ശരീരത്തിലെ വിറ്റാമിൻ ഡിയുടെ തോത് പതിവായി പരിശോധിക്കേണ്ടതില്ലെന്നും ഇത് സ്ക്രീനിങ് ടെസ്റ്റ് അല്ലെന്നും വിദഗ്ധർ.
എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് അനിവാര്യമായ വിറ്റാമിൻ ഡി പ്രതിരോധശേഷി മെച്ചപ്പെടാനും അത്യാവശ്യമാണ്. വിറ്റാമിൻ ഡി കുറയുന്നത് പേശീസംബന്ധമായ പ്രശ്നങ്ങള്‍, ഹൃദ്രോഗങ്ങള്‍, ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍, അണുബാധകള്‍ തുടങ്ങിയവയ്ക്ക് കാരണമാകാം. എന്നാല്‍ യാതൊരു രോഗലക്ഷണങ്ങളൊന്നുമില്ലാതെ വിറ്റാമിൻ ഡി പരിശോധന നടത്തേണ്ടതില്ലെന്നാണ് മാർഗനിർദേശങ്ങളില്‍ പറയുന്നത്.
എഴുപത്തിയഞ്ചുവയസ്സുവരെയുള്ള ആരോഗ്യകരമായ ശരീരം കാത്തുസൂക്ഷിക്കുന്നവരില്‍ അനാവശ്യമായി വിറ്റാമിൻ ഡി പരിശോധന നടത്തേണ്ടതില്ലെന്നും സപ്ലിമെന്റുകള്‍ നല്‍കേണ്ടതില്ലെന്നും മാർഗനിർദേശത്തില്‍ പറയുന്നു.
ലക്ഷണങ്ങളില്ലാത്തവരില്‍ പരിശോധനയുടെ ആവശ്യമില്ല. എന്നാല്‍ ഹെല്‍ത്ത് കോച്ചുകളും ന്യൂട്രീഷൻ മേഖലയിലുള്ള പലരും വിറ്റാമിൻ ഡി കൂടിയാലുള്ള പ്രശ്നമെന്തെന്ന് തിരിച്ചറിയാതെ വിറ്റാമിൻ ഡി സപ്ലിമെന്റുകള്‍ നല്‍കാറുണ്ടെന്നും വിദഗ്ധർ പറയുന്നു. പല ലാബുകളും ഇവ തങ്ങളുടെ പരിശോധനാപ്പട്ടികയില്‍ നല്‍കാറുണ്ട്. കുട്ടികള്‍, ഗർഭിണികള്‍, എഴുപത്തിയഞ്ചു വയസ്സിനു മുകളില്‍ പ്രായമുള്ളവർ, പ്രീ ഡയബറ്റിക് സാധ്യത ഉള്ള മുതിർന്നവർ തുടങ്ങിയവരില്‍ മാത്രമാണ് വിറ്റാമിൻ ഡി സപ്ലിമെന്റ് നല്‍കേണ്ടത്.
മേല്‍പ്പറഞ്ഞവരിലല്ലാതെ പതിവായി വിറ്റാമിൻ ഡി കുറവ് പരിശോധന നടത്തേണ്ടതില്ല. അവ ചെലവേറിയതാണെന്നു മാത്രമല്ല സപ്ലിമെന്റുകള്‍ പലപ്പോഴും ആരോഗ്യവാന്മാരില്‍ നല്ല മാറ്റമുണ്ടാക്കാറില്ലെന്നും വിദഗ്ധർ പറയുന്നു.
കാല്‍സിഫെറോള്‍ എന്നുകൂടി അറിയപ്പെടുന്ന വൈറ്റമിൻ ഡി ചിലഭക്ഷണങ്ങളിലൂടെയും ശരീരത്തിന് ലഭ്യമാകും. കാല്‍സ്യം, മഗ്നീഷ്യം, ഫോസ്ഫേറ്റ് തുടങ്ങിയവയുടെ ആഗിരണത്തിനുള്‍പ്പെടെയുള്ള പല പ്രവർത്തനങ്ങളും വൈറ്റമിൻ ഡി അത്യാവശ്യമാണ്. എല്ലിന്റെയും പല്ലിന്റെയും ആരോഗ്യം കാക്കുന്നതിനും പ്രതിരോധശക്തിക്കും മസ്തിഷ്കത്തിന്റെ പ്രവർത്തനത്തിനുമൊക്കെ വൈറ്റമിൻ ഡി അത്യാവശ്യമാണ്. സൂര്യപ്രകാശത്തില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികളിലൂടെയാണ് വൈറ്റമിൻ ഡി പ്രധാനമായും ശരീരത്തിന് ലഭിക്കുന്നത്.
