ആശുപത്രികളില്‍ കറങ്ങിനടന്ന് രോഗികളുടെ പണം മോഷ്ടിക്കുന്ന സ്ത്രീയെ കോന്നി പൊലീസിൻറെ പിടികൂടി. ഇക്കഴിഞ്ഞ 14-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കോന്നിയിലുള്ള ബിലിവേഴ്സ് ഹോസ്പിറ്റലില്‍ നിന്ന് പണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ചികിത്സയ്ക്കെത്തിയ പയ്യനാമണ്‍ സ്വദേശിനി 65 വയസുകാരി ഏലിയാമ്മയുടെ ബാഗിലുണ്ടായിരുന്ന 30,000 രൂപയാണ് പ്രതി മോഷ്ടിച്ച് കടന്നത്.
അന്നേദിവസം ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാണ് ഇവര്‍ ബിലീവേഴ്സ് ഹോസ്പിറ്റലില്‍ എത്തിയത്. ആദ്യം ആശുപത്രിയിലെ വിവിധ നിലകളില്‍ കറങ്ങി നടന്നു. പിന്നെ റൂമുകളില്‍ കയറി പരിശോധന നടത്തുകയും ചെയ്തു. ഉത്രാട ദിനത്തില്‍ ആശുപത്രിയില്‍ ആളുകളും കുറവായിരുന്നതിനാലാകണം, ആര്‍ക്കും സംശയം തോന്നിയില്ല. തുടർന്ന് ഡയാലിസിസ് യൂണിറ്റ് സമീപത്തിരുന്ന പ്രായമായ സ്ത്രീയുടെ ബാഗില്‍ നിന്നും പ്രതി പണം മോഷ്ടിക്കുകയായിരുന്നു.
കോന്നി പൊലീസ് മോഷണ കേസ് രജിസ്റ്റർ ചെയ്യുകയും ആശുപത്രിയിലെ സിസിടിവികളും മറ്റും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തു. സിസിടിവികളില്‍ മുഖം വരാതിരിക്കാനായി മാസ്ക് ധരിച്ചും കൈയുറ ധരിച്ചുമാണ് പ്രതി മോഷണത്തിന് എത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി മോഷണത്തിനായി വന്ന വാഹനം കണ്ടെത്തുവാൻ സാധിച്ചിട്ടുള്ളതും തുടർന്ന് പ്രതിയായ കോഴഞ്ചേരി താലൂക്കില്‍ ആറന്മുളയില്‍ പുതുവേലില്‍ വീട്ടില്‍ 41 വയസുള്ള ബിന്ദു രാജിനെ ഇന്നലെ പത്തനംതിട്ട യുള്ള വാടക വീട്ടില്‍ നിന്നും കോന്നി പൊലീസ് അറസ്റ്റ് ചെയ്തു.
ബിന്ദു രാജിന് ആറന്മുള, തിരുവല്ല, പത്തനംതിട്ട പൊലീസ് സ്റ്റേഷനുകളില്‍ സമാനരീതിയിലുള്ള മോഷണ കേസുകള്‍ നിലവിലുണ്ട്. സ്വകാര്യ ആശുപത്രികളില്‍ കറങ്ങി നടന്ന് രോഗികളുടെയും കൂട്ടിരുപ്പുകാരുടെയും ബാഗുകളില്‍ നിന്നും പണം മോഷ്ടിക്കുക എന്നുള്ളതാണ് പ്രതിയുടെ മോഷണ രീതി. പ്രതിയില്‍ നിന്നും മോഷണ വസ്തുക്കളും മോഷണത്തിന് ഉപയോഗിച്ച വാഹനവും പൊലീസ് കണ്ടെടുത്തു.
അറസ്റ്റ് ചെയ്ത പ്രതിയെ പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി (II) മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. ഡിവൈഎസ്പി രാജപ്പൻ റാവുത്തർ സി ഐ ശ്രീജിത്ത് പി എസ് ഐ വിമല്‍ രംഗനാഥൻ സിപിഒ മാരായ റോയി, പ്രമോദ്, അരുണ്‍, ജോസണ്‍, ഞ്ജിത്ത് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.