ബുദ്ധിവികാസമാണല്ലോ പക്വത.പക്ഷേ ചിലർ പക്വതയുടെ മുഖംമൂടിയണിഞ്ഞ് നമ്മളെ കബളിപ്പിക്കുകയാണ്. കാര്യത്തോട് അടുക്കുമ്പോൾ അവർക്ക് പക്വതയും ഇല്ല.., പാകതയും ഇല്ല.
പക്വത എന്ന് കരുതുന്നത് നമ്മൾ എന്തിനെയാണ് ? അവനവന്റെ ഇഷ്ടങ്ങളെയും ആഗ്രഹങ്ങളെയും മാറ്റിവെച്ച് ജീവിക്കുന്നതിനെയാകരുത്.
നമുക്ക് ജന്മം ഒന്നേയുള്ളൂ.. അത് ആസ്വദിച്ചു ജീവിക്കുക . സമാധാനവും സന്തോഷവും നമ്മുടെ പുറകെ വരും. മറ്റുള്ളവർ
നമ്മളെക്കുറിച്ച് എന്ത് വിചാരിക്കും എന്നതിൽ നിന്ന് മറ്റുള്ളവർ നമ്മളെക്കുറിച്ച് എന്തുവേണമെങ്കിലും വിചാരിച്ചോട്ടെ എന്നതിലേക്കുള്ള ദൂരമാണ് പക്വത.
പക്വത എന്നത് സംസാരത്തിലും പെരുമാറ്റത്തിലും മാത്രം പോരാ പ്രവൃത്തിയിൽ കൂടി വേണം . അതാണ് ശരിക്കും പക്വത വന്നൊരാൾ.എന്തിന്റെ പേരിലായാലും മറ്റൊരാളെ വേദനിപ്പിക്കാൻ വേണ്ടി കളിയാക്കുന്നവർക്ക് പക്വതയുണ്ടെന്ന് പറയുന്നതിൽ അർത്ഥമില്ല .
വലിയ വലിയ കാര്യങ്ങൾ ചെയ്യുമ്പോഴല്ല മറിച്ച് , ചെറിയ ചെറിയ കാര്യങ്ങൾ പോലും വളരെ സൂക്ഷ്മതയോടെ ചെയ്യുമ്പോഴാണ് നാം പക്വതയുള്ളവരാവുന്നത് . പക്വതയുണ്ടെന്ന് അറിയിക്കാൻ ചിലർ ചെയ്ത വലിയ കാര്യങ്ങൾ അതിലും വലിയ മണ്ടത്തരങ്ങൾ ആയപ്പോഴാണ് അവരുടെ പക്വതയുടെ യഥാർത്ഥ്യം വെളിപ്പെട്ടത്.
പ്രായമേറിയിട്ടും തീരെ പക്വത ഇല്ലാത്തവരെയും പ്രായത്തിൽ കുറഞ്ഞവരെങ്കിലും തികഞ്ഞ പക്വതയുള്ളവരെയും നമുക്ക് ജീവിതത്തിൽ കാണാം. പ്രായവും പക്വതയും തമ്മിൽ യാതൊരു ബന്ധവുമില്ല എന്നല്ല ഇതിനർത്ഥം .
പക്വത എന്നത് ആർജ്ജിച്ചെടുക്കേണ്ട ഒന്നാണ് . അവസരോചിതമായി പെരുമാറുകയും സമൂഹത്തിൽ മാന്യമായി ഇടപെടലുകൾ നടത്തുകയും വേണം . മനുഷ്യന്റെ മനോഭാവങ്ങളിലുള്ള വ്യത്യസ്തതയാവാം പക്വതയില്ലായ്മയുടെ കാരണം .
തിക്തനുഭവങ്ങളുടെ തീക്ഷ്‌ണത നമ്മെ ഒരിക്കലും മാനസികമായി തളർത്താൻ സമ്മതിക്കരുത്.അനുഭവങ്ങളുടെ കയത്തിൽ നിന്നും കയറിവരുന്നവർ പ്രശ്നങ്ങളോട് നല്ല ആത്മവിശ്വാസവും, പ്രതിരോധശക്തിയും പുലർത്തുന്നവരായിരിക്കും.
ജീവിതയാത്രയിൽ നിരപ്പായ പ്രദേശങ്ങൾ മാത്രമല്ല, അഗാധമായ ഗർത്തങ്ങളും ഉയരമേറിയ കൊടുമുടികളും ഉണ്ടാവും. അതിജീവിക്കുക തന്നെവേണം.അനുഭവങ്ങളുടെ ആഴങ്ങളിൽ നിന്നും വിജയം കൈവരിക്കുമ്പോൾ അതിന് മാധുര്യമേറെയാണ്.