ഗസ്സയുടെ മധ്യ, തെക്കൻ മേഖലകളില്‍ അധിനിവേശ സേന തുടരുന്ന വ്യോമാക്രമണത്തില്‍ കുട്ടികളടക്കം 14 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
ഗസ്സ സിറ്റിയിലെ വീടും ഖാൻ യൂനുസിലെ അഭയാർഥികളുടെ തമ്ബും ലക്ഷ്യമിട്ടായിരുന്നു ബോംബ് വർഷം. മൂന്ന് സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടെ 11 പേർക്കാണ് ഗസ്സ സിറ്റിയില്‍ ജീവൻ നഷ്ടപ്പെട്ടത്. ചൊവ്വാഴ്ച അഭയാർഥി ക്യാമ്ബിലും ബുധനാഴ്ച അഭയാർഥികളെ പാർപ്പിച്ചിരിക്കുന്ന യു.എൻ സ്കൂളിലും ബോംബിട്ട് നിരവധി പേരെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ ആക്രമണം.
ഗസ്സയിലെ കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്നിന്റെ രണ്ടാമത്തെ ഡോസ് ഈ മാസം അവസാനം വിതരണം ചെയ്യാൻ ലോകാരോഗ്യ സംഘടന നീക്കം നടത്തുന്നതിനിടയിലാണ് ഇസ്രായേല്‍ ക്രൂരത കടുപ്പിച്ചത്. ആദ്യഘട്ടത്തില്‍ 5.60 ലക്ഷം കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്തിരുന്നു.
അതിനിടെ, അമേരിക്കൻ -തുർക്കി പൗര അയ്സെനൂർ എസ്ഗി എയ്ഗിയുടെ മൃതദേഹം ഖബറടക്കാനായി പശ്ചിമ തുർക്കിയയിലെ സ്വദേശമായ ഈജിയൻ നഗരം ദിദിമിലേക്ക് കൊണ്ടുപോയി.
അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ കുടിയേറ്റത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെയാണ് 26കാരിയായ അയ്സെനൂർ ഇസ്രായേല്‍ സൈനികരുടെ വെടിയേറ്റു മരിച്ചത്.
അബദ്ധത്തില്‍ വെടിയേറ്റാണ് അയ്സെനൂർ കൊല്ലപ്പെട്ടതെന്നാണ് ഇസ്രായേല്‍ സൈന്യം ന്യായീകരിച്ചതെങ്കിലും സംഭവത്തെക്കുറിച്ച് സ്വന്തംനിലക്ക് അന്വേഷണം നടത്തുമെന്ന് തുർക്കിയ പ്രഖ്യാപിച്ചിട്ടുണ്ട്.
11 മാസത്തിലേറെയായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഗസ്സയില്‍ 41,182 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. 95,280 പേർക്ക് പരിക്കേറ്റു.