'എല്ലാം റീല്‍സിന് വേണ്ടി'; കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും ഒറ്റക്കൈയില്‍ തൂങ്ങിക്കിടക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ വൈറൽ
സമൂഹ മാധ്യമങ്ങള്‍ക്കൊപ്പം വളരുന്ന പുതിയ തലമുറയുടെ ഓരോ നീക്കവും സമൂഹ മാധ്യമങ്ങളിലെ റീച്ചിനും ലൈക്കിനും വേണ്ടിയുള്ളതാണ്.
തിരക്കേറിയ റോഡിന് നടുവില്‍ നിന്നും പാടുക, തിരക്കേറിയ റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റേഷന്‍, മെട്രോ തുടങ്ങിയ നാലാള്‍ കൂടുന്നിടത്ത് അസാധാരണമായ പെരുമാറ്റം പ്രകടിപ്പിക്കുക അത് വഴി ആളുകളുടെ ശ്രദ്ധ ക്ഷണിക്കുക. ഇത്തരം വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച് ലൈക്കും റീച്ചും കൂട്ടുക. ഇതിനായി എന്ത് സാഹസത്തിനും പുതിയ തലമുറ തയ്യാറാണ്.
കഴിഞ്ഞ ദിവസം പൂനെകർ ന്യൂസ് എന്ന എക്സ് ഉപയോക്താവ് ഒരു വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു, 'പൂനെയിലെ ജംഭുല്‍വാഡിയിലെ സ്വാമിനാരായണ്‍ മന്ദിറിനടുത്തുള്ള ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തില്‍, റീലുകള്‍ ഉണ്ടാക്കുന്നതിനും ശക്തി പരിശോധിക്കുന്നതിനുമായി യുവാക്കള്‍ അവരുടെ ജീവൻ പണയപ്പെടുത്തുന്നു.' കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും ഒറ്റക്കൈയില്‍ തൂങ്ങിക്കിടന്നുള്ള ചലഞ്ചിന്‍റെ മെയ്ക്കിംഗ് വീഡിയോയായിരുന്നു അത്. വീഡിയോയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു കൂറ്റന്‍ കെട്ടിടത്തിന്‍റെ മുകളിലെ റൂഫില്‍ കിടക്കുന്ന ഒരു യുവാവിന്‍റെ കൈയില്‍ തൂങ്ങി ഒരു പെണ്‍കുട്ടി താഴേക്കിറങ്ങുന്നത് കാണാം. പിന്നാലെ ഇരുവരും ഒറ്റ കൈയില്‍ പിടിത്തമിടുകയും പെണ്‍കുട്ടി ഉയരത്തില്‍ തൂങ്ങിക്കിടക്കുകയും ചെയ്യുന്നു. ഇതിനിടെ ഇരുവരെയും രണ്ട് വശത്ത് നിന്നും താഴേ നിന്നും മൊബൈലില്‍ ഷൂട്ട് ചെയ്യുന്നവരെയും വീഡിയോയില്‍ കാണാം.
മഹാരാഷ്ട്ര പുണെയില്‍ കെട്ടിടത്തില്‍ തൂങ്ങി കിടന്ന് അപകടകരമാംവിധം റീല്‍ ചിത്രീകരിച്ച പെണ്‍കുട്ടിക്കും സുഹൃത്തുക്കള്‍ക്കും എതിരെ കേസ്.
ജീവന് ഭീഷണിയായി അപകടരമായ പ്രവൃത്തി ചെയ്തെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. പെണ്‍കുട്ടിയെയും സുഹൃത്തുകളെയും വിളിച്ചു വരുത്തി പൊലീസ് ചോദ്യം ചെയ്യും.
സമ്മർദത്തിന് വഴങ്ങിയാണോ ഇത്തരം പ്രവൃത്തി ചെയ്തതെന്ന് സ്ഥിരീകരിക്കാണിത്. വിശദ ചോദ്യം ചെയ്യലിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചേർക്കുന്ന കാര്യം തീരുമാനിക്കുമെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായതിനാല്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്താൻ പൊലീസ് തയാറായില്ല.
പുണെ സ്വദേശികളായ പെണ്‍കുട്ടിയും സുഹൃത്തുകളുമാണ് അപകടത്തിന് വഴിവെക്കുന്ന തരത്തില്‍ ഇൻസ്റ്റാഗ്രാം റീല്‍ ചിത്രീകരിച്ചത്. കോട്ട പോലെയുള്ള ഒരു കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് താഴേക്ക് ഒരു പെണ്‍കുട്ടി തൂങ്ങിക്കിടക്കുന്നതാണ് റീല്‍ ചിത്രീകരിച്ചത്.
