ആരോ പറഞ്ഞ അതിസുന്ദരമായ ഒരു ചൊല്ലുണ്ട്. സൂര്യനെയും ചന്ദ്രനെയും തൊടാനുള്ള വിദ്യ മക്കളെ പഠിപ്പിക്കരുത്. അവർ ആർക്കും പ്രയോജനമില്ലാത്തവരായി തീരും.
പഠിപ്പിക്കുകയാണെങ്കിൽ ആദ്യം മാതാപിതാക്കളെ ബഹുമാനിക്കാൻ അവരെ പഠിപ്പിക്കുക. അവർ ഭൂമിയിൽ അവരുടെ ബന്ധങ്ങൾ നിലനിർത്തുകയും അവരുടെ കടമ നിറവേറ്റുകയും ചെയ്യും.
മാതാ-പിതാ-ഗുരു-ദൈവം എന്നാണു തത്വം. മാതാവിനെയും പിതാവിനെയും ഗുരുവിനെയും ദൈവതുല്യരായി കാണണം. എന്നാൽ ജന്മം നൽകി പാലൂട്ടി വളർത്തിയ അമ്മയെയും ചോര നീരാക്കി അധ്വാനിച്ചു വളർത്തിയ അച്ഛനെയും നിഷ്കരുണം തള്ളിപ്പറയുകയും ഉപേക്ഷിക്കുകയും ചെയ്യുന്നതിന് ഇന്നത്തെ തലമുറക്കു യാതൊരു മടിയുമില്ല. അതിനുള്ള ഉത്തമോദാഹരണമാണ് രാജ്യത്തു വർദ്ധിച്ചു വരുന്ന വൃദ്ധമന്ദിരങ്ങൾ.
റെയില്‍വേ സ്‌റ്റേഷനുകളിലും അമ്പലനടകളിലുമെല്ലാം അച്ഛനമ്മമാരെ ഉപേക്ഷിച്ച് കടന്നുകളയുന്ന മക്കൾ ഒരിക്കൽ അവരെയും വാർദ്ധക്യം ബാധിക്കും എന്ന് ഇപ്പോൾ ഓർക്കുന്നില്ല.
സ്വന്തം മാതാപിതാക്കളെ അനാഥമന്ദിരത്തിൽ ഉപേക്ഷിക്കുന്നവർ ഇന്ന് ലോകത്ത് ധാരാളമാണ്.വിവാഹം കഴിഞ്ഞ് കുട്ടികൾ ആയാൽ പിന്നെ മാതാപിതാക്കൾ അവർക്കൊരു ഭാരമായി വരും. അവരെ അനാഥമന്ദിരത്തിൽ ഉപേക്ഷിക്കും.ഇന്നത്തെ കാലത്ത് മിക്ക വീടുകളിലും സംഭവിക്കുന്നതാണ് ഇത്.
ഒരു കഥയുണ്ട്, പിതാവിനെ വൃദ്ധസദനത്തിൽ ഏൽപ്പിച്ച് മകന്റെ കൂടെ തിരിച്ചു പോരുന്ന ഒരു യുവാവിനോട് വഴിയിൽ വച്ച് മകൻ ചോദിക്കുന്നു. "അച്ഛാ, ഇനി അപ്പൂപ്പൻ തിരിച്ചു വരില്ലേ ?" അച്ഛൻ പറഞ്ഞു : "ഇല്ല ഇനി അപ്പൂപ്പന്റെ കാര്യം അവിടത്തെ ആയമാർ നോക്കിക്കൊള്ളും.നാമൊരു കാര്യവും ഇനി അറിയേണ്ടതില്ല.മരിച്ചാൽ പോലും അവർ ഉപചാരപൂർവം സംസ്കാരം നടത്തും. അതിനുള്ള പൈസ നാം അവർക്ക് നൽകിയിട്ടുണ്ട്."
അത് കേട്ട ആ കുരുന്നു പറഞ്ഞു. "അച്ഛന് വയസാകുമ്പോൾ എനിക്കും ഇനി അങ്ങനെ ചെയ്താൽ മതിയല്ലോ..."