എന്നാല്‍ വൈറ്റമിൻ ഡി കുറയുന്നതുമൂലമുള്ള ആരോഗ്യപ്രശ്നം പോലെ തന്നെ പ്രധാനമാണ് കൂടുന്നതും. അപൂർവമായാണെങ്കിലും വൈറ്റമിൻ ഡി കൂടുന്നതും ഗൗരവമായി കാണേണ്ട സാഹചര്യമാണ്. വൈറ്റമിൻ ഡി സപ്ലിമെന്റുകള്‍ കൂടുതല്‍ കഴിക്കുക വഴി വൈറ്റമിൻ ഡി ടോക്സിസിറ്റി എന്ന സ്ഥിതിവിശേഷമുണ്ടാകും രക്തത്തില്‍ കാല്‍സ്യത്തിന്റെ നില ഉയരുന്ന ഹൈപ്പർകാല്‍സീമിയ എന്ന അവസ്ഥയുമുണ്ടാകും. ഇത് ഛർദി, ഓക്കാനം, മലബന്ധം, ക്ഷീണം, ഇടയ്ക്കിടെ മൂത്രമൊഴിക്കുക തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം. ചിലരില്‍ അല്‍പംകൂടി ഗുരുതരമാവുകയും വൃക്കയിലെ കല്ല്, തകരാറുകള്‍ തുടങ്ങിയവയിലേക്കും നയിക്കാം.
ദീർഘനാളായുള്ള വൈറ്റമിൻ ഡിയുടെ അമിതോപയോഗം മൂലം കാല്‍സ്യം അമിതമാകുന്നത് ഹൃദയത്തിലും ശ്വാസകോശത്തിലും വൃക്കയിലും രക്തധമനികളിലും കാല്‍സ്യം അടിയാനിടയാക്കും. ഇത് ഹൃദ്രോഗങ്ങള്‍, വൃക്കയിലെ തകരാറുകള്‍ തുടങ്ങിയവയുമുണ്ടാക്കാം.
രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിലും ഇതിന് വ്യക്തമായ പങ്കുണ്ട്. എല്ലുകളിൽ വേദന, പേശികൾക്ക് ബലക്ഷയം തുടങ്ങിയവയും വിറ്റാമിൻ ഡി കുറവിന്റെ ലക്ഷണമാണ്. സൂര്യപ്രകാശത്തിലൂടെയും വിറ്റാമിൻ ഡി ശരീരത്തിന് ലഭിക്കും. വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
വിറ്റാമിൻ ഡിയുടെ കുറവുള്ളവർ പതിവായി കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങളിലൊന്നാണ് മുട്ട. മുട്ടയുടെ മഞ്ഞ വിറ്റാമിൻ ഡിയുടെ കലവറയാണ്. പതിവായി മുട്ട കഴിക്കുന്നത് ഈ പ്രശ്നത്തിന് നല്ലൊരു പരിഹാരമാണ്. കൂടാതെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും.കൂടാതെ വിറ്റാമിൻ ഡിയുടെ ഉറവിടമാണ് സാൽമൺ പോലെയുള്ള ഫാറ്റി ഫിഷും. അതിനാൽ ഇവ കഴിക്കുന്നതും വിറ്റാമിൻ ഡി ലഭിക്കാൻ ഗുണം ചെയ്യും.
ബദാം പാൽ, സോയാ മിൽക്ക്, ഓട്സ് മിൽക്ക് തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്തായിൽ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി ലഭിക്കും. വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്ന ഭക്ഷണമാണ് കൂൺ. അതിനാൽ കൂണും തണുപ്പുകാലത്ത് ധാരാളമായി കഴിക്കുന്നത് നല്ലതാണ്.സൂര്യകാന്തി വിത്തുകളും വിറ്റാമിൻ ഡിയുടെ മികച്ച ഉറവിടമാണ്.
ഓറഞ്ച് കഴിക്കുന്നതും നല്ലതാണ്. ഇതിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. അതിനാൽ ഓറഞ്ച് ജ്യൂസ് ദിവസവും കുടിക്കുന്നത് ഗുണകരമാണ്. പാൽ, തൈര്, ബട്ടർ, ചീസ് തുടങ്ങിയ പാൽ ഉത്പന്നങ്ങളിൽ നിന്നും ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി ലഭിക്കും. എങ്കിലും ഇവയുടെ ഉപയോഗം മിതമാക്കുന്നത് നല്ലതാണ്.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.