ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വീട്ടമ്മയെ പറ്റിച്ച്‌ ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി പിടിയില്‍.


എറണാകുളം :കൊച്ചിയില്‍ വീട്ടമ്മയെ പറ്റിച്ച്‌ ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി പിടിയില്‍.ഗുജറാത്ത് സ്വദേശി വിജയ് സോൻഖറിനെയാണ് എറണാകുളം റൂറല്‍ പൊലീസ് സാഹസികമായി പിടികൂടിയത്. 


ഓണ്‍ലൈൻ ട്രേഡിംഗിലൂടെ ലക്ഷങ്ങള്‍ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഓണ്‍ലൈൻ തട്ടിപ്പ് കേസുകളിലെ പ്രധാനകണ്ണിയാണ് അഹമ്മദാബാദില്‍ നിന്നും പിടിയിലായ വിജയ് സോൻഖർ. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷം സാമ്ബത്തിക നേട്ടം വാഗ്ദാനം ചെയ്ത് പണം കൈക്കലാക്കുന്നതാണ് തട്ടിപ്പ് രീതി. 


മാസങ്ങള്‍ക്ക് മുൻപാണ് തട്ടിപ്പ് സംഘം കൊച്ചിയിലെ വീട്ടമ്മയെയും പരിചയപ്പെടുന്നത്. ഓണ്‍ലൈൻ നിക്ഷേപത്തിന് വലിയ ലാഭമായിരുന്നു വാഗ്ദാനം. ആദ്യം നിക്ഷേപിച്ച തുകയ്ക്ക് ലാഭവിഹിതമെന്ന രീതിയില്‍ കുറച്ചു തുക നല്‍കി. പിന്നാലെ വീട്ടമ്മ കൂടുതല്‍ തുക തട്ടിപ്പ് സംഘം ആവശ്യപ്പെട്ട വിവിധ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചു. 


നിക്ഷേപിച്ച പണത്തിന് വൻ ലാഭം സാമൂഹികമാധ്യമത്തിലെ പേജുകളില്‍ നിരന്തരം പ്രദർശിപ്പിച്ചു. ഇങ്ങനെ വിവിധ ഘട്ടങ്ങളിലായി ഒന്നേകാല്‍ കോടിയോളം രൂപയാണ് വീട്ടമ്മ നല്‍കിയത്. ഒടുവില്‍ പണം തിരികെ എടുക്കാൻ ശ്രമിച്ചപ്പോള്‍ സംഘം അപ്രത്യക്ഷരായി. 

പിന്നാലെ ബന്ധപ്പെട്ടിരുന്ന ഫോണ്‍നമ്ബറും പ്രവർത്തന രഹിതമായി. ഇതോടെയാണ് വീട്ടമ്മ പൊലീസില്‍ പരാതി നല്‍കിയത്. തട്ടിപ്പ് സംഘത്തിലെ മുഖ്യപ്രതി വിജയ്ക്ക് കൃത്യമായ മേല്‍വിലാസം ഇല്ലായിരുന്നു. ലഭ്യമായ വിലാസത്തില്‍ അഹമ്മദാബാദിലെ ഒരു ഗ്രാമത്തില്‍ പൊലീസ് സംഘമെത്തി. വിജയ് സോൻഖർ പണിത വലിയ കെട്ടിടം കണ്ടെത്തിയെങ്കിലും പ്രതിയിലേക്കെത്തിയില്ല. 


ദിവസങ്ങള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ പ്രതി പൊലീസിന്റെ വലയില്‍ വീണു. വിഎസ് ട്രേഡ് എന്ന വ്യാജസ്ഥാപനമുണ്ടാക്കി ജി.എസ്.ടി സർട്ടിഫിക്കറ്റും, ബാങ്കില്‍ കറൻ്റ് അക്കൗണ്ടും തുടങ്ങിയായിരുന്നു ഇയാള്‍ വ്യാപക തട്ടിപ്പ് നടത്തിയിരുന്നത്. കൊച്ചിയിലേതടക്കം കോടിക്കണക്കിന് രൂപയുടെ ഇടപാടാണ് ഈ അക്കൗണ്ടില്‍ കണ്ടെത്തിയത്.