യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ അജ്മലിനെയും ഡോക്ടർ ശ്രീകുട്ടിയെയും പിൻതുടർന്ന് പിടികൂടിയത് നാട്ടുകാർ
മൈനാഗപ്പള്ളിയില്‍ യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ പ്രതികളായ അജ്‌മലിനെയും ഡോ. ശ്രീക്കുട്ടിയേയും നൂറോളം പ്രദേശവാസികള്‍ പിന്തുടർന്നാണ് പിടികൂടിയത്.
ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബൈക്കില്‍ പിന്തുടർന്നെത്തിയ നാട്ടുകാർ കാർ വട്ടമിട്ട് തടഞ്ഞ് അജ്‌മലിനെയും ശ്രീക്കുട്ടിയേയും പുറത്തേക്ക് വലിച്ചെറക്കുകയായിരുന്നു. മർദ്ദനം ഏറ്റതോടെ അജ്‌മല്‍ അടുത്തുള്ള ഒരു വീട്ടിലേക്ക് ഓടിക്കയറി. പ്രാണരക്ഷാർത്ഥം ശ്രീക്കുട്ടിയും പിന്നാലെ ഓടുകയായിരുന്നു.
കസവ് മുണ്ടും ക്രീം കളർ ഷർട്ടുമായിരുന്നു അജ്‌മലിന്റെ വേഷം. മെറൂണ്‍ സാരിയാണ് ശ്രീക്കുട്ടി ധരിച്ചിരുന്നത്. ഇവർ ഓടിക്കയറിയ വീട്ടിലെ വീട്ടമ്മ പുറത്ത് വിളക്ക് കൊളുത്താനുള്ള ഒരുക്കത്തിലായിരുന്നു. എന്തെങ്കിലും പറയുന്നതിന് മുമ്ബ് ഇവരുടെ കൈ തട്ടി മാറ്റിയാണ് അജ്‌മല്‍ വീടിനുള്ളിലേക്ക് കടന്നത്.
വീട്ടിലെ കമ്ബ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങള്‍ ഇവർ നശിപ്പിച്ചെന്നാണ് വീട്ടുടസ്ഥൻ പറയുന്നത്. നാട്ടുകാർ പിറകെയുണ്ടെന്ന് അറിഞ്ഞതോടെ അജ്‌മല്‍ അടുക്കള വാതില്‍ വഴി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ പുലർച്ചെ ശൂരനാട് പതാരത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്ന് അജ്മലിനെ ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലെടുത്തു.
തിരുവോണനാളിലായിരുന്നു മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം. കാറിടിച്ച് റോഡിലേക്ക് തെറിച്ചുവീണ സ്കൂട്ടർ യാത്രക്കാരിയുടെ ശരീരത്തിലൂടെ മദ്യലഹരിയിലായിരുന്ന അജ്‌മല്‍ നാട്ടുകാരുടെ മുന്നറിയിപ്പും നിലവിളികളും അവഗണിച്ച് വാഹനം കയറ്റിയിറക്കി കൊലപ്പെടുത്തുകയായിരുന്നു. മൈനാഗപ്പള്ളി പഞ്ഞിപ്പുല്ലുംവിള നൗഷാദിന്റെ ഭാര്യ കുഞ്ഞുമോളാണ് (45) ദാരുണമായി മരിച്ചത്.
ഹ്യുണ്ടായ് ഇയോണ്‍ കാർ ഓടിച്ചിരുന്ന, ചന്ദനമരക്കടത്ത് അടക്കം നിരവധി കേസുകളില്‍ പ്രതിയായ കരുനാഗപ്പള്ളി വെളുത്തമണല്‍ പുന്തല തെക്കതില്‍ വീട്ടില്‍ മുഹമ്മദ് അജ്മല്‍ (27), ഒപ്പമുണ്ടായിരുന്ന നെയ്യാറ്റിൻകര വഴുതൂർ അനുപമ ഹൗസില്‍ ഡോ. ശ്രീക്കുട്ടി (27) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു
തിരുവോണ ദിവസം വൈകിട്ട് 5.47ന് മൈനാഗപ്പള്ളി ആനൂർക്കാവ് ജംഗ്ഷനിലായിരുന്നു അപകടം. നബിദിനം പ്രമാണിച്ച് ഭർത്തൃസഹോദരന്റെ ഭാര്യയായ ഫൗസിയയ്ക്കൊപ്പം ആനൂർക്കാവിലെ വസ്ത്രശാലയില്‍ നിന്ന് പുതുവസ്ത്രങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുഞ്ഞുമോള്‍. സ്കൂട്ടറില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ ശാസ്താംകോട്ട ഭാഗത്തുനിന്ന് പാഞ്ഞുവന്ന കാർ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി.
റോഡിലേക്ക് തെറിച്ചുവീണ കുഞ്ഞുമോള്‍ ഇടിച്ചിട്ട കാറിന്റെ മുൻ ചക്രത്തിനു മുന്നില്‍പ്പെട്ടു. സ്ഥലത്തുണ്ടായിരുന്നവർ ഉച്ചത്തില്‍ ബഹളം വച്ചെങ്കിലും അജ്മല്‍ കാർ പിന്നോട്ടെടുത്തശേഷം അമിത വേഗത്തില്‍ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയശേഷം നിറുത്താതെ പോവുകയായിരുന്നു.
