ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഉറപ്പിച്ചു, ഐസ്‌ക്രീമിനുള്ളില്‍ കണ്ടെത്തിയ മനുഷ്യവിരല്‍ കമ്ബനി ജീവനക്കാരന്റേത് തന്നെ; ഡിഎൻഎ ഫലം പുറത്ത്

ഓ ണ്‍ലൈന്‍ ആയി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ കണ്ടെത്തിയ മനുഷ്യവിരല്‍ കമ്ബനി ജീവനക്കാരന്റേത് തന്നെയെന്ന് സ്ഥിരീകരിച്ച്‌ ഡിഎൻഎ ഫലം.





മും ബൈ: ഐസ്‌ക്രീമില്‍ കണ്ടെത്തിയ മനുഷ്യ വിരല്‍ പൂനെയിലെ ഇന്ദാപൂരിലുള്ള ഐസ്ക്രീം കമ്ബനി ഫാക്ടറി തെഴിലാളിയുടേതാണെന്ന് ഡി.എൻ.എ പരിശോധനാ ഫലം.ഇരുപത്തിനാലുകാരനായ ഓംകാർ പേട്ടയുടേതാണ് വിരലുകള്‍ എന്ന് സ്ഥിരീകരിക്കുന്ന ഫോറൻസിക് റിപോർട്ടുകള്‍ മലാഡ് പൊലീസിന് ലഭിച്ചു. സംഭവത്തില്‍ തൊഴിലാളിക്ക് നോട്ടീസ് അയക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 



വിരലുകള്‍ കണ്ടെത്തിയതിനെതുടർന്ന് ഫാക്ടറിയിലേക്ക് പഴ വർഗ്ഗങ്ങള്‍ എത്തിക്കുന്ന എല്ലാവരുടെയും രക്ത സാമ്ബിളുകള്‍ ശേഖരിച്ച്‌ ശനിയാഴ്ച പരിശോധനയ്ക്ക് അയച്ചിരുന്നു. തിങ്കളാഴ്ച പരിശോധനാ ഫലം വരുകയും തൊഴിലാളികള്‍ക്ക് രോഗങ്ങളിലെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. 


ജൂണ്‍ 12നായിരുന്നു ഐസ്‌ക്രീമില്‍ മനുഷ്യ വിരലുകള്‍ കണ്ടെത്തിയത്. പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഐസ്ക്രീം കമ്ബനിക്കെതിരെ ഐ.പി.സി സെഷൻ 272, 273, 336 വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിരലുകള്‍ ഐസ്ക്രീം ഫാക്ടറിയിലെ തൊഴിലാളിയുടേതാണെന്ന് കണ്ടെത്തിയത്


ഐസ്ക്രീം തയ്യാറാക്കിയ 'യമ്മോ' എന്ന ഐസ്‌ക്രീം ബ്രാന്‍ഡിന്റെ പൂനെ ഫാക്ടറിയിലെ ജീവനക്കാരന്റെ വിരലാണ് ഐസ്‌ക്രീമില്‍ ഉണ്ടായിരുന്നത്. സംസ്ഥാന ഫോറൻസിക് സയൻസ് ലബോറട്ടറിയില്‍ (എഫ്‌എസ്‌എല്‍) നിന്നുള്ള ഡിഎൻഎ റിപ്പോർട്ടില്‍ ഫാക്ടറി ജീവനക്കാരനായ ഓംകാർ പോട്ടെയുടെ രക്ത സാമ്ബിളുമായി വിരല്‍ത്തുമ്ബ് പൊരുത്തപ്പെടുന്നതായി സ്ഥിരീകരിച്ചതായി പോലീസ് പറഞ്ഞു.


ഐസ്ക്രീം ഉണ്ടാക്കുന്നതിനിടെ മെഷീനില്‍ ഐസ്ക്രീം പെട്ടിയുടെ അടപ്പ് വീണുപോയെന്നും ഇത് തിരിച്ചെടുക്കാൻ ശ്രമിക്കുന്നതിടയിലാണ് വിരല്‍ മുറിഞ്ഞതെന്നും ഓംകാർ പോട്ടെ സമ്മതിച്ചിട്ടുണ്ട്. മുറിവില്‍ നിന്ന് രക്തം ഒലിച്ചിറങ്ങുന്നത് ശ്രദ്ധയില്‍ പെട്ടതോടെ അദ്ദേഹം ഒരു സ്വകാര്യ ഡോക്ടറെ സന്ദർശിച്ചിരുന്നു. എന്നാല്‍ അറ്റുപോയ വിരല്‍ ഐസ്‌ക്രീമില്‍ കുടുങ്ങിയെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു എന്നാണ് പോട്ടെ പോലീസിനോട് പറഞ്ഞിട്ടുള്ളത്. ഓംകാർ പോട്ടെക്ക് അശ്രദ്ധക്ക് നോട്ടീസ് നല്‍കാനാണ് പോലീസ് ആലോചിക്കുന്നത്.


ഇയാളുടെ കൈക്ക് മുറിവ് പറ്റിയതായി പോലീസ് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. ഫാക്ടറിയില്‍ നിന്നുണ്ടാക്കുന്ന ഐസ്ക്രീമുകളുടെ ഗുണനിലവാര പരിശോധന നടത്താൻ ചുമതലപ്പെടുത്തിയ വ്യക്തി ആരെണെന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.


ഈ മാസം 12ാം തീയതിയാണ് മലാഡ് സ്വദേശിയായ യുവതി തന്റെ സഹോദരന് വേണ്ടി 'യമ്മോ' എന്ന ഐസ്‌ക്രീം ബ്രാന്‍ഡില്‍ നിന്നും ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ മനുഷ്യവിരല്‍ കണ്ടെത്തിയത്. ബട്ടർസ്‌കോച്ച്‌ ഫ്ലേവറില്‍ ഉള്ള ഐസ്‌ക്രീമില്‍ കടിച്ചപ്പോഴാണ് ഇരുപത്തിയേഴുകാരനായ ഓര്‍ലെം ബ്രെന്ദം സെറാവോ വിചിത്രമായ ഒരു വസ്തു കണ്ടെത്തിയത്. കൂടുതല്‍ പരിശോധിച്ചപ്പോള്‍ ഇത് മനുഷ്യവിരല്‍ ആണെന്ന് കണ്ടെത്തിയത്. യുവതി ബ്രാൻഡിന്റെ സാമൂഹ്യ മാധ്യമ പേജില്‍ പരാതി നല്‍കുകയും കസ്റ്റമർ കെയർ എക്സിക്യൂട്ടീവിനെ വിളിച്ച്‌ വിഷയം ഉന്നയിക്കുകയും ചെയ്തു. പരാതി പരിശോധിക്കാമെന്ന് എക്സിക്യൂട്ടീവ് മറുപടി നല്‍കിയെങ്കിലും പിന്നെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല.


ഇതോടെ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. അന്വേഷണത്തിലാണ് ഐസ്ക്രീം പാക്ക് തയ്യാറാക്കിയത് കമ്ബനിയുടെ പുണെ ഫാക്ടറിയില്‍ വെച്ചാണ് കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ഇയാളുടെ കൈവിരല്‍ മുറിഞ്ഞതായി കണ്ടെത്തി. സംഭവം നടന്ന ദിവസം ഇയാള്‍ ഐസ്‌ക്രീം പാക്കിങ് സെക്ഷനില്‍ ജോലിക്കുണ്ടായിരുന്നതായും തെളിഞ്ഞിരുന്നു.