ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ മുമ്ബ് വനിതാഡോക്ടര്‍ എഴുതിയ ഹൃദയഭേദക വരികള്‍:'സ്വര്‍ണ മെഡല്‍ നേടണം'


കൊല്‍ക്കത്ത: ബംഗാളില്‍ മെഡിക്കല്‍ കോളേജില്‍ അതിക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടർ അവസാനമായി ഡയറിയില്‍ കുറിച്ച ഹൃദയഭേദക കുറിപ്പ് വിവരിച്ച്‌ പിതാവ്.


അവളുടെ സ്വപ്നത്തിലേക്കുള്ള യാത്രയെക്കുറിച്ച്‌ അവള്‍ അവസാനമായി എഴുതിയിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അതെല്ലാം തകർന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഡോക്ടർ ഓഫ് മെഡിസിൻ(എം.ഡി) പരീക്ഷയില്‍ ഒന്നാമതായി സ്വർണ മെഡല്‍ നേടാനായിരുന്നു അവള്‍ ആഗ്രഹിച്ചിരുന്നത്. ഇക്കാര്യം ഡയറിക്കുറിപ്പില്‍ അവസാന കുറിപ്പായി അവള്‍ എഴുതിവെച്ചിരുന്നു. കൊല്ലപ്പെടും മുമ്ബ് എഴുതിയ ഡയറിക്കുറിപ്പിനെക്കുറിച്ച്‌ പിതാവ് ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തുകയായിരുന്നുവെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.


മകള്‍ നന്നായി പഠിക്കുമായിരുന്നു. അവളെ ഒരു ഡോക്ടറായി കാണാൻ കുടുംബം ഒരുപാട് പ്രയാസം നേരിട്ടു. അവളുടെ ലക്ഷ്യത്തിലെത്താൻ വേണ്ടി അവളും പ്രയത്നിച്ചു. 10-12 മണിക്കൂറോളം ദിവസവും അവളുടെ സ്വപ്നത്തിലേക്ക് എത്തിച്ചേരാൻ വേണ്ടി അവള്‍ പരിശ്രമിച്ചു. എന്നാല്‍ എല്ലാം തകർന്നിരിക്കുന്നു- പിതാവ് പറഞ്ഞു.


ബംഗാളിലെ ആർ.കെ. കർ മെഡിക്കല്‍ കോളേജില്‍ പുലർച്ചെ മൂന്നിനും അഞ്ചിനും ഇടയിലാണ് വനിതാ ഡോക്ടർ കൊല്ലപ്പെടുന്നത്. നിരവധി മുറിവുകള്‍ ശരീരത്തില്‍ ഉണ്ടായിരുന്നു. ആദ്യഘട്ടത്തില്‍ ആത്മഹത്യയെന്നായിരുന്നു മാതാപിതാക്കളെ ആശുപത്രി അധികൃതർ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇത് തിരുത്തുകയായിരുന്നു. ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ ബംഗാളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്കാണ് സാക്ഷിയാകുന്നത്. അതിക്രൂരമായ മർദ്ദനത്തിനൊടുവില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.


പശ്ചിമ ബംഗാളില്‍ ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട യുവ ഡോക്ടര്‍ കൂട്ട ബലാത്സംഗത്തിന് വിധേയയായിട്ടുണ്ടാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്.


പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡോക്ടറെ ഉദ്ധരിച്ചും യുവതിയുടെ മാതാപിതാക്കള്‍ കല്‍ക്കട്ട ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലുമുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

യുവ ഡോക്ടറുടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശരീരത്തില്‍ നിന്ന് ഗണ്യമായ അളവില്‍ സ്രവം ലഭിച്ചിരുന്നു. ഇത് ബീജമാകാനാണ് സാധ്യത. കൂടുതല്‍ പരിശോധനയ്‌ക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ സാധിക്കുകയുള്ളൂ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.


ഒന്നിലധികം ആളുകള്‍ ചേര്‍ന്ന് യുവതിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കി എന്ന സാധ്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ജനനേന്ദ്രിയത്തില്‍ നിന്ന് 150 മില്ലിഗ്രാം സ്രവം കണ്ടെത്തിയതായി ഡോക്ടര്‍ പറഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.


പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഇരയുടെ ശരീരത്തില്‍ നിന്ന് 150 മില്ലിഗ്രാം ബീജം കണ്ടെത്തിയതായി മാതാപിതാക്കളുടെ ഹര്‍ജി ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ബീജത്തിന്റെ അളവ് കൂട്ടബലാത്സംഗം എന്ന സംശയം ബലപ്പെടുത്തുന്നതായും ഹര്‍ജിയില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


മകളുടെ നഗ്‌നശരീരത്തില്‍ കാലുകള്‍ ബലംപ്രയോഗിച്ച്‌ നീട്ടിയതിന്റെ അടയാളങ്ങള്‍ കുറ്റകൃത്യത്തിന്റെ ഭയാനകത വ്യക്തമാക്കുന്നതാണെന്ന് യുവ ഡോക്ടറിന്റെ മാതാപിതാക്കള്‍ പറയുന്നു. യുവതിയുടെ കൈകളിലും മുഖത്തും വെട്ടേറ്റ പാടുകളുണ്ടായിരുന്നു. ക്രൂരമായ മര്‍ദ്ദനത്തില്‍ യുവതിയുടെ കണ്ണടയില്‍ നിന്ന് ഗ്ലാസ് കഷ്ണങ്ങള്‍ പൊട്ടി കണ്ണുകളിലേക്ക് തുളച്ചു കയറിയതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.