ഭൂകമ്പത്തിൽ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ ഗർഭിണി പ്രസവിച്ചതിന് പിന്നാലെ മരണത്തിന് കീഴടങ്ങി; ജനിച്ച ആൺകുഞ്ഞ് സുഖമായിരിക്കുന്നു.
സിറിയയിൽനിന്നും തുർക്കിയിൽനിന്നും ഉയർന്നുകേൾക്കുന്നത് വളരെ അധികം സങ്കടം നിറഞ്ഞ വാർത്തകളാണ്. കഴിഞ്ഞ ദിവസം തുടർച്ചയായുണ്ടായ ഭൂചലനങ്ങളിൽ ഇതിനകം 3600ലധികം ആളുകളാണ് മരിച്ചുവീണത്. അതിനിടയിൽ ചെറുതെങ്കിലും ആശ്വാസം പകരുന്ന വാർത്തകളും ദുരന്തമേഖലയിൽനിന്നും പുറത്തുവരുന്നുണ്ട്.
സിറിയയിലെ അലപ്പോയിൽനിന്നാണ് ഇപ്പോൾ വാർത്ത പുറത്തുവന്നിരിക്കുന്നത്. ഭൂകമ്പത്തിൽ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ ഒരു ഗർഭിണി പ്രസവിച്ചു. പക്ഷേ, അധികം വൈകാതെ അവർ മരണത്തിന് കീഴടങ്ങേണ്ടി വന്നു.അത്ഭുതകരമായി ജനിച്ച ആൺകുഞ്ഞ് രക്ഷപെടുകയും ചെയ്തു. റെസ്ക്യൂ സംഘം തകർന്ന കെട്ടിടങ്ങൾക്കിടയിൽനിന്നും നവജാത ശിശുവിനെ രക്ഷപെടുത്തുന്ന വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്.
തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തിൽ മരണം 3600 കവിഞ്ഞു. മഞ്ഞുവീഴ്ച്ച മൂലം രക്ഷാ പ്രവർത്തനം ദുഷ്കരമായി തുടരുകയാണ്. കനത്ത തണുപ്പിൽ വിറങ്ങലിച്ച് പതിനായിരങ്ങളാണ് തെരുവിൽ കഴിയുന്നത്. തുർക്കിയിൽ 5000ൽ അധികം കെട്ടിടങ്ങളാണ് തകർന്ന് വീണത്. വൻ ദുരന്തം ഉണ്ടായതിനെ തുടർന്ന് 7 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ് തുർക്കി പ്രഡിസന്റ്.
റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് തുർക്കിയിലുണ്ടായത്. ദുരന്ത മുഖത്തേയ്ക്ക് യൂറോപ്യൻ യൂണിയൻ റെസ്ക്യൂ ടീമുകളെ അയച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയന്റെ എമർജൻസി റെസ്‌പോൺസ് കോർഡിനേഷൻ സെന്ററും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.