ഇത് കേട്ട മാത്രയിൽ യുവാവ് അമ്പരന്നു. അയാൾ ഉടൻ വന്ന വഴിയേ വാഹനം തിരിച്ചു വിട്ടു. നേരെ വൃദ്ധസാധനത്തിലേക്ക് , പിതാവിനെ തിരികെ കൊണ്ട് വരാൻ.
മത്തായി സർ എന്ന മനുഷ്യൻ വളരെ ഭാഗ്യശാലി ആണെന്ന് സ്വയം വിശ്വസിച്ചിരുന്നു. കാരണം അയാളുടെ രണ്ടു ആണ്മക്കളും ഐ ഐ ടി യിൽ പഠിച്ചതിനു ശേഷം അമേരിക്കയിൽ പോയി ഏകദേശം വർഷത്തിൽ 1 കോടി രൂപ ശമ്പളം വാങ്ങുന്ന ജോലിക്കാരായിരുന്നു.
മത്തായി സർ റിട്ടയർ ആയതിനുശേഷം അദ്ദേഹത്തിന്റെ ആഗ്രഹം ഒരു പുത്രൻ ഇന്ത്യയിൽ തിരിച്ചു വന്നു അദ്ദേഹത്തിന് തുണയായി കൂടെ താമസിക്കണമെന്നായിരുന്നു. എന്നാൽ അമേരിക്കയിൽ പോയതിനു ശേഷം രണ്ടു മക്കളും ഇന്ത്യയിലേക്ക് മടങ്ങി വരാൻ തയ്യാറായില്ല. മറിച്ചു മത്തായി സാറിനെ മക്കൾ അമേരിക്കയിലേക്കു വരാൻ നിർദേശിച്ചു.
മത്തായി സാർ ഭാര്യ ലീലാമ്മയെയും കൂട്ടി അമേരിക്കയിലേക്കു പോയി. എന്നാൽ അയാളുടെ മനസിൽ അവിടെ നിൽക്കുന്നതിൽ ഒട്ടും സംതൃപ്തി ഉണ്ടായിരുന്നില്ല.അതുകൊണ്ടു അവർ ഇന്ത്യയിലേക്ക് തിരികെ പോന്നു.നിർഭാഗ്യവശാൽ മത്തായി സാറിന്റെ ഭാര്യക്ക് തളർവാതം പിടിപെട്ടു.പത്നിയുടെ നിത്യകർമ്മങ്ങൾ, ആഹാരം, മരുന്നുകൾ ഉൾപ്പെടെ എല്ലാ ആവശ്യങ്ങൾക്കും സഹായിക്കുന്നത് മത്തായി സാറിന്റെ ചുമതല ആയി മാറി. രോഗം മൂലം ലീലാമ്മക്ക് അവരുടെ സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. അദ്ദേഹം പൂർണ മനസ്സോടെയും നിഷ്ഠയോടെയും അവരെ ശുശ്രൂഷിച്ചു പോന്നു.
ഒരു രാത്രി മത്തായി സാർ പത്നിക്ക് മരുന്ന് കൊടുത്തു ഉറക്കിയ ശേഷം അടുത്ത ബെഡിൽ കിടന്നുറങ്ങി. രാത്രി ഏകദേശം രണ്ടുമണി ആയപ്പോൾ ഹാർട്ട് അറ്റാക്ക് മൂലം മത്തായി സർ മരിച്ചു. പത്നി രാവിലെ ആറുമണിക്ക് ഉണർന്നു നിത്യ കർമ്മങ്ങൾക്കു കൊണ്ടുപോകാൻ ഭർത്താവ് വരുന്നതും പ്രതീക്ഷിച്ചു കിടന്നു. പ്രതീക്ഷയുടെ സമയം നീണ്ടപ്പോൾ എന്തോ ആപത്തുണ്ടായി കാണും എന്ന തോന്നൽ അവർക്കുണ്ടായി. തനിയെ എഴുന്നേൽക്കാൻ നിവർത്തി ഇല്ലാതിരുന്നതു കൊണ്ടു അവർ തനിയെ കിടക്കയിൽ നിന്നും ഉരുണ്ടു നിലത്തു വീണു. നിരങ്ങി, നിരങ്ങി ഭർത്താവിന്റെ കിടക്കക്കരികിലേക്കു നീങ്ങി.
