നിന്നെയെനിക്ക് ഇഷ്ടമാണ്.
പക്ഷേ, അൽഭുതം അതല്ല.
•
നിറയേ ചുവന്ന റോസാപ്പൂക്കൾ തുന്നിച്ചേർത്തൊരു ബൊക്കേ കയ്യിലൊതുക്കിപ്പിടിച്ച് അയാൾ ബസ്സിലേക്ക് കേറിവന്നു. ഒരു പൂവിനുപോലും പോറലേൽക്കാതെ കരുതലോടെ സീറ്റിലൊതുങ്ങിയിരുന്നു. അടുത്ത സ്റ്റോപ്പിൽനിന്നു കേറിയ പെൺകുട്ടി അദ്ദേഹത്തിന്നരികിലാണ് വന്നിരുന്നത്. ചുറ്റുമുള്ളതെല്ലാം മറന്ന് ആ പൂക്കളിൽ മാത്രമായി അവളുടെ ശ്രദ്ധ. ചുവന്ന റോസാപ്പൂക്കൾ അവൾക്കേറ്റവും ഇഷ്ടമുള്ള കാഴ്ചയാണ്. ആ ഇഷ്ടമെത്രയുണ്ടെന്ന് അവളുടെ നോട്ടത്തിൽനിന്ന് അദ്ദേഹമറിഞ്ഞു. ഇറങ്ങാനുള്ള സ്ഥലമെത്താനായി, അദ്ദേഹം എഴുന്നേറ്റു. ആ മോൾടെ മടിയിലേക്ക് ബൊക്കേ വെച്ചുകൊടുത്തുകൊണ്ട് ഇത്രമാത്രം പറഞ്ഞു: ‘ചുവന്ന റോസ് ഇഷ്ടാണല്ലേ. ഇത് മോളെടുത്തോളൂ. എന്റെ ഭാര്യക്കുവേണ്ടി വാങ്ങിയതാണ്. സാരല്ല മോൾക്ക് തന്നാലും അവൾക്ക് സന്തോഷാവും. വിധിയുണ്ടെങ്കിൽ ഇനിയും കാണാം. ഞാനിറങ്ങട്ടെ.’ വാർധക്യമെത്തിയപ്പോൾ കൂടുതൽ തേജസ്സുകിട്ടിയ ആ കണ്ണുകൾ ചെറുതായൊന്നു നനഞ്ഞത് അവൾ ശ്രദ്ധിച്ചു. ബസ്സിൽനിന്ന് ഇറങ്ങിനടക്കുന്ന ആ മുത്തശ്ശനെ അവൾ പിന്നെയും ഏന്തിയേന്തി നോക്കി. അല്ല, അയാൾ നടന്നുപോകുന്നത് വീട്ടിലേക്കല്ല, സെമിത്തേരിയിലേക്കായിരുന്നു!
മിലാൻ കുൻദേരയുടെ ഒരു കഥയുണ്ട്. പട്ടണത്തിലെ കടയിൽനിന്ന് ചെരുപ്പുവാങ്ങി വീട്ടിലെത്തിയപ്പോൾ രണ്ടും രണ്ട് അളവുകൾ! ഒന്നേ പാകമാവുന്നുള്ളു. നേരെ കടയിലേക്കുചെന്ന് പരാതിപറഞ്ഞു. പരിഹാരമില്ല. കാരണം, ഇതേ ചെരുപ്പിന്റെ തുണകൾ വേറൊരാൾ വാങ്ങിപ്പോയിരിക്കുന്നു! ഇനിയെന്തുചെയ്യും. അയാളെ കണ്ടെത്തുംവരെ പ്രതിസന്ധിയായി. ഇതേ പ്രതിസന്ധിയിൽ അയാളും പെട്ടിരിക്കും. അവർ തമ്മിൽക്കാണുന്ന നിമിഷം മാത്രം പൂർണമാകുന്നൊരു ശൂന്യത അതുവരേയും ബാക്കിയാവും.
നമ്മളും, നമ്മളെ പൂർണമാക്കുന്ന ഒരാളെ ഈ ആയുസ്സിൽ കണ്ടുമുട്ടും. അയാളില്ലായിരുന്നൂവെങ്കിൽ എത്രവലിയ ശൂന്യതയാകും അനുഭവിക്കുകായെന്ന് തോന്നിപ്പോകും. പോരായ്മകളുടെ പേരിൽ അയാൾ നമ്മെ തിരസ്കരിക്കില്ല. എല്ലാ കുറവുകളോടെയും ഒപ്പംനിർത്തും. നമ്മളെ അയാൾക്കറിയാം. ആർക്കുമറിയാത്ത നമ്മളേയും അയാൾക്കറിയാം. നമുക്ക് തിരിച്ചുമറിയാം. എം.ടി എഴുതിയതുപോലെ: ‘അറിയാത്ത രഹസ്യങ്ങളുമായ് ഒഴുകുന്ന മഹാസമുദ്രങ്ങളേക്കാൾ എനിക്കിഷ്ടമാണ് എനിക്കു നന്നായറിയുന്ന എന്റെ നിളാനദിയെ!’
ആയുസ്സിനോട് കൊതി തോന്നിപ്പിക്കുന്ന മനുഷ്യരെ വേണം നമുക്ക്. പടച്ചോൻ തരുന്ന സമ്മാനപ്പൊതിയാണത്. പടച്ചോനിലേക്കുള്ള നടത്തവും അവർ പഠിപ്പിച്ചുതരും. അവരെ വിടാൻ കഴിയില്ല. പിരിഞ്ഞുപോയാലും നമ്മളവരെ പറഞ്ഞയക്കില്ല. ചുവന്ന റോസാപ്പുക്കളുമായ് ആ ഓർമകളിലേക്ക് ഓടിക്കേറും. ഓർമകളായ്ത്തീരുംമുമ്പേ പ്രിയപ്പെട്ട ഓരോ ആളുടേയും മൂല്യമറിയാൻ നമുക്ക് മനസ്സുണ്ടാവട്ടെ.
ഡയറിയിൽ എഴുതിയിട്ട ഒരു കവിത കാണിക്കാം;
നിന്നെയെനിക്ക് ഇഷ്ടമാണ്.
ഇഷ്ടമെന്നുവെച്ചാൽ
ഭയങ്കര ഇഷ്ടമാണ്.
പക്ഷേ, അൽഭുതം അതല്ല.
എനിക്ക് വേറെ ഒരാളേയും ഇഷ്ടമാണ്.
ആരാന്നറിയോ,
നീയുള്ളപ്പോൾ മാത്രമുള്ള എന്നെ.
വേറൊരിടത്തും ആ എന്നെ
ഞാൻ കണ്ടിട്ടില്ല.
•
റമദാൻ മഴ | പി എം എ ഗഫൂർ