നമ്മുടെ നേട്ടമെന്നതു ചുറ്റുമുള്ളതിനെയെല്ലാം സ്വന്തമാക്കലല്ല മറിച്ചു നമുക്കു കിട്ടിയ ഈ ജീവൻ തന്നെയാണ്. കോടാനുകോടി മനുഷ്യര്‍ക്കിടയില്‍ എന്നെ ഞാനാക്കിയ ദൈവത്തോടുള്ള കൂറും വിശ്വസ്തതയുമാണു ആ നേട്ടം. ട്രാക്ക് വിടാതുള്ള ഓട്ടത്തില്‍ വിജയം ആപേക്ഷികമെങ്കിലും നമുക്കായി സമ്മാനം കരുതുന്ന ദൈവം നമുക്കുള്ള സ്ഥാനവും ഉറപ്പിച്ചിട്ടുണ്ട്; ദൈവം ഉറപ്പിച്ചു നൽകുന്ന ആ സ്ഥാനമാണു നമ്മുടെ നേട്ടം; പക്ഷേ, ആ നേട്ടത്തില്‍ അപരന്‍റെ നൊമ്പരം അശേഷം ഇല്ലെന്ന കാര്യം കൈവിടാനും പാടില്ല.
ബാങ്കുബാലന്‍സിനും മറ്റു സമ്പത്തിനുമപ്പുറമാണു ജീവന്‍റെയും ജീവിതത്തിന്‍റെയും മൂല്യമെന്നറിയണം. മനുഷ്യരിലെ ദൈവികതയാണ് മൂല്യബോധം, സത്യധര്‍മാദികളുടെ കൂട്ടിരുപ്പ്, സാന്മാര്‍ഗിക സഞ്ചാരം, പരസ്നേഹം തുടങ്ങിയവയെല്ലാം! നല്ലസ്വഭാവം കാത്തുസൂക്ഷിക്കുന്നതാണു മനുഷ്യരുടെ നേട്ടം. ബാഹ്യനേട്ടങ്ങളുടെ നിസ്സാരതയും മിഥ്യയുമൊക്കെ നാം ഉള്‍ക്കൊള്ളണം. നന്മയെ മുറുകെപ്പിടിക്കുമെങ്കില്‍ ഐശ്വര്യത്തില്‍ ജീവിക്കാം.
അപരനെ മാനിക്കാത്ത നേട്ടത്തിനു 'ഭവനഭേദനം' എന്നല്ലേ പറയേണ്ടത്? മതിയെന്നു പറയാന്‍ പഠിക്കുന്ന മനസ്സുണ്ടെങ്കില്‍ നേട്ടമെന്നതിനു തൃപ്തിയെന്ന അര്‍ത്ഥവും ലഭിക്കും. തൃപ്തിയില്ലെങ്കില്‍ അസ്വസ്ഥതയുടെ അലയാഴിയില്‍ നാം നീന്തി കഷ്ടപ്പെടും; ചുറ്റുമുള്ളവരെ കഷ്ടപ്പെടുത്തുകയും ചെയ്യും.പത്ര മാധ്യമങ്ങൾ തുറന്നാൽ എത്ര എത്ര ദുരന്ത ജീവിതങ്ങളെയാണ് നാം ദിനവും കണ്ടു മുട്ടുന്നത് എന്നാൽ എല്ലാം വായിച്ചു നാമൊരു നെടുവീര്‍പ്പിലൊതുക്കി ഇതൊന്നും എന്നെ ബാധിക്കുന്നതല്ലെന്ന ചിന്തയില്‍ ഒതുങ്ങിക്കൂടും; അത്രതന്നെ!!
ആധുനിക കാലത്ത് ജീവിതത്തിന്റെ സമസ്ത തലങ്ങളിലും ഒരു ഒറ്റപ്പെടല്‍ കാണാനാകുന്നു. മനസ്സു തുറക്കാന്‍ മാത്രം ചുറ്റിലും ഹൃദയമുള്ളവര്‍ ഇല്ലാതാകുന്നു. അതുകൊണ്ടു തന്നെ ഹൃദയഭാരം വര്‍ദ്ധിക്കുന്നു. മനസ്സിന്‍റെ ദുരൂഹത അവര്‍ണനീയമാകുന്നു. ആഘോഷങ്ങള്‍ ഏറെയാണെങ്കിലും അവയിലൊക്കെ ഹൃദ്യത കുറയുന്നു.
ഒരിക്കലും പറയാത്ത ഒത്തിരി രഹസ്യങ്ങളുടെ കലവറയായി ആധുനികമനുഷ്യര്‍ മാറുന്നു. വീടുകള്‍ ഒറ്റപ്പെടുന്നു, ഒപ്പം വ്യക്തികളും ഒറ്റപ്പെടുന്നു. മക്കളൊക്കെ വിദേശത്തും മാതാപിതാക്കള്‍ സ്വദേശത്തും! മാതാപിതാക്കള്‍ക്ക് ആരോഗ്യമുള്ള കാലത്തു മക്കള്‍ക്കായി ഓടും; ഓടിത്തളരുമ്പോള്‍ താങ്ങായിട്ടെത്തുന്നതു മിക്കവാറും മറ്റു പലരുമാകും . ചിലർ വൃദ്ധസദനങ്ങളെയും പ്രാപിക്കും...
ബന്ധുബലവും സ്നേഹത്തിന്‍റെ ശക്തിയും നഷ്ടമാകുന്നു. പണംകൊണ്ടു പ്രവര്‍ത്തിക്കുന്ന യന്ത്രം കണക്കേ മരണം വരെ ജീവിച്ചു തീര്‍ക്കുന്ന മനുഷ്യരുടെ കദനകഥകളും ആധുനികതയുടെ ദുരന്തമുഖം തന്നെ. മരണവും മരണാനന്തരചടങ്ങുകളും അചിന്തനീയമാം വിധം ആഘോഷപൂരിതവും. വിമാനത്താവളങ്ങളില്‍ "അറൈവല്‍-ഡിപ്പാര്‍ച്ചര്‍" തിരക്ക് അവര്‍ണനീയവുമാക്കുന്നു. എന്നാല്‍ ഹൃദയഭാരം കുറയുന്നേയില്ല. കാരണം സ്വതന്ത്രമായിട്ടും സ്വസ്ഥമായിട്ടും ഇരുന്ന് ഉള്ളു തുറന്നു സംസാരിക്കാന്‍ ആര്‍ക്കാണിന്നു നേരം!?
യുവതലമുറ വാട്സാപ്പിലും വൃദ്ധതലമുറ ഓര്‍മച്ചെപ്പിലും 'തല പൂഴ്ത്തുന്ന' കാലം! ഒന്നും മിണ്ടിപ്പറയാന്‍ ആരുമില്ലാത്ത ആധുനിക 'പടുകൂറ്റന്‍ കൊട്ടാരങ്ങള്‍' നമ്മുടെ നാട്ടില്‍ ഏറിവരുന്നു. എന്നാല്‍ ഏതു വീട്ടിലും 'നിധിപേടകങ്ങള്‍' അവശേഷിക്കുന്നുണ്ട്... ഉപയോഗിക്കാനുള്ള സാദ്ധ്യതകള്‍ ഇല്ലാതാകുന്നതിലെ അപകടങ്ങളും ഇന്നിന്‍റെ പേടിപ്പെടുത്തുന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമാകുന്നുണ്ട്!