ജപ്പാൻ 'ചുരുങ്ങുന്നു'; ജനന നിരക്ക് വര്‍ദ്ധിപ്പിക്കാൻ 'ഡേറ്റിംഗ് ആപ്പുമായി' ഭരണകൂടം
ജനസംഖ്യാ വളര്‍ച്ചാ നിരക്ക് കുറയുന്നത് തടയാന്‍ സ്വന്തമായി ഡേറ്റിംഗ് ആപ്പ് തുടങ്ങാനൊരുങ്ങി ജപ്പാന്‍. ടോക്കിയോ മെട്രോപൊളിറ്റന്‍ അധികൃതരാണ് ഈ വര്‍ഷം അവസാനത്തോടെ ഡേറ്റിംഗ് ആപ്പ് തുടങ്ങുമെന്ന് അറിയിച്ചത്. എന്നാല്‍ വിവാഹം കഴിഞ്ഞവരോ സിംഗിള്‍ അല്ലാത്തവരോ ഡേറ്റിംഗ് ആപ്പില്‍ കയറാമെന്ന് വിചാരിച്ചാല്‍ നടക്കില്ല. സിംഗിളാണെന്ന് തെളിയിക്കുന്ന രേഖകളും വിവാഹത്തിന് ഒരുക്കമാണെന്ന സമ്മതപത്രവും നല്‍കിയാല്‍ മാത്രമേ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ.
ലഭിക്കുന്ന ശമ്പളത്തെക്കുറിച്ചറിയാന്‍ നികുതിയടച്ച രസീതും സമര്‍പ്പിക്കണം. മാത്രവുമല്ല രജിസ്റ്റര്‍ ചെയ്യുന്നയാളിന്റെ ഉയരം, വിദ്യാഭ്യാസ യോഗ്യത, ജോലി തുടങ്ങിയ പതിനഞ്ചോളം വ്യക്തിഗത വിവരങ്ങളും രേഖപ്പെടുത്തണം. തുടര്‍ന്ന് ഡേറ്റിംഗ് ആപ്പിലെ ഓപ്പറേറ്ററുമായി നടത്തുന്ന അഭിമുഖത്തിന് ശേഷമാണ് അംഗത്വം ലഭിക്കുക. രണ്ട് വര്‍ഷത്തേക്ക് ആപ്പിന്റെ പ്രവര്‍ത്തനത്തിന് 700 മില്യന്‍ ജാപ്പനീസ് യെന്‍ (ഏകദേശം 37 കോടി രൂപ)ആണ് അധികൃതര്‍ വകയിരുത്തിയിരിക്കുന്നത്.
വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടായിട്ടും അനുയോജ്യമായ പങ്കാളിയെ കണ്ടെത്താനാകാതെ വിഷമിക്കുന്നവര്‍ക്ക് വേണ്ടിയാണ് ആപ്പിന്റെ പ്രവര്‍ത്തനമെന്നാണ് അധികൃതരുടെ വിശദീകരണം. സാധാരണ ഡേറ്റിംഗ് ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ചിലര്‍ക്കുണ്ടാക്കുണ്ടാകുന്ന സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തുടങ്ങുന്ന ആപ്പിന് കഴിയുമെന്നും അവര്‍ പറയുന്നു.
തുടര്‍ച്ചയായ എട്ടാമത്തെ വര്‍ഷവും ജപ്പാനിലെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് കുറഞ്ഞതോടെയാണ് അധികൃതര്‍ ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയത്. കഴിഞ്ഞ വര്‍ഷം 5.6 ശതമാനം ഇടിവാണ് ജനസംഖ്യയിലുണ്ടായത്. വിവാഹങ്ങള്‍ കുറഞ്ഞതാണ് ഇതിന് കാരണമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. കൂടാതെ 50 വയസിന് താഴെയുള്ള 32 ശതമാനം പുരുഷന്മാരും 24 ശതമാനം സ്ത്രീകളും അവിവാഹിതരുമാണ്. നവജാത ശിശുക്കളുടെ മരണനിരക്കിലെ വര്‍ദ്ധനവും പ്രായമായവരുടെ എണ്ണം കൂടുന്നതും ജപ്പാനെ അലട്ടുന്നുണ്ട്.2070 ആകുമ്പോള്‍ ജനസംഖ്യയിലെ 10ല്‍ നാല് പേരും 60 വയസ് കഴിഞ്ഞവരാകുമെന്നാണ് പ്രവചനം. ഇതിനെ മറികടക്കാന്‍ നിരവധി പരിഹാര മാര്‍ഗങ്ങള്‍ നടപ്പിലാക്കാനൊരുങ്ങുകയാണ് ജപ്പാന്‍.
