എന്താണ് ജീവിതത്തിന്റെ അര്‍ത്ഥം? എന്റെ ജീവിതം എനിക്ക് എങ്ങനെ സംതൃപ്തിയും അര്‍ത്ഥസമ്പൂര്‍ണ്ണതയും ഉള്ളതാക്കിത്തീര്‍ക്കാം? എന്തെങ്കിലും നിലനില്‍കുന്ന കാര്യങ്ങൾ ചെയ്തു തിര്‍ക്കുവാൻ എനിക്ക് കഴിയുമോ? ഈ ചോദ്യങ്ങൾ പലരും ജീവിതത്തിൽ പലപ്പോഴും ചോദിക്കും. അവരുടെ ജീവിതം കൊണ്ട് അവർ ചെയ്യുവാനുദ്ദേശിച്ചതൊക്കെ സാധിച്ചിട്ടും ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കി അതിന്റെ അര്‍ത്ഥ ശൂന്യത കണ്ട് പലരും ആശ്ചര്യപ്പെടാറുണ്ട്.
ബേസ്ബോള്‍ കളിയിൽ അഗ്രഗണ്യനായി ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു കളിക്കാരനോട് ഒരിക്കൽ ഒരാൾ ഇങ്ങനെ ചോദിച്ചു: "നിങ്ങള്‍ കളി ആരംഭിക്കുന്ന കാലത്ത് ആരെങ്കിലും നിങ്ങള്‍ക്ക് എന്തുപദേശം തന്നിരിക്കണമെന്നാണ് നിങ്ങൾ ഇന്നാഗ്രഹിക്കുന്നത്?" അതിനു മറുപടിയായി അദ്ദേഹം പറഞ്ഞത് ഇപ്രകാരമായിരുന്നു: "'നിങ്ങള്‍ ജീവിതത്തിന്റെ ഉച്ചകോടിയില്‍ എത്തുമ്പോൾ അവിടെ ഒന്നും ഉണ്ടായിരിക്കയില്ല' എന്ന് ആരെങ്കിലും അന്ന് എന്നോട് പറഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആശിക്കുന്നു". പല ജീവിതലക്ഷ്യങ്ങളും അനേകവര്‍ഷങ്ങൾ പിന്നിട്ട ശേഷം മാത്രമേ അവയുടെ അര്‍ത്ഥ ശൂന്യതവെളിപ്പെടുത്താറുള്ളു.
മനുഷ്യജീവിതത്തിന് പ്രാധാന്യം കല്‍പിക്കുന്ന ഇന്നത്തെ യുഗത്തിൽ ജീവിതത്തിന്റെ അര്‍ത്ഥപ്രാപ്തിക്കായി അനേക പാതകളെ മനുഷ്യൻ പിന്‍പറ്റുന്നു. അവയില്‍ ചിലത് വ്യവസായവല്‍ക്കരണം, സമ്പത്ത്, സുഹൃദ്ബന്ധങ്ങള്‍, കേളിക്കൂത്തുകള്‍, ലൈംഗീകത, മറ്റുള്ളവര്‍ക്കായി നല്ലകാര്യങ്ങൾ ചെയ്യുക എന്നിവയാണ്. അനേകര്‍ തങ്ങളുടെ ജീവിതലക്ഷ്യത്തില്‍ എത്തിയിട്ടുണ്ടെങ്കിലും അവരുടെ ജീവിതങ്ങളില്‍ മനസ്സിലാക്കുവാനാവാത്ത ഒരു അര്‍ത്ഥശൂന്യത അവര്‍ക്ക് അനുഭവപ്പെടുന്നു എന്നുള്ളതാണ് പലരുടേയും സാക്ഷ്യം.
ഒരു കുട്ടിക്കഥയാണ് ; ചെറിയൊരു മകനുണ്ടായിരുന്നു. അവന്റെ ചങ്ങാതിയായി ഒരു മാവും. അവനെപ്പോഴും മാവിനടുത്താണ്. ചുറ്റും ഓടിക്കളിക്കും, തണലിൽ ഉറങ്ങും, ചാരിയിരുന്ന് കിനാക്കൾ കാണും, ഊഞ്ഞാലാടും, ചുറ്റിപ്പിടിച്ച് ഉമ്മവെക്കും. മാവിനും അതൊക്കെ സന്തോഷമാണ്. ഇടക്കിടെ ഇലകളായും മാമ്പഴമായും സമ്മാനങ്ങൾ പൊഴിച്ചുകൊടുക്കും. കാലം കുറേ കഴിഞ്ഞു. അവനിപ്പോൾ കുട്ടിയല്ല. മുതിർന്നു. മാവിനരികിൽ വരാതായി.
ഒരിക്കൽ കണ്ടപ്പോൾ മാവ് വിളിച്ചു: ‘വരൂ മോനേ, എന്റെ കൊമ്പിലിരുന്ന് ഊഞ്ഞാലാടൂ. എനിക്കതു കാണാൻ കൊതിയായി..’
