പ്രകൃതിയാണ് വലിയ പാഠപുസ്തകം. പ്രകൃതിയെ സൂക്ഷ്മമായി നോക്കുകയും വിലയിരുത്തുകയും ചെയ്തുകഴിയുമ്പോൾ നാം പ്രകൃതിയിൽ നിന്ന് വ്യത്യസ്തങ്ങളായ അനേകം പാഠങ്ങൾ പഠിക്കുന്നുണ്ട്. ദൈവം സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഓരോ ജീവജാലങ്ങളും സസ്യലതാദികളും നമുക്ക് ഓരോ പാഠങ്ങൾ സമ്മാനിക്കുന്നുണ്ട്.
നാം ചിലർക്ക് നല്കുന്ന വിശേഷണങ്ങളിലൊന്നാണ് തൊട്ടാവാടി. ആളൊരു തൊട്ടാവാടി എന്ന് പറഞ്ഞാൽ പെട്ടെന്ന് തളർന്നുപോകുന്ന, ദുർബലനായ ഒരു വ്യക്തി എന്നാണ് ഉദ്ദശിക്കുന്നത്. എല്ലായ്പ്പോഴും അത് നെഗറ്റീവായ അർത്ഥത്തിലാണ് പ്രയോഗിക്കുന്നത്. ശരിയാണ് ഒരു വിരൽത്തുമ്പ് കൊണ്ടാൽ പോലും തൊട്ടാവാടി വാടിപോകും. ഇനി അതിന്റെ മറുവശം നോക്കാം. തൊട്ടാവാടി, വാടി പോകുന്നത് ഏതാനും നിമിഷനേരത്തേക്ക് മാത്രമാണ്. ഏതാനും സമയം കഴിയുമ്പോൾ അത് പൂർവ്വസ്ഥിതിയിലെത്തും.
ജീവിതത്തിൽ നാം സ്വീകരിക്കേണ്ട ഒരു മനോഭാവവും ജീവിതവീക്ഷണവും ഇതുതന്നെയായിരിക്കണം എന്നാണ് എന്റെ അഭിപ്രായം. മറ്റുള്ളവർ നമ്മെ പലരീതിയിൽ തളർത്തിയേക്കാം, പരാജിതരാക്കാൻ ശ്രമിച്ചേക്കാം. നാം ചിലപ്പോൾ അതിന് കീഴ്പ്പെട്ടുപോയെന്നും വരാം. എന്നാൽ അത് താല്ക്കാലികമായിരിക്കണം. ആ നേരത്തെ തളർച്ചയിൽ നിന്ന് നാം സടകുടഞ്ഞെണീല്ക്കണം. നാം തളർന്നുപോകരുത്. തളർന്നുപോകാൻ അനേകം കാരണങ്ങളുണ്ട്. പക്ഷേ ഉയിർത്തെണീക്കാൻ നമുക്കൊരൊറ്റ കാരണം മതി. വിജയിക്കണം എന്ന തീരുമാനം.
തൊട്ടാവാടിയുടെ സ്വഭാവം പ്രകടമാക്കുന്ന രണ്ടു ജീവികളാണ് അട്ടയും ഒച്ചും. കറുത്ത നിറത്തിലുള്ള ഈ അട്ടയെ ഞങ്ങളുടെ നാട്ടിൻപ്പുറങ്ങളിൽ ഊച്ചനട്ട എന്നാണ് വിശേഷിപ്പിക്കുന്നത്. ആരെങ്കിലും ഒന്ന് തൊട്ടാലുടനെ അത് ചുരുണ്ടുകൂടും. തൊട്ടാവാടിയെ പോലെ. എന്നാൽ ഏതാനും നിമിഷം കഴിയുമ്പോൾ അത് പൂർവ്വസ്ഥിതി പ്രാപിക്കും.
തളർന്നു പോയാലും വീണ്ടും ഉയിർത്തെഴുന്നേൽക്കുകയും മുന്നോട്ട് കുതിക്കുകയും ചെയ്യുമ്പോഴാണ് ജീവിത വിജയം നമ്മെ തേടിയെത്തുന്നത്. അതിന് നിരന്തര പരിശ്രമം ആവിശ്യമാണ്. എല്ലാവർക്കും നന്മകൾ നേരുന്നു.