വർണ്ണപൊതികളിൽ വിൽക്കുന്നത് മാരക രാസവസ്തുക്കൾ ചേർത്ത മിഠായികൾ; ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം രേഖപ്പെടുത്താൻ ഉത്തരവുമായി ബാലാവകാശ കമീഷൻ
വർണ്ണപൊതികളിൽ വിൽക്കുന്നത് മാരക രാസവസ്തുക്കൾ ചേർത്ത മിഠായികൾ; ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം രേഖപ്പെടുത്താൻ ഉത്തരവുമായി ബാലാവകാശ കമീഷൻ
തിരുവനന്തപുരം: സംസ്ഥാനത്ത് മിഠായി അടക്കം ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നത് വേണ്ടത്ര ഗുണനിലവാരമില്ലാതെ തോന്നിയ പോലെയാണെന്നാണ് ആക്ഷേപം. മധുര പലഹാരങ്ങൾ വിൽക്കുന്ന പല സ്ഥാപനങ്ങളും വേണ്ട മുന്നൊരുക്കങ്ങളോ കരുതലോ ഇല്ലാതെയാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നത്.
ബഹുവർണ കടലാസുകളിലും പ്ലാസ്റ്റിക് പാക്കറ്റുകളിലും പൊതിഞ്ഞ് വിൽക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം, നിർമാണ കമ്പനിയുടെ വിലാസം, കാലാവധി സംബന്ധിച്ച വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താൻ ഉത്തരവുമായി ബാലാവകാശ കമീഷൻ.
മുഴുവൻ സ്ഥാപനങ്ങളിലും കൃത്യമായ ഇടവേളകളിൽ പരിശോധന നടത്താനും ഉത്തരവിട്ടു. ഇത്തരം സ്ഥാപനങ്ങൾ ശുചിത്വം പാലിക്കുകയും ഉൽപന്നങ്ങൾക്ക് ഗുണനിലവാരം ഉറപ്പുവരുത്തുകയും വേണമെന്നാണ് നിർദേശം.അതിന് വിമുഖത കാണിക്കുന്ന കമ്പനികൾക്കെതിരെയും വിതരണവും വിൽപനയും നടത്തുന്നവർക്കെതിരെയും നിയമ നടപടി ഉണ്ടാകും.
അടുത്തിടെ, ഭക്ഷ്യസുരക്ഷ വിഭാഗം സ്പെഷൽ ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മാരകമായ രാസവസ്തു കലർത്തിയ മിഠായികൾ പിടികൂടിയിരുന്നു. ഇത്തരം മിഠായികൾ വിദ്യാലയ പരിസരത്താണ് പ്രധാനമായും വിൽപന നടത്തുന്നതെന്നാണ് പറയുന്നത്. ഇതിനുപുറമെ, ലഹരി മിഠായികളുടെ വിൽപനയും നടക്കുന്നതായി പരാതിയുണ്ട്. ഈ സാഹചര്യത്തിൽ ബാലാവകാശ കമീഷൻ ഇടപെടൽ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.