തട്ടിപ്പുമായി വ്യാജ എസ്.എം.എസ് സംഘങ്ങള്‍
കെ.എസ്.ഇ.ബിയുടെ പേരില്‍ ഷോക്കടിപ്പിക്കുന്ന തട്ടിപ്പുമായി വ്യാജ എസ്.എം.എസ് സംഘങ്ങള്‍. വൈദ്യുതി ബില്ലടക്കാത്തതിനാല്‍ വിഛേദിക്കുമെന്ന് കാണിച്ചെത്തുന്ന എസ്.എം.എസ് വഴിയാണ് തട്ടിപ്പിന് കളമൊരുക്കുന്നത്. പണമടച്ചവരുണ്ടെങ്കില്‍ സന്ദേശത്തില്‍ കാണുന്ന മൊബൈല്‍ നമ്പറില്‍ വിളിക്കുക എന്ന മെസേജിലാണ് തട്ടിപ്പ് തുടങ്ങുന്നത്. വിളിച്ചാല്‍ മൊബൈലിലേക്ക് മറ്റൊരു സന്ദേശം ലഭിക്കും. ഇതിലെ ലിങ്കില്‍ ക്ലിക്ക് ചെയ്ത് നിര്‍ദ്ദേശങ്ങള്‍ പിന്തുടര്‍ന്നാല്‍ അക്കൗണ്ടിലെ പണം പോകും. ചിലപ്പോള്‍ മൊബൈലില്‍ ലഭിച്ച ഒ.ടി.പി ആവശ്യപ്പെടും. അതു നല്‍കിയാലും പണം പോകുമെന്നുറപ്പ്. സന്ദേശം അയക്കുന്നതിന് പുറമേ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ ചമഞ്ഞും ഫോണ്‍ വിളി എത്തുന്നുണ്ട്. അയച്ചു നല്‍കുന്ന ലിങ്കിലൂടെ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷൻ ഫോണില്‍ ഇൻസ്റ്റാള്‍ ചെയ്യാൻ ആവശ്യപ്പെടും. ഇതിലൂടെ ഉപഭോക്താവിന്റെ മൊബൈല്‍ ഫോണ്‍ വിദൂരത്തുനിന്ന് നിയന്ത്രിക്കാൻ തട്ടിപ്പുകാരന് സാധിക്കും. ബാങ്ക് വിവരങ്ങളും ഒ.ടി.പി സന്ദേശം അടക്കം തട്ടിയെടുക്കും.
ജാഗ്രത പാലിക്കണം
ഓണ്‍ലൈൻ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി ഔദ്യോഗികമായി അയക്കുന്ന സന്ദേശങ്ങളില്‍ 13 അക്ക കണ്‍സ്യൂമര്‍ നമ്പര്‍, കുടിശിക തുക, ഇലക്‌ട്രിക്കല്‍ സെക്ഷന്റെ പേരും കാണും. ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത ഉപഭോക്താവിന്റെ മൊബൈല്‍ നമ്പറിലേക്ക് മാത്രമാണ് സന്ദേശം എത്തുകയുള്ളൂ. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട്, ഒ.ടി.പി തുടങ്ങിയ വിവരങ്ങള്‍ കെ.എസ്.ഇ.ബി ആവശ്യപ്പെടില്ല. സംശയം തോന്നിയാല്‍ പണമടക്കുന്നതിന് മുമ്പ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന *1912* എന്ന കോള്‍ സെന്റര്‍ നമ്പറിൽ വിളിക്കണം. *9496001912* എന്ന നമ്പറിലേക്ക് വാട്‌സാപ്പ് സന്ദേശം അയച്ചാലും വിവരം ലഭിക്കും. ബില്‍തുക അടയ്ക്കുന്നതിന് ഔദ്യേഗിക വെബ്‌സൈറ്റോ വിശ്വസനീയമായ ബാങ്ക് അക്കൗണ്ടുകളോ ഗൂഗിൾ-പേ സംവിധാനമോ മാത്രം ഉപയോഗിക്കുക.