ഡിജെക്കിടെ ഹൃദയം തകര്‍ന്ന് 13കാരന് ദാരുണാന്ത്യം; അമ്മ സഹായത്തിനായി കേണപേക്ഷിച്ചിട്ടും ആരും കേട്ടില്ല
ഭോപ്പാല്‍: ഡിജെ പരിപാടിക്കിടെ ഹൃദയം തകർന്ന് പതിമൂന്നുകാരന് ദാരുണാന്ത്യം. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.
കൈലാഷ് ബില്ലോറിന്റെ മകൻ സമാർ ബില്ലോറാണ് മരണപ്പെട്ടത്.
വീടിന് സമീപത്തായി അത്യുച്ചത്തിലെ പാട്ടുകേട്ടാണ് സമാർ പുറത്തിറങ്ങിയത്. പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന നാട്ടുകാരെ കണ്ടപ്പോള്‍ സമാറും അവർക്കൊപ്പം കൂടി. അധികം വൈകാതെ കുഴഞ്ഞുവീണ് മരണപ്പെടുകയായിരുന്നു. സമാറിന് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. അസഹ്യമായ ബഹളത്തിനിടെ ഹൃദയം തകർന്നാണ് കുട്ടി മരിച്ചതെന്ന് ഡോക്‌ടർമാർ സ്ഥിരീകരിക്കുന്നു. ഡിജെയുടെ ശബ്ദം പരിധിക്കപ്പുറമായിരുന്നുവെന്ന് സമാറിന്റെ പിതാവ് പറയുന്നു.
സമാർ കുഴഞ്ഞുവീണിട്ടും ചുറ്റുമുള്ളവർ നൃത്തം തുടർന്നു. സമാറിന്റെ അമ്മ സഹായത്തിനായി കേണപേക്ഷിച്ചിട്ടും ആരും കേട്ടില്ല. പലതവണ ആവശ്യപ്പെട്ടിട്ടും ശബ്ദം കുറയ്ക്കാൻ സംഘാടകർ തയ്യാറായില്ല. മകന്റെ ജീവൻ നഷ്ടപ്പെട്ടിട്ടുപോലും ഡിജെ ഓഫ് ചെയ്തില്ലെന്നും കുടുംബം പരാതിപ്പെടുന്നു.
പകല്‍സമയത്ത്, ലൗഡ് സ്‌പീക്കർ, ഡിജെ പോലുള്ള ശബ്ദങ്ങള്‍ 55 ഡെസിബലിന് മുകളില്‍ പോകാൻ പാടില്ലെന്നാണ് നിയമം. എന്നാല്‍ ഡിജെ നടക്കുന്ന സമയം 90 ഡെസിബലിന് മുകളിലായിരുന്നുവെന്നാണ് റിപ്പോർട്ട്. ഉത്സവവുമായി ബന്ധപ്പെട്ട് സംഘാടകർക്ക് ശബ്ദ ക്രമീകരണത്തില്‍ നിർദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഒന്നും പാലിക്കപ്പെടാറില്ലെന്ന് ഭോപ്പാല്‍ കമ്മിഷണർ പറയുന്നു. ഡിജെയുടെ ഉച്ചത്തിലെ ശബ്ദം പ്രായമായവർക്കും രോഗികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയെന്നും നാട്ടുകാർ പരാതിപ്പെടുന്നു.