അദ്ദേഹത്തെ കുലുക്കി വിളിച്ചിട്ടു പ്രതികരണം ഒന്നും കണ്ടില്ല.പ്രിയ ഭർത്താവിന്റെ ആത്മാവ് ഈ ലോകത്തോട് വിടപറഞ്ഞു എന്ന് അവർക്കു മനസ്സിലായി.സംസാര ശേഷി നഷ്ടപ്പെട്ടതിനാൽ ആരെയെങ്കിലും വിളിച്ചു വിവരം അറിയിക്കുന്നതിന് അവർക്കു സാധിക്കുമായിരുന്നില്ല. ഫോൺ മറ്റൊരു മുറിയിലായിരുന്നു. അവർ അയൽക്കാരെ വിവരമറിയിക്കാൻ ഫോണിനടുത്തേക്കു നിരങ്ങി നീങ്ങി. നാല് മണിക്കൂർ നീണ്ട പ്രയത്നത്തിന് ശേഷം അവർ ഫോണിനടുത്തെത്തി.
ഫോണിന്റെ വയർ പിടിച്ചു വലിച്ചു താഴെയിട്ടു. എങ്ങിനെയോ അയൽവാസിയുടെ നമ്പർ ഡയൽ ചെയ്തു വിളിച്ചു. അയൽവാസി നല്ല ഒരു മനുഷ്യൻ ആയിരുന്നു. ഫോണിൽ നിന്നും ശബ്ദം ഒന്നും കേൾക്കാതായപ്പോൾ സംഗതി ഗൗരവമുള്ളതാണെന്നു അയാൾക്ക് മനസ്സിലായി. അയാൾ മറ്റു അയൽക്കാരെ വിവരം അറിയിച്ചു വിളിച്ചു കൂട്ടി. വാതിൽ പൊളിച്ചു എല്ലാവരും അകത്തുകടന്നു. മത്തായി സർ കട്ടിലിൽ മരിച്ചു കിടക്കുന്നതും പത്നി ടെലിഫോണിനടുത്തു മരിച്ചു കിടക്കുന്നതുമാണവർ കണ്ടത്.
ആദ്യം മത്തായി സാറിന്റെയും പിന്നീട് ലീലാമ്മയുടെയും മരണം സംഭവിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ ഒന്നിച്ചു സംസ്കരിക്കുന്നതിനു ഗ്രാമത്തിലുള്ള എല്ലാവരും തോളോട് തോൾ ചേർന്ന് ആ മൃതദേഹങ്ങൾ വഹിച്ചുകൊണ്ട് പോയി. എന്നാൽ മൃതദേഹങ്ങൾ ചുമലിലേറ്റുന്നതിനു രണ്ടു പേർ അവിടെ ഉണ്ടായിരുന്നില്ല. എപ്പോഴും കൂടെ കാണും എന്ന് മാതാപിതാക്കൾ പ്രതീക്ഷിച്ചിരുന്ന രണ്ടു പേർ.
ഒരു പക്ഷെ കോടികളുടെ പ്രഭാവത്തിൽ മുൻപേ തന്നെ അവരുടെ ബന്ധം മുറിഞ്ഞു പോയിരിക്കാം.
മരങ്ങൾ നടുന്നത് ഫലം കിട്ടാനാണ്. കുട്ടികളെ വളർത്തുന്നത് വാർധക്യത്തിൽ ഒരു സഹായമാകും എന്ന് കരുതിയാണ്. ചില കുട്ടികൾ മാതാപിതാക്കളോട് അവരുടെ കടമ നിറവേറ്റുന്നു. ആരോ പറഞ്ഞ അതിസുന്ദരമായ ഒരു ചൊല്ലുണ്ട്. സൂര്യനെയും ചന്ദ്രനെയും തൊടാനുള്ള വിദ്യ മക്കളെ പഠിപ്പിക്കരുത്. അവർ ആർക്കും പ്രയോജനമില്ലാത്തവരായി തീരും.പഠിപ്പിക്കുകയാണെങ്കിൽ ആദ്യം മാതാപിതാക്കളെ ബഹുമാനിക്കാൻ അവരെ പഠിപ്പിക്കുക. അവർ ഭൂമിയിൽ അവരുടെ ബന്ധങ്ങൾ നിലനിർത്തുകയും അവരുടെ കടമ നിറവേറ്റുകയും ചെയ്യും.