വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ജീവൻ പണയംവെച്ചും രക്ഷാപ്രവർത്തനം നടത്തിയ നഴ്സിന് തമിഴ്നാട് സർക്കാരിന്റെ ആദരം.
വയനാട് ചൂരൽമലയിൽ രക്ഷാപ്രവർത്തനത്തിന്റെ ആദ്യദിനത്തിൽ മുണ്ടക്കൈയിലേക്ക് താൽക്കാലികമായി ഒരുക്കിയ വടത്തിൽ തൂങ്ങി മറുകരയിലെത്തി, പരിക്കേറ്റവരെ പരിചരിച്ച നഴ്സ് സബീനയുടെ ആത്മധൈര്യത്തിന് കൈയടിയേറുന്നു. മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ അതിസാഹസികമായി രക്ഷാപ്രവര്‍ത്തനം നടത്തി പരുക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയ നഴ്സ് എ സബീനയ്ക്ക് തമിഴ്നാട് സര്‍ക്കാരിന്‍റെ ആദരം.
മേപ്പാടി മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നല്‍കാനായി കുത്തിയൊഴുകുന്ന മലവെള്ളപ്പാച്ചിലിന് മുകളിലൂടെ വടത്തില്‍ തൂങ്ങി മറുകരയെത്തിയ നഴ്സ് എ സബീനക്ക് തമിഴ്നാട് സർക്കാരിന്റെ ധീരതയ്ക്കുള്ള കല്‍പന ചൗള പുരസ്കാരമാണ് സമ്മാനിക്കുന്നത്. തമിഴ്നാട് നീലഗിരി സ്വദേശിനിയാണ് സബീന.
വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ ആദ്യ ദിനത്തില്‍ കുത്തിയൊഴുകുന്ന മലവെള്ളപ്പാച്ചിലിന് മുകളിലൂടെ സിപ് ലൈനില്‍ തൂങ്ങി മറുകരയിലെത്തിയ സബീന പരിക്കേറ്റ 35ഓളം പേർക്കാണ് പ്രാഥമിക ശുശ്രൂഷ നല്‍കിയത്. സിപ് ലൈനിലൂടെ മെഡിക്കല്‍ കിറ്റുമായി ആത്മധൈര്യത്തോടെ പുഴ കടന്ന് വെല്ലുവിളികളെ അതിജീവിച്ച് ദുരന്തബാധിതരെ പരിചരിച്ചതിനാണ് ആദരം. ആരോഗ്യ മന്ത്രിയാണ് അവാർഡ് പ്രഖ്യാപിച്ചത്. കല്‍പന ചൗള പുരസ്കാരം മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സബീനയ്ക്ക് സമ്മാനിക്കും.
ഗൂഡല്ലൂരിലെ ശിഹാബ് തങ്ങള്‍ സെൻറർ ഫോർ ഹ്യൂമാനിറ്റി (എസ്.ടിഎസ്.എച്ച്) ഹെല്‍ത്ത് കെയർ ആതുര സേവന വളണ്ടിയർ വിഭാഗത്തിലെ നഴ്സാണ് സബീന. ഉരുള്‍പൊട്ടലുണ്ടായതറിഞ്ഞ് സ്ഥലത്തെത്തിയ എസ്‍ടിഎസ്‍എച്ച് പ്രവർത്തകർക്കൊപ്പം സബീനയും ഉണ്ടായിരുന്നു. മെഡിക്കല്‍ കിറ്റുമായി മറുകരയിലേക്ക് പോകാൻ പുരുഷ നഴ്സുമാരെ അന്വേഷിച്ചെങ്കിലും ആരുമുണ്ടായിരുന്നില്ല. തുടർന്നാണ് സബീന മറുകരയിലേക്ക് പോകാൻ തയ്യാറായത്.
വടത്തില്‍ തൂങ്ങി സബീന മറുകരയിലെത്തിയത് പിന്നീട് ദുരന്തമുഖത്ത് എത്തിയ ഡോക്ടർമാർക്കും പുരുഷ നഴ്സുമാർക്കും മറുകരയിലേക്ക് പോകുന്നതിന് ധൈര്യം പകരുകയും ചെയ്തു. ഉരുള്‍പൊട്ടലില്‍ ചൂരല്‍മലയില്‍ നിന്നും മുണ്ടക്കൈയ്കുള്ള പാലം തകർന്നതോടെയാണ് വടത്തില്‍ തൂങ്ങി മറുകരയിലേക്ക് പോകേണ്ട സാഹചര്യമുണ്ടായത്. സബീനയുടെ രക്ഷാപ്രവർത്തനം സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ കയ്യടി നേടിയിരുന്നു.