തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ സ്ത്രീയെ അണലി കടിച്ചു
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റു. ചെമ്പേരി സ്വദേശി ലത (55) യെയാണ് ആശുപത്രിയിലെ പേ വാർഡിൽ വെച്ച് അണലി കടിച്ചത്. ലതയെ പരിയാരം ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേ വാർഡിൽ നിലത്ത് കിടക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്.
ഗർഭിണിയായ മകൾക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ലത. ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം. വാടക കൊടുത്ത് ഉപയോഗിക്കുന്ന പേ വാർഡിൽ വെച്ചാണ് അണലിയുടെ കടിയേറ്റത്. പാമ്പ് കടിച്ചത് ഉടൻ തന്നെ മനസിലായതിനാൽ വേഗത്തിൽ ചികിത്സ നൽകാനായി.
പാമ്പിനെ ആളുകൾ തല്ലിക്കൊന്നു. ജനൽ വഴിയോ വാതിൽ വഴിയോ റൂമിലേക്ക് കടന്നതാണ് പാമ്പെന്നാണ് നിരീക്ഷണം. ലത അപകട നില തരണം ചെയ്തുവെന്നാണ് ആശുപത്രി അധികൃതർ വിശദമാക്കിയത്.