ഡി എൻ.എയില്‍ മാറ്റം വരുത്തി പ്രായം കുറക്കാനുള്ള ചികിത്സക്ക് വിധേയനായി യു.എസ് ശതകോടീശ്വരൻ ബ്രയാൻ ജോണ്‍സണ്‍.
20,000 ഡോളർ മുടക്കി ഹോണ്ടുറാസിലെ ഒരു ദ്വീപില്‍ വെച്ചാണ് ബ്രയാൻ ജോണ്‍സണ്‍ ജീൻ തെറാപ്പിക്ക് വിധേയനായത്. എന്നും യുവത്വം നിലനിർത്താനാണ് താൻ ഈ ചികിത്സ നടത്തിയതെന്ന് ബ്രയാൻ ജോണ്‍സണ്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട യുട്യൂബ് വിഡിയോയില്‍ പറഞ്ഞു.
രഹസ്യ ദ്വീപില്‍ വെച്ച് തന്റെ ഡി.എൻ.എയില്‍ മാറ്റം വരുത്തിയെന്ന ടൈറ്റിലോടെ യുട്യൂബില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് അദ്ദേഹത്തിന്റെ അവകാശവാദം. വയസ് വലിയ രീതിയില്‍ കുറക്കാനാണ് താൻ ലക്ഷ്യമിടുന്നതെന്നും ഇതിനായാണ് ഡി.എൻ.എയില്‍ മാറ്റം വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ചികിത്സയിലൂടെ അഞ്ച് വയസ് വരെ കുറക്കാൻ സാധിക്കുമെന്നും ഇയാള്‍ അവകാശപ്പെടുന്നു. യുവാവായി ഇരിക്കാൻ പ്രതിവർഷം താൻ 2 മില്യണ്‍ ഡോളർ മുടക്കുന്നുണ്ടെന്നും ജോണ്‍സണ്‍ പറഞ്ഞു. അതേസമയം, യു.എസ് റെഗുലേറ്ററായ എഫ്.ഡി.എയുടെ അംഗീകാരം ഇതുവരെ ഇത്തരം ചികിത്സക്ക് ലഭിച്ചിട്ടില്ല.
അർബുദം, ജനിതക വൈകല്യങ്ങള്‍, അണുബാധ എന്നിവക്കെല്ലാം ഉപയോഗിക്കുന്ന ചികിത്സ രീതിയായ ജീൻ തെറാപ്പിക്കാണ് ജോണ്‍സണ്‍ വിധേയനായിരിക്കുന്നത്. തകരാറുള്ള ജീനുകള്‍ മാറ്റി പകരം പുതിയത് വെക്കുക, അസുഖമുള്ള ജീനിനെ നിർജീവമാക്കുക, പുതുതായി ജീൻ കൂട്ടിച്ചേർത്ത് രോഗത്തിനെതിരെ പ്രതിരോധമൊരുക്കുക എന്നതെല്ലാം ഈ ചികിത്സരീതിയുടെ ഭാഗമാണ്. ഇത് ഉപയോഗിച്ച് ജീനുകളില്‍ മാറ്റം വരുത്തി പ്രായം കുറക്കാനാവുമെന്നാണ് ജോണ്‍സന്റെ അവകാശവാദം.
ബ്രയാൻ ജോൺസൻ്റെ അഭിപ്രായത്തിൽ, 120 വർഷത്തിൽ കൂടുതൽ ജീവിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. ജീൻ തെറാപ്പിയിൽ പരിഹാരമുണ്ടാകുമെന്ന് അദ്ദേഹം കരുതുന്നു . ഹോണ്ടുറാസിനോട് ചേർന്നുള്ള ഒരു ദ്വീപിലായതിനാൽ താൻ ജീൻ തെറാപ്പിക്ക് വിധേയനാകുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.