`മുമ്പിലുള്ള കാലം അനന്തമായാലും എണ്ണപ്പെട്ട ദിവസങ്ങളായാലും ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും യാഥാർഥ്യവുമായി ബന്ധമുള്ള പ്രതീക്ഷകൾ ഉണ്ടായിരിക്കുകയെന്നത് പ്രധാനമാണ്.`
'ഓരോ കാർമേഘത്തിനു. തീർച്ചയായും ഒരു വെള്ളിവരയുണ്ട് - ജോൺ മിൽട്ടൺ (പറുദീസ നഷ്ടം )
അപ്പോൾ പ്രതീക്ഷ ഒട്ടുമില്ല അല്ലെ ഡോക്ടറേ? രോഗി മരണത്തോടടുക്കുകയാണ് എന്നറിയുന്ന ബന്ധുക്കൾ സാധാരണയായി ചോദിക്കുന്ന ചോദ്യമാണ്. ചോദ്യം ഒരു പക്ഷെ യാന്ത്രികമാവാം. പക്ഷെ എന്താണ് മനുഷ്യന് ജീവിതത്തിൽ പ്രതീക്ഷിക്കാനുള്ളത് എന്നതിനെപ്പറ്റിയുള്ള സമൂഹത്തിന്റെ ഒരു പൊതു ധാരണ അതിൽ പ്രതിഫലിക്കുന്നുണ്ട്. ജീവിതത്തിന്റെ ലക്ഷ്യം ദീർഘകാലം, പറ്റുമെങ്കിൽ അനന്തമായി ജീവിക്കുക എന്നത് മാത്രമാണ് എന്ന ഒരു നിലപാട്. എത്രകാലം? എങ്ങനെയെങ്കിലും ദീർഘകാലം ജീവിക്കാൻ പറ്റണം എന്നതാണോ ജീവിതത്തിലെ പ്രതീക്ഷ?
പ്രതീക്ഷയെന്നത് എതൊരാളുടെയും ജീവിതത്തിലെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ടതാണ്. ജീവിതത്തിന്റെ ഗുണനിലവാരവുമായി അതിനു നേരിട്ട് ബന്ധമുണ്ട്. പ്രതീക്ഷകളും ജീവിത യാഥാർഥ്യങ്ങളും തമ്മിലുള്ള അന്തരമാണ് ഓരോരുത്തരുടെയും ജീവിതത്തിന്റെ ഗുണനിലവാരമെന്തെന്നു നിശ്ചയിക്കുന്നത്. ഈ അന്തരം കുറയുമ്പോൾ ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു. മറിച്ചും. എല്ലാ പ്രതീക്ഷകളും നശിച്ചു എന്നുപറയുന്ന മനുഷ്യരെ പലപ്പോഴും കണ്ടിട്ടില്ലേ?
സ്വന്തം സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും 'എന്ത്, എന്തുകൊണ്ട്, എങ്ങനെ'കൾ വല്ലപ്പോഴും ഒന്നു ആലോചിക്കുന്നത് നല്ലതായിരിക്കും. നമ്മൾ പിന്തുടരുന്ന സ്വപ്നങ്ങളിൽ ചിലതെങ്കിലും അത്രയൊന്നും പ്രധാനപ്പെട്ടവ അല്ലെന്നും ജീവിതത്തിൽ അലോസരമുണ്ടാക്കുന്നതിലപ്പുറം ഒരുകാര്യവും ഇല്ലാത്തവയാണെന്നും തിരിച്ചറിയാനെങ്കിലും അത്തരമൊരു പരിശോധന സഹായിച്ചേക്കും.
ഒരു പ്രതീക്ഷയുമില്ലാതെ മുമ്പോട്ടുപോവുന്ന ജീവിതത്തേക്കാൾ അർഥശൂന്യമായി ഒരു പക്ഷെ വേറെ ഒന്നുമില്ല, എന്താണ് ജീവിതത്തിൽ നമ്മുടെ പ്രതീക്ഷ? എന്തൊക്കെ പ്രതീക്ഷകളാണ് നമ്മുടെ ജീവിതത്തെ മുമ്പോട്ട് നയിക്കുന്നത്? ഇതിനു ഉത്തരമായി നല്ലൊരു ജോലി, ധാരാളം പണം , നല്ലൊരു വീട്, മകളുടെ കല്യാണം എന്നിങ്ങനെയൊക്കെ കേട്ടിട്ടുണ്ട്. ഇത്തരം ഹൃസ്വകാല പ്രതീക്ഷകളുടെ ആകെത്തുകയാണോ ജീവിതം?
അത്തരം പ്രതീക്ഷകൾ സഫലമാകുന്നതോടെ ജീവിതം പ്രതീക്ഷാരഹിതമായി തീരുമോ? ചില്ലറ മോഹങ്ങൾക്കും ലക്ഷ്യങ്ങൾക്കുമപ്പുറത്ത് ജീവിതത്തിൽ സ്ഥായിയായ പ്രതീക്ഷ എന്നൊന്നുണ്ടോ? ഒരിക്കലും നഷ്ടപ്പെടാതെ മുറുകെപ്പിടിക്കാൻ പറ്റുന്ന എന്തെങ്കിലും?