പിന്തുണച്ച് മസ്‌ക്
ജപ്പാൻറെ ഈ നീക്കത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി എക്സിന്റെ ഉടമയായ ഇലോണ്‍ മസ്ക് പറഞ്ഞു.
ജനന നിരക്ക് കുറയുന്നത് തിരിച്ചറിഞ്ഞ് വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തതില്‍ സന്തോഷമുണ്ടെന്നാണ് മസ്ക് എക്സില്‍ കുറിച്ചത്. ഇത്തരത്തിലൊരു തീരുമാനമെടുത്തില്ലെങ്കില്‍ ജപ്പാനൊപ്പം മറ്റ് പല രാജ്യങ്ങളും അപ്രത്യക്ഷമാകുമെന്നും മസ്ക് മുന്നറിയിപ്പ് നല്‍കുന്നു.
കൂടുതല്‍ കുട്ടികളുണ്ടാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് 2021 മുതല്‍ മസ്ക് നിരന്തരം പരാമർശിക്കുന്നുണ്ട്. കുട്ടികള്‍ ഇല്ലെങ്കില്‍ നാഗരികത തന്നെ നശിക്കുമെന്നാണ് അന്ന് ആറ് കുട്ടികളുടെ പിതാവായ അദ്ദേഹം പറഞ്ഞത്. നിലവില്‍ 11 കുട്ടികളുടെ പിതാവാണ് ഇലോണ്‍ മസ്ക്.
ഭരണകൂടം ഡേറ്റിംഗ് ആപ്പുകള്‍ പുറത്തിറക്കുന്നത് വിരളമാണ്. എന്നാല്‍ ടോക്കിയോ ഭരണകൂടം ബജറ്റില്‍ ഇതിനായി പ്രത്യേകം ഫണ്ട് തന്നെ മാറ്റി വയ്‌ക്കുന്നു. 2023-ലെ ബജറ്റില്‍ 200 ദശലക്ഷം യെനും (10.69 കോടി രൂപ) 2024-ല്‍ 300 ദശലക്ഷം (16.04 കോടി രൂപ) യെനുമാണ് ആപ്പുകള്‍ വഴിയും മറ്റ് പ്രൊജക്ടുകള്‍ വഴിയും വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി നീക്കി വച്ചിട്ടുണ്ട്.
ജപ്പാനിലെ ജനന നിരക്ക് തുടർച്ചയായ എട്ടാം വർഷവും താഴ്ന്നതോടെയാണ് 2023-ല്‍ വൻ പദ്ധതികള്‍ ആവിഷ്കരിച്ചത്. ജനനങ്ങളുടെ എണ്ണം മുൻ വർഷത്തെ അപേക്ഷിച്ച് 5.1 ശതമാനം കുറഞ്ഞ് 58,631 ആയി, വിവാഹങ്ങളുടെ എണ്ണം 5.9 ശതമാനം കുറഞ്ഞ് 489,281 ആയി. 2023-ല്‍ ജപ്പാനില്‍ നവജാത ശിശുക്കളുടെ ഇരട്ടിയിലധികം മരണങ്ങള്‍ രേഖപ്പെടുത്തിയതായി ദി ഇൻഡിപെൻഡൻ്റ് റിപ്പോർട്ട് ചെയ്തിരുന്നു.