ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാവാൻ പലരും ചെയ്ത്കൂട്ടുന്ന കാര്യങ്ങള്‍ പലപ്പോഴും വാർത്തയാകുകയും നിയമനടപടിക്ക് കാരണമാകുകയും ചെയ്യാറുണ്ട്.
പലരുടെയും ജീവൻ തന്നെ അപകടത്തിലായതും നാം കണ്ടിട്ടുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ഉത്തർ പ്രദേശിലെ മുസഫർ നഗറില്‍നിന്നും റിപ്പോർട്ട് ചെയ്യുന്നത്. സമൂഹമാധ്യമങ്ങളില്‍ വൈറലാകാൻ ട്രെയിൻ എൻജിൻ ബൈക്കില്‍ കെട്ടി വലിക്കാൻ ശ്രമിക്കുകയും ഇത് മൊബൈലില്‍ പകർത്തുകയുമായിരുന്നു യുവാവ്.
നിർത്തിയിട്ട ട്രെയിൻ എൻജിനില്‍ വടം കെട്ടി അത് ബൈക്കില്‍ ബന്ധിക്കുകയായിരുന്നു യുവാവ്. തുടർന്ന് ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. ബൈക്കിന് രജിസ്ട്രേഷൻ നമ്ബറും ഇല്ലായിരുന്നു. ദിയോബന്ദ്-റൂർക്കി റെയില്‍വേ ലൈനില്‍ നടന്ന സംഭവത്തില്‍ ദിയോബന്ദിലെ മജോല ഗ്രാമത്തിലെ വിപിൻ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
രജിസ്ട്രേഷൻ നമ്ബറില്ലാത്ത ബൈക്കിലാണ് യുവാവ് സ്റ്റണ്ട് നടത്തിയത്. സ്റ്റണ്ട് നടത്തുന്നതിനിടെ യുവാവിന് പരിക്കേറ്റിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചതടക്കം കുറ്റം ചുമത്തി മുസഫർനഗർ ജി.ആർ.പി പൊലീസ് സ്റ്റേഷനിലാണ് പരാതി രജിസ്റ്റർ ചെയ്തിരിക്കുന്നത്.