ആയ കാലത്തോളം ആരോഗ്യത്തോടെ ജീവിക്കുകയെന്ന ഒറ്റ ആഗ്രഹമേയുള്ളൂവെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. ശരീരം ആരോഗ്യകരമായി നിലനിർത്താൻ പറ്റുകയെന്നത് നല്ലൊരുകാര്യം തന്നെയാണ്. പക്ഷെ ആരോഗ്യകരമായ ഭക്ഷണം കഴിച്ച് വ്യായാമങ്ങളൊക്കെ ചെയ്ത് ശരീരം സ്ഥിരമായി ആരോഗ്യത്തോടെ നിലനിർത്തിക്കൊണ്ട് പോവുകയെന്നത് തന്നെ ജീവിതത്തിന്റെ പ്രധാന ലക്ഷ്യമാവുന്നത് എത്ര കണ്ട് ആശാസ്യമാണെന്ന് അറിയില്ല.
ജീവിതത്തിൽ സ്ഥായിയായ ലക്ഷ്യം എന്തായിരിക്കണം എന്ന ചോദ്യത്തിന് വിശ്വാസികൾക്ക് കൃത്യമായ മറുപടിയുണ്ട്. മത വിശ്വാസികളിൽ ഭൂരിഭാഗവും ഈ ഭൂമിയിലെ ജീവിതത്തിന്റെ ലക്ഷ്യം പരലോകത്ത് നല്ലൊരു ജീവിതമാണെന്ന് വിശ്വസിക്കുന്നവരാണ്. മതഗ്രന്ഥങ്ങൾ ഇക്കാര്യം ഊന്നിപ്പറയുകയും അതിന്റെ 'എങ്ങനെകൾ' നൽകുകയും ചെയ്യുന്നുണ്ട്. ഇത് മനസ്സിരുത്തി അനുസരിച്ച് എത്ര വിശ്വാസികൾ ജീവിക്കുന്നുണ്ട് എന്നത് മറ്റൊരു കാര്യം.
ദൃഢമായ ദൈവ വിശ്വാസമൊന്നും ഇല്ലാത്ത മനുഷ്യരുടെ കാര്യമോ? എന്താണ് ജീവിതത്തിലെ സ്ഥായിയായ പ്രതീക്ഷ എന്നതിനെപ്പറ്റി തായ് ബുദ്ധ സന്യാസി പൈസാൽ വിശാലോയുമായി നടത്തിയ ഒരു സംഭാഷണം വായിക്കാൻ ഇടയായി ; വളരെ പ്രക്ഷുബ്ധമായ ഒരു രാഷ്ട്രീയ പ്രവർത്തനകാലത്തിനു ശേഷം സന്യാസത്തിലേക്ക് തിരിഞ്ഞ ആളാണ് ഉത്തര പൂർവ തായ്ലന്റിൽ ആശ്രമമുള്ള പൈസാൽ. സന്യാസവും പരിസ്ഥിതി പ്രവർത്തനവും ഒന്നിച്ച് കൊണ്ടുപോവുന്നു.
നല്ല മരണം എന്ന വിഷയത്തിൽ വർഷത്തിൽ രണ്ട് പ്രാവശ്യം ശിൽപ്പശാല നടത്തുന്നുണ്ട്.ഭൂതകാലത്തിലും ഭാവിയിലും ജീവിക്കാതെ വർത്തമാനത്തിൽ ജീവിക്കാൻ പറ്റുകയെന്നതാണ് ലക്ഷ്യം വെക്കേണ്ടെതന്നാണ് പൈസാലിന്റെ അഭിപ്രായം.ഓരോനിമിഷവും ചെയ്യുന്ന കാര്യങ്ങൾ ഉത്തരവാദിത്തബോധത്തോടെയും മനസ്സിരുത്തിയും ചെയ്യാൻ പറ്റുക എന്നതിനപ്പുറം സങ്കീർണമായ തത്ത്വചിന്തയൊന്നും ഇക്കാര്യത്തിൽ ഗുണം ചെയ്യുമെന്ന് അദ്ദേഹം കരുതുന്നില്ല. പരമമായ ലക്ഷ്യം ഇഹലോകത്തിലുള്ള സുഖമായാലും പരലോകത്തുള്ള പ്രതിഫലമായാലും കഴിഞ്ഞകാലത്തിന്റെ ഭാണ്ഡവും ഭാവിയെ പ്പറ്റിയുള്ള ഉത്കണ്ഠകളും കഴിയുന്നത്ര ഒഴിവാക്കി ഈ നിമിഷം എങ്ങനെ ജീവിക്കുന്നുയെന്നത് തന്നെയാണ് പ്രധാനം എന്നു പൈസാൽ പറയുന്നു.
മുമ്പിലുള്ള കാലം അനന്തമായാലും എണ്ണപ്പെട്ട ദിവസങ്ങളായാലും ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും യാഥാർഥ്യവുമായി ബന്ധമുള്ള പ്രതീക്ഷകൾ ഉണ്ടായിരിക്കുകയെന്നത് പ്രധാനമാണ്. പ്രതീക്ഷ കൈവെടിയാതിരിക്കുക!