കാർ ആദ്യം രണ്ടു തവണ മുന്നോട്ടെടുത്തെങ്കിലും കുഞ്ഞുമോളുടെ ശരീരത്തിലൂടെ കയറിയിറങ്ങിയില്ല. നിമിഷനേരത്തിനുള്ളില്‍ മൂന്നാമത് വീണ്ടും പിന്നോട്ടെടുത്ത് കുഞ്ഞുമോളുടെ ശരീരത്തിലൂടെ കയറ്റിയിറക്കി ചീറിപ്പായുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവർ ഉടൻ കുഞ്ഞുമോളെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. അജ്മലും ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ കണ്ടെത്തി.
മൈനാഗപ്പള്ളിയില്‍ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് കാർ കയറ്റി കൊലപ്പെടുത്തിയ കേസില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്.
കാര്‍ ഓടിച്ച പ്രതിയായ അജ്മലിന്‍റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഇതിനുശേഷം ആവശ്യമായ തുടര്‍ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, അപകടത്തില്‍ നിര്‍ണായകമായ കൂടുതല്‍ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. അപകടമുണ്ടാക്കിയശേഷം പ്രതികളായ അജ്മലും ഡോ. ശ്രീക്കുട്ടിയും കാറില്‍ അമിതവേഗതയില്‍ പോകുന്നതും കാറിനെ നാട്ടുകാര്‍ ബൈക്കില്‍ പിന്തുടര്‍ന്ന് തടയുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പ്രതികള്‍ മദ്യത്തിനൊപ്പം രാസലഹരിയും ഉപയോഗിച്ചിരുന്നോ എന്ന് പൊലീസ് പരിശോധിക്കും. പ്രതികളുടെ രക്ത മൂത്ര സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
നിര്‍ത്താതെ പോയ കാറിനെ നാട്ടുകാര്‍ ബൈക്കില്‍ പിന്തുടരുകയായിരുന്നു. തുടര്‍ന്ന് അമിതവേഗത്തില്‍ പാഞ്ഞ കാര്‍ റോഡ് സൈഡില്‍ നിയന്ത്രണം വിട്ടാണ് നിന്നത്. ഇതിനിടയില്‍ ബൈക്കിലെത്തിയ യുവാക്കള്‍ കാര്‍ തടഞ്ഞു. യുവാക്കള്‍ കാറിന്‍റെ ഡോര്‍ തുറന്ന് പ്രതിയായ അജ്മലിനെ പുറത്തിറക്കി. നാട്ടുകാര്‍ തടഞ്ഞുവെച്ചെങ്കിലും പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. അജ്മലിന് പുറകെ ശ്രീകുട്ടിയും നടന്നുപോകുന്നത് ദൃശ്യത്തിലുണ്ട്.
അടുത്ത ദിവസം പുലര്‍ച്ചെയാണ് അജ്മലിനെ പൊലീസ് പിടികൂടുന്നത്. അജ്മലിനെ നാട്ടുകാര്‍ തടഞ്ഞുവെക്കാൻ ശ്രമിച്ചെങ്കിലും തട്ടിമാറ്റി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും ദൃശ്യത്തില്‍ വ്യക്തമാണ്. അപകടം നടന്ന ദിവസത്തെ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങളാണിപ്പോള്‍ പുറത്തുവന്നത്. അജ്മല്‍ നാട്ടുകാരോട് തട്ടിക്കയറുന്നതും പിന്നീട് കടയുടെ സൈഡിലൂടെ പുറത്തേക്ക് പോകുന്നതും പിന്നാലെ ഡോ. ശ്രീക്കുട്ടി പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. അപകടമുണ്ടാക്കി വന്നതിന്‍റെ രോഷത്തില്‍ നാട്ടുകാര്‍ അജ്മലിനെ ചോദ്യം ചെയ്യുന്നതും ദൃശ്യത്തിലുണ്ട്.
അതേസമയം, കേസിലെ പ്രതികള്‍ക്കായി ശാസ്താംകോട്ട പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നല്‍കും. കസ്റ്റഡിയില്‍ വാങ്ങി അപകട സ്ഥലത്ത് അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. അജ്മലിനെയും ഡോക്ടർ ശ്രീക്കുട്ടിയെയും ശാസ്താംകോട്ട കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. അജ്മലിനും ശ്രീക്കുട്ടിക്കുമെതിരെ മനപൂർവമുള്ള നരഹത്യാ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കാർ ഓടിച്ചത് അജ്മലാണെങ്കിലും പരിക്കേറ്റ് കിടന്ന കുഞ്ഞുമോളുടെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കിയതില്‍ ശ്രീക്കുട്ടിയുടെ പ്രേരണ ഉണ്ടെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു.
അപകടത്തെ തുടര്‍ന്ന് ഒളിവില്‍ പോയ അജ്മലിനെ പതാരത്ത് നിന്നാണ് ശാസ്താംകോട്ട പൊലീസ് ഇന്ന് പിടികൂടിയത്. ഇന്നലെയാണ് അജ്മല്‍ ഓടിച്ച കാറിടിച്ച് മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ മരിച്ചത്. റോഡില്‍ തെറിച്ചു വീണ യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി അജ്മലും ഒപ്പമുണ്ടായിരുന്ന യുവ വനിതാ ഡോക്ടറും രക്ഷപ്പെടുകയായിരുന്നു. കേസില്‍ അകപ്പെട്ടതോടെ പ്രതിയായ ഡോ. ശ്രീക്കുട്ടിയെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. കൊല്ലം കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ താല്‍ക്കാലിക ഡോക്ടറായിരുന്നു ശ്രീക്കുട്ടി.