കായംകുളം താലൂക്ക് ആശുപത്രിയില്‍ സംഭവിച്ച ഗുരുതര പിഴവുമൂലം 14 വർഷം തുടർച്ചയായി എച്ച്‌ഐവി, ടിബി ടെസ്റ്റുകള്‍ നടത്തേണ്ട ദുരവസ്ഥയില്‍ ഏഴുവയസുകാരൻ?
ആലപ്പുഴ: കായംകുളം താലൂക്കാശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ ഏഴ് വയസ്സുകാരൻ്റെ തുടയില്‍ ഉപയോഗിച്ച സിറിഞ്ചിലെ സൂചി തുളച്ചുകയറിയെന്ന് കുടുംബം.
അധികൃതരുടെ അനാസ്ഥ മൂലം 14 വർഷം വരെ കുഞ്ഞിന് എച്ച്‌ഐവി ഉള്‍പ്പടെയുള്ള പരിശോധനകള്‍ നടത്തേണ്ട ഗതികേടിലാണ് കുടുംബം. കായംകുളം ചിറക്കടവം സ്വദേശികളായ കുടുംബത്തിനാണ് ദുരവസ്ഥയുണ്ടായത്. എന്നാല്‍ പരാതി നല്‍കിയിട്ടും ഇടപെടാതെ ഒഴിഞ്ഞുമാറുകയാണ് ആരോഗ്യവകുപ്പ്.
കായംകുളം ചിറക്കടവം സ്വദേശികളായ മാതാപിതാക്കളുടെ ഏഴ് വയസ്സുള്ള ആണ്‍കുഞ്ഞിൻ്റെ തുടയിലാണ് സിറിഞ്ച് സൂചി തുളച്ച് കയറിയത്. കഴിഞ്ഞ മാസം 19 ന് കായംകുളം താലൂക്കാശുപത്രിയില്‍ പനി ബാധിച്ച് എത്തിയതായിരുന്നു കുട്ടി. കുട്ടിയെ അത്യാഹിത വിഭാഗത്തിലെ കട്ടിലില്‍ കിടത്തിയപ്പോഴാണ് മറ്റ് ഏതോ രോഗികള്‍ക്ക് കുത്തിവെയ്പ്പ് നടത്തിയ സൂചി തുടയ്ക്ക് മുകളില്‍ തുളച്ച് കയറിയത്.
ഉപയോഗിച്ച ശേഷം ആശുപത്രി കിടക്കയില്‍ ജീവനക്കാർ അലക്ഷ്യമായി ഉപേക്ഷിച്ച നീഡില്‍ കുട്ടിയുടെ ശരീരത്തില്‍ തുളച്ചു കയറിയതോടെയാണ് ഈ ദുരവസ്ഥ.
അടുത്ത രോഗിയെ പ്രത്യേകിച്ച് കുട്ടികളെ കിടത്തും മുമ്ബ് പകർച്ചവ്യാധിപോലുള്ള അസുഖങ്ങള്‍ പിടിപെടാതിരിക്കാൻ വിരി ഉള്‍പ്പെടെ മാറ്റി ക്ലീനിംഗ് നടത്തേണ്ടതാണ്. ഇക്കാര്യത്തില്‍ ആശുപത്രി ജീവനക്കാർ കാണിച്ച അലംഭാവമാണ് കുട്ടിയുടെ ശരീരത്തില്‍ സൂചി തുളച്ചുകയറാൻ ഇടയാക്കിയതെന്ന് മാതാപിതാക്കള്‍ പറയുന്നു
ഏത് രോഗിയെ കുത്തി വച്ച സൂചിയാണ് കുഞ്ഞിന്റെ തുടയില്‍ തുളച്ചു കയറിയതെന്ന് വ്യക്തമല്ല. വിദഗ്ധ പരിശോധനയ്ക്കായി വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് കുഞ്ഞിന് എച്ച് വണ്‍ എൻ വണ്‍, ഡെങ്കിപ്പനി, പോലെയുള്ള പരിശോധനകള്‍ നടത്തി. എന്നാല്‍ എച്ച്‌ഐവി പരിശോധന മെഡിക്കല്‍ കോളേജില്‍ നടത്താൻ പറ്റാത്തതിനാല്‍ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് കുടുംബം.
ഒരു ടെസ്റ്റിന് ഇരുപതിനായിരം രൂപ വരെ ചിലവാകും. തുടർന്ന് 14 വർഷം വരെ എല്ലാവർഷവും ഈ പരിശോധന നടത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. സംഭവത്തില്‍ കായംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്. ആരോഗ്യമന്ത്രിക്കുള്‍പ്പടെ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് കുടുംബം പറയുന്നു.