'ഇല്ല. അതൊന്നും എനിക്ക് രസമല്ലാതായി. എനിക്ക് പണം വേണം. അതിന് വല്ല മാർഗവുമുണ്ടെങ്കിൽ പറയൂ’
കായ്ച്ചു നിൽക്കുന്ന മാമ്പഴങ്ങൾ മാവ് കാണിച്ചു കൊടുത്തു. അവനതെല്ലാം പറിച്ചെടുത്ത് വിറ്റു.
പിന്നെയും വർഷങ്ങൾ കഴിഞ്ഞു. ഇടക്കിടെ പഴയ ചങ്ങാതിയെ മാവ് സ്നേഹത്തോടെ ക്ഷണിക്കും. ‘ഒന്നു വരൂ മോനേ, എന്റെ ചില്ലയിൽ പണ്ടത്തേ പോലെ തൂങ്ങിയാടൂ’
'ഇല്ല. എനിക്ക് മക്കളായി. ബാധ്യതകളായി. ഒരു വീടു വെക്കണം. വല്ലതും ചെയ്തു തരാൻ പറ്റുമെങ്കിൽ പറയൂ’
മാവിനെ വെട്ടിയെടുത്ത് വീടുവെക്കാൻ പറഞ്ഞു. ഒറ്റ ദിവസം കൊണ്ട് മരത്തെ കഷ്ണങ്ങളാക്കി. വീടു പണിതു.
വർഷങ്ങൾ പിന്നെയും പൊഴിഞ്ഞു. ഇപ്പോളവൻ വൃദ്ധനായിരിക്കുന്നു. വടി കുത്തിപ്പിടിച്ച് ഒരു ദിവസം മാവിനരികിൽ നിൽപ്പുണ്ട്. ഭാര്യ മരിച്ചു. മക്കളൊക്കെ പല ദിക്കിലായി. പഴയ വീട് പൊളിച്ച് വലിയ വീടാക്കി. ധാരാളം സൗകര്യങ്ങളുണ്ടെങ്കിലും കൂട്ടിനാരുമില്ല. ക്ഷീണിതനായി മുന്നിൽ നിൽക്കുന്ന പഴയ ചങ്ങാതിയോട് മാവ് ചോദിച്ചു: ‘നിനക്ക് ഞാനിനി എന്തുതരും. എന്നിലിപ്പോൾ പഴമില്ല. ചില്ലയില്ല. കഷ്ണങ്ങളാക്കാൻ തടിയുമില്ല.’
കാഴ്ച മങ്ങിയ അയാളുടെ കണ്ണുകൾ നിറഞ്ഞു.‘എനിക്കിനി ഒന്നും വേണ്ട. പണവും സുഖവുമൊക്കെ മനസ്സിലിപ്പോൾ വിലയില്ലാത്ത കാര്യങ്ങളാണ്. അതിനൊക്കെ വേണ്ടിയുള്ള ആർത്തി പിടിച്ച ഓട്ടമോർക്കുമ്പോൾ കുറ്റബോധമേയുള്ളൂ. ചുറ്റുമുള്ളതൊന്നും നോക്കിയില്ല. സുഖത്തിനുവേണ്ടി മാത്രം ജീവിച്ചു. ഇനിയെനിക്ക് സമാധാനത്തോടെ ഇരിക്കാൻ ഒരിടം മാത്രം മതി.’
‘ജീവിതത്തെ അറിയാൻ നീ വല്ലാതെ വൈകിപ്പോയി. സാരല്ല. ഞാനിപ്പോൾ വെറുമൊരു മരക്കുറ്റിയാണ്. എന്നാലും ഇവിടെ സമാധാനായിട്ട് വന്നിരുന്നോളൂ..’ അയാൾ വെട്ടിമുറിച്ച മാവ് അയാളെ തൊട്ടുവിളിച്ചു.
അത്രയുമേ ഉള്ളു... പിറന്നപ്പോൾ നുകർന്ന ഒരു തുള്ളി മുലപ്പാലിനും, പടിയിറങ്ങുമ്പോൾ നുകരാൻ സാധ്യതയുള്ള ഒരു തുള്ളി വെള്ളത്തിനുമിടയിൽ എണ്ണാവുന്നത്ര കുറച്ച് ശ്വാസമാണിത്. വ്യാമോഹങ്ങൾക്കൊന്നും ഒരർത്ഥവുമില്ല. ജീവിക്കുന്തോറും തിരിച്ചറിയുന്ന രഹസ്യമാണത്. ആ രഹസ്യം അറിഞ്ഞു തുടങ്ങിയാൽ ആത്മകഥയിലെ അധ്യായങ്ങളൊക്കെ മാറ്റിയെഴുതും. പുതിയതായി വല്ലതും എഴുതണമെങ്കിൽ സ്ലേറ്റിലെ കുത്തിവരകളൊക്കെ മായ്ച്ചല്ലേ പറ്റൂ.