കെട്ടിടത്തിന്‍റെ അരികില്‍ നിന്ന് ആണ്‍കുട്ടിയുടെ കൈയില്‍ പിടിച്ച് പെണ്‍കുട്ടി ആടുന്നതും സുഹൃത്തായ മറ്റൊരാള്‍ ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ ചിത്രീകരിക്കുന്നതും കാണാം. വലിയ കല്ലുകള്‍ നിറഞ്ഞ സ്ഥലത്തെ ബഹുനില കെട്ടിടത്തിലാണ് കൗമാരാക്കാരായ നാലംഗ സംഘം റീല്‍ ചിത്രീകരണത്തില്‍ ഏർപ്പെട്ടത്.
സുരക്ഷാ മുൻകരുതലില്ലാതെ അപകടകരമായ നിലയില്‍ റീല്‍ ചിത്രീകരിച്ചതിനെതിരെ രൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയർന്നത്. പൊലീസ് ഉദ്യോഗസ്ഥരെ ടാഗ് ചെയ്ത് സമൂഹമാധ്യമങ്ങളിലെ ഉപയോക്താക്കള്‍ കൗമാരക്കാർക്കെതിരെ അറസ്റ്റ് അടക്കമുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
ഒറ്റ ദിവസത്തിനുള്ളില്‍ ഒന്നര ലക്ഷത്തിനടുത്ത് ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. വീഡിയോ വൈറലായതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേര്‍ സമൂഹ മാധ്യമങ്ങള്‍ കുറിപ്പെഴുതി. 'അവരെ കണ്ടെത്തി ശിക്ഷിക്കണം', ഒരു കാഴ്ചക്കാരനെഴുതി. 'ഈ തലമുറ നശിക്കുന്നു. തലമുറയെന്ന നിലയില്‍, ജീവിതത്തില്‍ ഒരു വിഷയവുമില്ലാത്തെ റീല്‍സിന് വേണ്ടി ജീവൻ പണയപ്പെടുത്തുന്ന എല്ലാരെയും ഞാൻ പറയുന്നു. ദുരന്തം.' മറ്റൊരു കാഴ്ചക്കാരന്‍ ഏറെ അസ്വസ്ഥനായി. 'ഈ പുതിയ തലമുറയ്ക്ക് എന്തോ കുഴപ്പമുണ്ട്. നിനക്കെന്താ പറ്റിയത്?' മറ്റൊരു കാഴ്ചക്കാരി കുറിച്ചു. 'പരീക്ഷാ പേപ്പർ ചോർച്ചയും ജോലിയും ഇല്ലാത്തതിനാല്‍ യുവാക്കള്‍ക്ക് ഇപ്പോള്‍ ഇത് മാത്രമാണുള്ളത്.' മറ്റൊരാള്‍ ഇന്ത്യയിലെ നീറ്റ് പരീക്ഷാ വിവാദത്തെ ഓര്‍മ്മിച്ച് കൊണ്ട് എഴുതി.
'ദയവായി ഇത് പരിശോധിക്കുക, ഇത് അപകടകരവും സംഭവിക്കാൻ കാത്തിരിക്കുന്ന ഒരു ദുരന്തവുമാണ്'. 'മറ്റുള്ളവർക്കുള്ള മുന്നറിയിപ്പായി ഇവരെ ജയിലിലടക്കണം. സമൂഹ മാധ്യമങ്ങളിലെ വ്യാജ ലൈക്കുകള്‍ക്കും ജനപ്രീതിക്കും വേണ്ടി എന്തിനാണ് ഈ അഭിനിവേശം'.
'ഇത്തരം രംഗങ്ങള്‍ കാണിക്കുന്ന സിനിമകളില്‍ പോലും അവർ വി.എഫ്.എക്സ് ഉപയോഗിക്കുന്നു. പ്രമുഖ സിനിമ താരങ്ങള്‍ ഹാർനെസ് ഉപയോഗിക്കുന്നു. ആരാണ് ഈ മിണ്ടാപ്രാണികള്‍, എന്തുകൊണ്ടാണ് ഇവരെ ഇതുവരെ അറസ്റ്റ് ചെയ്യാത്തത്' -എന്നിങ്ങനെയാണ് കമന്‍റുകള്‍.