ഞാൻ അവളുടെ രണ്ടാമത്തെ ഉപ്പയാവുമ്പോൾ..
•
ഭർത്താവിനൊപ്പം മൃഗശാലയിലൂടെ നടക്കുമ്പോളാണ് അവളാ കാഴ്ച ശ്രദ്ധിച്ചത്. സ്നേഹത്തോടെ തൊട്ടുരുമ്മി ഇരിക്കുന്ന കുരങ്ങുകൾ. ആൺകുരങ്ങ് പെൺകുരങ്ങിന്റെ തലനോക്കുന്നു, പേനെടുക്കുന്നു. ‘എന്തൊരു സ്നേഹാണ് അവർ തമ്മിലല്ലേ..’ ആ കാഴ്ചയിലേക്കു ചൂണ്ടി അവൾ ഭർത്താവിനോട് പറഞ്ഞു. അയാൾക്കും അതുതന്നെ തോന്നി. പക്ഷേ, അപ്പോഴാണ് പെൺകുരങ്ങിനുനേരെ ആരോ കല്ലെറിഞ്ഞത്. പൊടുന്നനേ അവ ഓടിപ്പോയി. ഏറ്റവും വേഗത്തിൽ ഓടിമറഞ്ഞത് ആൺകുരങ്ങായിരുന്നു. ‘ഇത്രേയുള്ളോ സ്നേഹം!’ എന്നാശ്ചര്യപ്പെട്ട് മുന്നോട്ടുനടന്ന് രണ്ടാളും സിംഹക്കൂടിന്റെ അരികിലെത്തി. രണ്ടു സിംഹങ്ങളേ അതിനകത്തുള്ളൂ. ഇണകളാണ്. പക്ഷേ, തമ്മിലൊരു സ്നേഹവും കാണുന്നില്ല. രണ്ടാളും കൂടിന്റെ രണ്ടറ്റത്തു കിടക്കുന്നു. ‘ഇവർക്കെന്താ ഒരു സ്നേഹോല്ലാത്തത്!’ എന്നാശ്ചര്യപ്പെട്ട് നോക്കിനിൽക്കുമ്പോളാണ് പെൺസിംഹത്തെ എറിയാൻ ഒരാൾ കല്ലെടുത്തത്. എറിഞ്ഞില്ല, എറിയാൻ ഒരുങ്ങിയിട്ടേയുള്ളു. ഒറ്റനിമിഷം കൊണ്ട് ആൺസിംഹം അത് തിരിച്ചറിഞ്ഞു, ജ്വലിക്കുന്ന ശബ്ദത്തോടെ മുന്നോട്ടോടിവന്ന് പെൺസിംഹത്തിന് കാവലായ് നിന്നു. കല്ലെറിഞ്ഞാലും അവളുടെമേൽ ഇനി തട്ടില്ല. അവനത് സമ്മതിക്കില്ല.
ഓട്ടിസം ബാധിച്ച ഒരു പെൺകുട്ടിയുണ്ട്. ഒരുപാട് വിദ്യാഭ്യാസം നേടി, ജന്തുശാസ്ത്രത്തിൽ വലിയ പേരുകേട്ട ആളായി. ടെംപിൾ ഗാർനിൻ എന്നാണു പേര്. അവർ പറഞ്ഞൊരു വാക്കുണ്ട്; ‘എന്നെ ഒരാളും പ്രണയിച്ചിട്ടില്ല. ആ സംഭവം ഞാനനുഭവിച്ചിട്ടില്ല. പക്ഷേ, പ്രണയമെന്നാൽ എന്താണെന്ന് എനിക്കറിയാം. ഒരാൾ മറ്റൊരാൾക്കു കൊടുക്കുന്ന കെയറിങ്ങല്ലേ അത്. എങ്കിൽ തീർച്ചയായും പ്രണയം മനോഹരമായിരിക്കും.’
അല്ലേ? വെച്ചുകെട്ടലുകളെല്ലാം അഴിച്ചുമാറ്റി സ്നേഹത്തേക്കുറിച്ച് ഓർത്തുനോക്കൂ. അടുപ്പങ്ങളെക്കുറിച്ച് ആലോചിച്ചുനോക്കൂ. ഒരാൾ മറ്റൊരാൾക്കു സമ്മാനിക്കുന്ന കരുണയും കരുതലുമല്ലേ അത്. അങ്ങനെയാവുമ്പോൾ മാത്രം രണ്ടാളുകൾ അനുഭവിക്കുന്ന സുരക്ഷിതത്വമല്ലേ ഏതൊരു ബന്ധത്തിന്റേയും വേര്.
ഏതൊരു മനുഷ്യനും പഴക്കമുള്ള ചില ഭയങ്ങളും പരിക്കുകളുമുണ്ട്. പോയകാലങ്ങളിൽ എപ്പോഴോ പിന്നാലെക്കൂടിയ ആകുലതകളുണ്ട്. ചെറുതോ വലുതോ ആയ അളവിൽ എല്ലാരിലും ഏതൊക്കെയോ പൊള്ളലും പേടിയും പാർക്കുന്നുണ്ട്. സ്ത്രീക്ക് കുടുതലായുണ്ട്. പുരുഷനുമുണ്ട്. ഒരാൾ മറ്റൊരാളെ സ്നേഹിക്കുകയെന്നാൽ പറ്റികിടക്കുന്ന പേടികളിൽനിന്ന് പുറത്തേക്കിറങ്ങാൻ സഹായിക്കലാണ്, ഇനിയുമുണങ്ങാത്ത ഉള്ളിലെ പരിക്കുകളോട് കരുണകാണിക്കലാണ്. മുതിർന്നപ്പോൾ നഷ്ടപ്പെട്ട ഉള്ളിലെ കുഞ്ഞിനെ തൊട്ടുണർത്തലാണ്.
ജീവിതത്തിലാദ്യമായ് സ്നേഹവും കരുതലും തന്നൊരാളില്ലേ. ഉപാധിയില്ലാത്ത കാരുണ്യം തന്നൊരാൾ. മിക്കപ്പോഴും അത് മാതാപിതാക്കളോ, മുത്തച്ഛനോ വല്ല്യുമ്മയോ ഒക്കെയാവും. ആരാണെങ്കിലും അയാൾ നമ്മളെ വിട്ടുപോകില്ല. പിന്നീട് ജീവിതത്തിലേക്കു വരുന്ന ഓരോ ആളിലും നമ്മളാ ആദ്യത്തെയാളെ തിരയുന്നുണ്ട്. എന്റെ ഇണയായ് വന്ന പെൺകുട്ടിക്ക് ഞാൻ രണ്ടാമത്തെ ഉപ്പയാവണം. എങ്കിൽ ഒന്നാമത്തെ ആൺകുഞ്ഞിനെപ്പോലെ അവളെനിക്ക് പ്രാണൻ തരും. അവളെന്റെ രണ്ടാമത്തെ ഉമ്മയാവുമ്പോൾ, ഒന്നാമത്തെ പെൺകുഞ്ഞെന്നപോലെ അവളെന്റെ പ്രാണനാവും.
•
റമാദാൻ മഴ | പി എം എ ഗഫൂർ